മിണ്ടാട്ടം മുട്ടിയ ഗണേശകുമാരൻ

JANUARY 23, 2024, 12:23 AM

വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടുന്ന ചെപ്പടിവിദ്യകൾ വശമാക്കിയവനായിരുന്നു ആർ. ബാലകൃഷ്ണപിള്ള. അങ്ങ് കൊട്ടാരക്കരയിലെ വാളകം കരയിൽ കൊല്ലും കൊലയും നെല്ലും നാളികേരവുമുണ്ടായിരുന്ന കീഴുട്ടുവീട്ടിൽ ഒരു ചിത്തിര നാളിലാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. ചിത്തിര പിറന്നാൽ അത്തറ തോണ്ടുമെന്നാണ് കവടി നിരത്തി ഇഷ്ടന്റെ ജാതകം കുറിച്ച ജോത്സ്യന്റെ  പ്രവചനം..!

 സംഗതി സത്യമായി. പിള്ളയുടെ തല പുറത്തുകണ്ട് നാളുകൾ കഴിയും മുമ്പേ തറവാട് നാനാവിധമായി. കൊല്ലിനും കൊലയ്ക്കും അടിയാരെ കിട്ടാതായി. എന്നുമാത്രമല്ല, അവർ സംഘടിച്ച് സംഘടിച്ച് ശക്തരാകാനും യൂണിയനുണ്ടാക്കാനും തുടങ്ങി. കാലാന്തരത്തിൽ അവർ കമ്മ്യൂണിസ്റ്റുകാരുമായി. അതോടെ ബാലകൃഷ്ണപിള്ള ചുവടുമാറ്റി കേരളാ കോൺഗ്രസിന്റെ ലേബലിൽ തന്നെ കമ്മ്യൂണിസത്തിലും സോഷ്‌ലിസത്തിലും മുങ്ങിക്കുളിക്കാനും തുടങ്ങി.

ശ്രീമാന്റെ മകൻ ഗണേശ്കുമാർ ചിത്തിര നാളിലല്ലാ ജനിച്ചതെങ്കിലും ചിത്തിരയേക്കാൾ ഗതികേടിലാകുമെന്നു വീണ്ടും പ്രവചനമുണ്ടായി.  അത് മറികടക്കാൻ രാഷ്ടീയത്തിലിറങ്ങാതെ സിനിമയിൽ കെ. ജി ജോർജിന്റെ തണലിൽ 'ഇര'പിടിക്കാനിറങ്ങി. എന്നാലതിലൊന്നും ഒതുങ്ങാതെ പുള്ളിക്കാരനും രാഷ്ടീയത്തിലേക്ക് എടുത്തു ചാടി. എം എൽ എ ആയി, മന്ത്രിയായി. ഇപ്പോഴിതാ വീണ്ടും മന്ത്രിയായിരിക്കുന്നു. പക്ഷേ, മന്തിക്കസേരയിലൊന്നമർന്നിരിക്കും മുമ്പേ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന് ഗീർവാണം തട്ടിവിട്ട ഗണേശനിപ്പോൾ മിണ്ടാട്ടം മുട്ടിയ മട്ടിലായി.  

vachakam
vachakam
vachakam

ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ എതിർപ്പുമായി ഭരണപക്ഷത്തുള്ളവരൊക്കെ ഉറഞ്ഞു തുള്ളിത്തിമിർക്കുകയാണ്. സർക്കാർ നയപരമായി നടപ്പാക്കിയ ഇ ബസ് നഗരവാസികൾ സ്വീകരിച്ചെന്നും ഇക്കാര്യത്തിൽ വമ്പൻ ലാഭമാണ് കെ.എസ്.ആർ.ടി.സിക്കെന്നും കണക്കുനിരത്തി പറയുമ്പോൾ ഗണേസനെന്തു ചെയ്യും...?  ഈ കണക്കൊക്കെ താനറിയും മുമ്പ് എങ്ങിനെ പുറത്തായി എന്നാണ് ഇപ്പോൾ മൂപ്പരുടെ സംശയം..!  എന്തുചെയ്യാനാണ് അങ്ങാടിയിൽ തോറ്റാൽ ജീവനക്കാരോട് എന്നാണല്ലോ കെ.എസ്.ആർ.ടി.സി പ്രമാണം. അതുതന്നെ പുള്ളിക്കാരനും തുടർന്നു.

അനന്തപത്മനാഭന്റെ തട്ടകം അപ്പാടെ സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി ഇടതുപക്ഷവും, പ്രത്യേകിച്ച് മുൻ മന്ത്രി ആന്റണി രാജുവും തീരുമാനിച്ചിരുന്നു.  എന്നാൽ സോളാർ എന്നു കേട്ടതോടെ സോളാറിന്റെ നിഴലായ സരിതയെ ഭയന്ന് ഗണേശകുമാരൻ തലവഴി മുണ്ടിട്ട് സ്വന്തം തട്ടകത്തിലൊതുങ്ങി. പിന്നെ ഇലക്ട്രിക് ബസുകളുടെ സ്വിച്ച് ഓഫാക്കാൻ നോക്കി. അപ്പോഴേക്കും നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ സ്വീകരിക്കുകയും അവരതൊരു ഉത്സവമാക്കിമാറ്റുകയും ചെയ്തു.   

ഇനിയിപ്പോ തൽക്കാലം വകുപ്പുമന്ത്രിക്ക് വാലുചുരുട്ടി അളയിലൊതുങ്ങിക്കൊണ്ട് ഡ്രൈവിംഗ് ലൈസൻസിനുള്ള നിബന്ധനകൾ കുറച്ചുകൂടി കർശനമാക്കി കളിക്കാം. അത്രതന്നെ..!

vachakam
vachakam
vachakam

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam