കേരളം സ്വർഗ്ഗമാണ് സങ്കൽപ്പത്തിൽ!

DECEMBER 23, 2023, 5:04 PM

കേരളത്തിൽ രാജാവ് നഗ്‌നനാണെന്നു പറയാനും ഒരു കുട്ടിയുണ്ടായി... മറിയക്കുട്ടി..! 78 കാരിയും വിധവയുമാണെങ്കിലും 18കാരിയുടെ ചൊറുചൊറുക്ക്. പക്ഷേ, അതൊന്നും വകവച്ചുകൊടുക്കാൻ ഭരിക്കുന്ന പാർട്ടിയും അവരുടെ അനിയായികളും തയ്യാറല്ല. അഭിമാനമുള്ളവരാരെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞുനടക്കുമോ..? കേവലം 5 മാസത്തെ വിധവാ പെൻഷനുവേണ്ടി കേരളീയരുടെ അഭിമാനം അവർ ഇങ്ങനെ പണയം വയ്ക്കരുതായിരുന്നു. അരവലിച്ചു കെട്ടിയാണെങ്കിലും, പച്ചവെള്ളം കുടിച്ചിട്ടാണെങ്കിലും പുഞ്ചിരിയോടെ നവകേരള സദസിനെ അഭിമുഖീകരിച്ചിരുന്നെങ്കിൽ...!

മന്ത്രിമാരും പ്രമാണിമാരും കഴിക്കുന്ന ഭക്ഷണം കണ്ട് വെള്ളമിറക്കുകയല്ലേ വേണ്ടത്. ആ ത്യാഗമനസ്സാണ് ഓരോ കേരളീയനും ഇന്ന് കൈമോശം വന്നിരിക്കുന്നത്. ഛേ...! തറവാടിത്വം കളഞ്ഞില്ലെ മറിയക്കുട്ടി. എന്ന് സഖാക്കൾ മുട്ടൻ വടിയുമായി യാത്രാവഴിയിൽ മുട്ടിന് മുട്ടിന് നിന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ. അത് കണ്ടപാതി, കേട്ടപാതി സർക്കാരിനെ നാണം കെടുത്താൻ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ പ്രതിപക്ഷം മുന്നോട്ടുവന്നു.  ഇതൊന്നും കേരളമണ്ണിൽ വച്ചു പൊറുപ്പിക്കാൻ കഴിയുന്ന കാര്യമാണോ എന്നാണ് ഡി.വൈ.എഫ്.ഐയുടെ ചോദ്യം..? ഇനി അതിവിടെ നിൽക്കട്ടെ.

വിലക്കയറ്റത്തിൽ നിന്നും രക്ഷനേടാൻ റേഷൻകാർഡുമായി സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിലേക്ക് പോകുന്ന സാധാരണക്കാർ  ഒടുക്കത്തെ പ്രാരക്ക് പ്രാകി വെറും കൈയോടെ വായിൽ തോന്നിയ തെറിവിളിച്ചാണ് മടങ്ങുന്നത്. സർക്കാർ വിതരണക്കാർക്ക് നൽകേണ്ട പണം അനുവദിക്കാത്തതിനാൽ സ്‌റ്റോറുകളിൽ സാധനങ്ങൾ എത്തുന്നില്ല. അരി കൂടാതെ ഒൻപത് ഇനം പലവ്യജ്ഞനമാണ് സപ്ലൈകോയിലൂടെ സബ്‌സിഡി നിരക്കിൽ നൽയിരുന്നത്. ആദ്യമായാണ് സപ്ലൈകോ ഇത്രവലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഇതൊക്കെ ഇങ്ങനെ തെറിപറഞ്ഞുപോകുന്നവർ അറിഞ്ഞിരിക്കണം.

