ഗുവാഹത്തി: 406 റൺസ് എന്ന വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച പടുകൂറ്റൻ വിജയലക്ഷ്യം 39 പന്തുകൾ അവശേഷിക്കെ നേടിയെടുത്ത് ഇന്ത്യ, റെക്കോഡ് വേഗത്തിൽ ഇരട്ട സെഞ്ച്വറി നേടി (133 പന്തിൽ പുറത്താകാതെ 223 റൺസ്) നായകൻ ശുബ്മാൻ ഗില്ലും റിതുരാജ് ഗെയ്ക്‌വാദും (പുറത്താകാതെ 31) ചേർന്ന് 43.3 ഓവറിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
117 പന്തുകളിൽ നിന്ന് 200 റൺസ് നേടിയ ഗിൽ ഇരട്ട സെഞ്ച്വറി അതിവേഗം ഏകദിനത്തിൽ നേടിയ താരമായി. ഒപ്പം രോഹിത്ത് ശർമ്മയ്ക്ക് ശേഷം രണ്ട് ഇരട്ട സെഞ്ച്വറി ഏകദിനത്തിൽ നേടുന്ന താരമായും ഇന്ത്യൻ ക്യാപ്ടൻ മാറി. 24 ഫോറുകളും ഏഴ് സിക്‌സറുകളും പറത്തിയാണ് ഗിൽ ഇരട്ട സെഞ്ച്വറിയിലെത്തിയത്.
ഗില്ലിനൊപ്പം ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ സെഞ്ച്വറിയുമായി തകർത്തടിച്ച് രോഹിത്ത് ശർമ്മയും കൂടി. ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പൂർത്തിയാക്കിയ ശേഷമാണ് രോഹിത്ത് (101) പുറത്തായത്. 255 റൺസിനാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. 10 ബൗണ്ടറികളും ആറ് സിക്‌സറുകളുമാണ് രോഹിത്തും നേടിയത്.
രോഹിത്ത് പുറത്തായതിന് പിന്നാലെയെത്തിയ കോഹ്ലി 19 പന്തിൽ 29 നേടി പുറത്തായി. വിൻഡീസ് ബൗളർമാരിൽ ജെയ്ഡൻ സീൽസിനും ഷമാർ ജോസഫിനും മാത്രമാണ് വിക്കറ്റുകൾ നേടാനായത്.
നേരത്തെ മൂന്ന് വെസ്റ്റ് ഇൻഡീസ് ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറികൾ പിറന്ന ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്കെതിരെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡിസ് അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്.
വെസ്റ്റിൻഡിസിനായി ഓപ്പണർ ജോൺ കാംപ്‌ബെൽ (68 പന്തിൽ 101), ക്യാപ്ടൻ ഷായ് ഹോപ് (94 പന്തിൽ 104), അമീർ ജാങ്കു (77 പന്തിൽ 114) എന്നിവരാണ് സെഞ്ച്വറി നേടിയത്. ഇതു രണ്ടാം തവണയാണ് ഒരു ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഒരു ടീമിന്റെ മൂന്ന് ബാറ്റർമാർ സെഞ്ച്വറി നേടുന്നത്. 2018ൽ ദക്ഷിണാഫ്രിക്കയും ഈ നേട്ടം കൈവരിച്ചിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ബ്രാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, പ്രസീദ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
കുൽദീപ് യാദവ് 2 വിക്കറ്റുകൾ നേടിയതോടെ ഏകദിനത്തിൽ 200 വിക്കറ്റു കരസ്ഥമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
