ഗെയിംസിന്റെ ആദ്യ ദിവസങ്ങളിൽ പട്ടികയിൽ ഏഴാമതും എട്ടാമതുമൊക്കെയായിരുന്ന ഇന്ത്യയെ അവസാന ദിവസത്തിൽ നാലാമതേക്ക് എത്തിച്ചത് ബോക്‌സിംഗിലെ അതിംഗംഭീര പ്രകടനമാണ്. ഏഴ് സ്വർണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകളാണ് ഇന്ത്യ ഇടിക്കൂട്ടിൽ നിന്ന് വാരിക്കൂട്ടിയത്. അത്‌ലറ്റിക്‌സിൽ നിന്ന് മൂന്ന് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലങ്ങളും ഉൾപ്പടെ 16 മെഡലുകൾ ലഭിച്ചപ്പോൾ ജൂഡോയിൽ നിന്ന് രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടാനായി. വെയ്റ്റ്‌ലിഫ്ടിംഗിൽ നിന്ന് ഒരു സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. പാരാ പവർലിഫ്ടർ ചന്തുകുമാറാണ് ഇന്ത്യൻ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്.
ഒളിമ്പിക് മെഡലിസ്റ്റ് ലവ്‌ലീന ബോർഗോഹെയ്ൻ വെള്ളിയിൽ ഒതുങ്ങിയത് ഒഴിച്ചാൽ പ്രതീക്ഷകൾക്ക് അപ്പുറത്തെ പ്രകടനമാണ് ബോക്‌സിംഗിൽ ഇന്ത്യൻ താരങ്ങൾ നടത്തിയത്. സച്ചിൻ സിവാച്ച്, അങ്കുഷ് പംഗൽ, സാക്ഷി ചൗധരി, പ്രീതി പൻവാർ, ജാസ്മിൻ ലംബോറിയ, പ്രിയ ഗൻഗസ്, അരുന്ധതി ചൗധരി എന്നിവരാണ് റിംഗിൽ നിന്ന് പൊന്നണിഞ്ഞത്. ഓപ്പണിംഗ് മാർച്ച് പാസ്റ്റിൽ പതാകയേന്തിയ ലവ്‌ലീനയ്ക്ക് പുറമെ ജഡുമണി സിംഗും നരേന്ദർ ബർവാളും വെള്ളി നേടി.
അത്‌ലറ്റിക്‌സിലെ മൂന്ന് സ്വർണവും നേടിയത് പാരാഅത്‌ലറ്റുകളാണ്. എഫ് 57 വിഭാഗം വനിതാ ഷോട്ട്പുട്ടിൽ ഷർമിള ധൻകർ സ്വർണവും ശിൽപ്പ ഷൈല വെങ്കലവും നേടി. ടി 47 വിഭാഗം പുരുഷ 100 മീറ്ററിൽ ദിലിപ് ഗവിറ്റ് സ്വർണവും മലയാളി താരം മുഹമ്മദ് ബാസിൽ വെള്ളിയും നേടി.
എഫ് 57 വിഭാഗം പുരുഷ ഷോട്ട്പുട്ടിൽ സോമൻ റാണയാണ് സ്വർണം നേടിയ മറ്റൊരു ഇന്ത്യൻ താരം. ജൂഡോയിൽ അഷ്മിത ഡേയും ഹർഷ് സിംഗും സ്വർണം നേടിയപ്പോൾ വെയ്റ്റ് ലിഫ്ടിംഗിൽ തുടർച്ചയായ മൂന്നാം ഗെയിംസിലും സ്വർണം നേടി മീരാഭായ് ചാനു ചരിത്രം കുറിച്ചു. ഈ ഗെയിംസിൽ ഇരട്ട മെഡലുകൾ നേടിയത് ഇന്ത്യൻ താരം ഗുൽവീർ സിംഗാണ്. അത്‌ലറ്റിക്‌സിൽ 10000,5000 മീറ്ററുകളിൽ ഗുൽവീർ വെള്ളിയാണ് നേടിയത്.
ഈ ഗെയിംസിൽ മലയാളികൾക്ക് സ്വർണം നേടാനായില്ല. അത്‌ലറ്റിക്‌സിൽ ശ്രീശങ്കർ കഴിഞ്ഞ ഗെയിംസിലെ വെള്ളി നിലനിർത്തിയപ്പോൾ പാരാ 100 മീറ്ററിൽ ബാസിലിന് വെള്ളി ലഭിച്ചു. ഇരുവരും തിരുവനന്തപുരത്തെ സായ് സെന്ററിലാണ് പരിശീലിക്കുന്നത്.
കായിക പ്രതിഭകളെ നാലുവർഷത്തിന് ശേഷം അഹമ്മദാബാദിലേക്ക് സ്വാഗതം ചെയ്ത് സ്‌കോട്ട്‌ലാൻഡിലെ ഗ്‌ളാസ്‌ഗോയിൽ നടന്ന 23-ാമത് കോമൺവെൽത്ത് ഗെയിംസിന് മനോഹര സമാപനം. ഇന്നലെ നടന്ന വർണാഭമായ സമാപനച്ചടങ്ങിൽ അടുത്ത ഗെയിംസിന്റെ ആതിഥേയരായ ഇന്ത്യ ഔദ്യോഗിക ബാറ്റൺ ഏറ്റുവാങ്ങി.
2030ൽ ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലാണ് 24-ാമത് ഗെയിംസ് നടക്കുക. അഹമ്മദാബാദിന്റെ ആതിഥ്യം വിളംബരം ചെയ്തുകൊണ്ടുള്ള കലാപ്രകടനങ്ങളോടെയാണ് ഗ്‌ളാസ്‌ഗോയിൽ കൊടി താണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