vachakam
vachakam
vachakam

മുൻ ടെൻഡറുകളിലെ കുടിശ്ശികയിനത്തിൽ 400 കോടി രൂപവരെ സഹിക്കാമെങ്കിൽ ഇനിയുമൊരു 400 കോടി കൂടി സഹിച്ചാലെന്താ.! പുണ്യം കിട്ടുന്ന കാര്യമാണ്. ഈ ലോകത്ത് അല്പം നഷ്ടം സഹിച്ചാലും പരലോകത്ത് പുണ്യം കിട്ടും എന്നതെങ്കിലും അവർ കണക്കിലെടുക്കണമായിരുന്നു. സിവിൽ സപ്ലൈസ് കോർപറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറുന്നവെന്നൊക്കെ മന്ത്രിമാർ തട്ടിവീക്കിയപ്പോൾ ഇത്രയ്ക്കു വരുമെന്നാരും കണക്കുകൂട്ടിയില്ല. റേഷൻ കടകളെ കെ-സ്റ്റോർ എന്നാക്കി മാറ്റുന്ന കൂടുതൽ സേവനങ്ങൾ ഇതിന് പിന്നാലെ കൊണ്ടുവരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചപ്പോഴും ഇത്രക്കു കരുതിയില്ല.

ഇ. ചന്ദ്രശേഖരൻ നായർ എന്നൊരു പുണ്യാത്മാവ് പണ്ട് കൊണ്ടുവന്ന ഓണച്ചന്തകളും മാവേലി സ്റ്റോറുകളും ഇങ്ങനെ കൊളം തോണ്ടുമെന്ന് കേരളീയർ സ്വപ്‌നത്തിൽ പോലും കരുതിയില്ല. ആ പാർട്ടിയുടെ പിൻഗാമിയായി വന്ന് അതേ വകുപ്പിൽ അടയിരുന്ന് ഇത്തരം ഹീനവേലകൾ നടത്തി നാണം കെടാനുള്ള യോഗമായിരിക്കും മൂപ്പർക്കുള്ളത്.

1981ൽ ഇ. ചന്ദ്രശേഖരൻ നായർ  ഭക്ഷ്യമന്ത്രിയായിരിക്കുമ്പോൾ വിലക്കയറ്റത്തെ പിടിച്ചു നിർത്താനുള്ള ഒരു പദ്ധതിയായി തുടങ്ങിയതാണ്. അതൊരു വലിയ ഇംപാക്ട് ആണ് ഉണ്ടാക്കിയത്. അന്നു തൃശ്ശൂരിലെ വ്യാപാരിവ്യവസായികൾ മാവേലിക്കു പകരം. വാമനൻ സ്റ്റോറുണ്ടാക്കി.  എന്നാലതൊക്കെ ചീറ്റിപ്പോയി. സർക്കാർ വിപണിയിൽ ഇടപെടുന്നതിന്റെ വലിയ  ഉദാഹരണമായി മാവേലി മാറി. സ്വന്തം ജില്ലയായ കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികളുടെ ഓണമാണു തന്നെ ഓണച്ചന്ത എന്ന ആശയത്തിലെത്തിച്ചതെന്ന് ചന്ദ്രശേഖരൻ നായർ തന്നെ പറയുമായിരുന്നു.

vachakam
vachakam
vachakam

കശുവണ്ടിത്തൊഴിലാളികളുടെ ഓണം ബോണസ് തീരുമാനിക്കുന്നത് ഉത്രാട തലേന്നായിരിക്കും. ഈ പണവുമായി അവർ മാർക്കറ്റിലെത്തുമ്പോൾ കച്ചവടക്കാർ ക്രമാതീതമായി വില കൂട്ടിയിരിക്കും. ഈ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചുവത്രെ. അതോടെ, സർക്കാർ മാവേലിയുമായി രംഗത്തുവരുകയായിരുന്നു. അത് വൻ വിജയമായി. ഇന്നാ വകുപ്പ് കൈയ്യാളുന്ന മന്ത്രിയോട് ആ ചരിത്രമൊക്കെ പഴമക്കാരാരെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കിൽ..! എങ്കിൽ, ഒരുപക്ഷേ അദ്ദേഹം നന്നായിപ്പോയേനെ..!

ജോഷി ജോർജ്‌

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam