ചരിത്രത്തിന്റെ ചവറ്റുകൂട്ടയിലേക്ക് തള്ളിയെറിയപ്പെട്ടു എന്ന് ചുരുങ്ങിയ പക്ഷം ബി.ജെ.പി എങ്കിലും കരുതിയിരുന്ന സാക്ഷാൽ അരവിന്ദ്കുമാർ കെജ്രിവാൾ ഇന്നിതാ അഗ്‌നിശുദ്ധി വരുത്തി രാഷ്ടീയ തട്ടകത്തിൽ തന്റെ ആയുധമായ ചൂൽ ഉയർത്തി എത്തിയിരിക്കുന്നു. ഒപ്പം തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ഉൾപ്പെടെ മദ്യ അഴിമതികേസിലെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു.
മദ്യ നയക്കേസിൽ കെജ്രിവാൾ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു മുഖ്യമായും ബി.ജെ.പി ആരോപിച്ചിരുന്നത്. എന്നാൽ ഇതെല്ലാം കോടതി തള്ളി താഴെയിട്ടു. ഈ കേസ് അന്വേഷിച്ച ഉഗ്രപ്രതാപികളടങ്ങിയ സി.ബി.ഐയ്‌ക്കെതിരെ കോടതി അതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിനാണ് സി.ബി.ഐയെ കോടതി വിമർശിച്ചത്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറിക്കൊണ്ടിരിക്കുകയാണ് സി.ബി.ഐ എന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശരിവയ്ക്കും മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കുറ്റപത്രത്തിൽ തലങ്ങും വിലങ്ങും അവ്യക്തതയുടെ കൂമ്പാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കിയത്. എന്തിനേറെ പ്രതികൾ എന്നു പറയുന്നവർക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി. അവിടംകൊണ്ടും തീർന്നില്ല, സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടുകളഞ്ഞു.
ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെ (ഇവനെയൊക്കെ ഉദ്യോഗസ്ഥൻ എന്നല്ലാ പറയേണ്ടത് ഭരണകൂടത്തിന്റെ ചെരുപ്പുനക്കി എന്നൊക്കെ വിശേഷിപ്പിച്ചാലും അധികമാകില്ല). എന്തായാലും ആവ മരമാക്രിക്കെതിരെ കോടതി നടപടിക്കൊരുങ്ങുന്നു എന്ന ആശ്വാസവുമുണ്ട്.
കേൾക്കണേ..., 2022ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് പ്രധാന ആരോപണം. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ഗോവ തെരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും കോടതി കണ്ടെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കെതിരെ ബി.ജെ.പി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. ഇലക്ട്രൽ ബോണ്ടിലൂടെ കോടാനുകോടി കൈക്കലാക്കിയ ആനക്കള്ളന്മാരാണ് കെജ്രിവാളിനേയും കൂട്ടരേയും പെരുങ്കള്ളന്മാർ എന്നുവിളിച്ച് കൂകി അധികാരത്തിലേറിയത്.
എന്തായാലും ആദ്യമൊക്കെ പൊതുജനത്തിന്റെ കണ്ണിൽ മണ്ണിടാൻ കഴിഞ്ഞുവെങ്കിലും സ്വയം കണ്ണച്ച് അധികകാലം ഇരുട്ടാക്കാൻ ആകുകയില്ലെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത്. ഇതെല്ലാം കേട്ടിട്ടു കുംഭകർണ്ണനെപ്പോലെ ഉറക്കം നടിച്ചുകിടക്കുന്ന ഒരുവിദ്വാൻ ഉണ്ട്. പണ്ടൊക്കെ അഴിമതി എന്ന വാക്കുകെട്ടാൽ ഗാന്ധിത്തൊപ്പിയും തലയിൽചൂടി രാംലീല മൈതാനത്തുവന്ന് നിരാഹാരം കിടക്കുന്ന വിദ്വാൻ സാക്ഷാൽ അണ്ണാ ഹസാരെ.
പറഞ്ഞിട്ടുകാര്യമില്ല, ആ മരയോന്തിന് കുറേക്കാലം ചൂട്ടുപിടിച്ചു നടന്നവനാണല്ലോ കെജ്രിവാളും. അതിന്റെ ശിക്ഷ ആണ് ഇപ്പോൾ കിട്ടിയെന്നു കരുതിയാൽ മതി. ഇല്ലെങ്കിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനും വിവരാവകാശ നിയമം പ്രാവർത്തികമാക്കുന്നതിനും നൽകിയ നേതൃത്തത്തെ മാനിച്ച് 2006ൽ മാഗ്‌സെസെ അവാർഡ് ലഭിച്ചിച്ച ഈ മനുഷ്യന് ഇങ്ങനെ ഒരു ഗതികേട് വരേണ്ട വല്ല കാര്യവുമുണ്ടോ..?
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
