ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് 200 ഡോളര്‍വരെ റീഫണ്ട്: എഫ്ടിസി ഒത്തുതീര്‍പ്പ് നിബന്ധനകള്‍ വിപുലീകരിച്ചു

OCTOBER 2, 2026, 12:58 PM

അറിയാതെ പ്രൈം സബ്സ്‌ക്രിപ്ഷന്‍ എടുത്തുപോയ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി വന്‍ റീഫണ്ട് പദ്ധതി. യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി ആമസോണ്‍ ധാരണയിലെത്തിയ 2.5 ബില്യണ്‍ ഡോളര്‍ ഒത്തുതീര്‍പ്പ് കരാര്‍ പുതുക്കിയതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കാന്‍ വഴി തെളിഞ്ഞു. മുന്‍പ് നിശ്ചയിച്ചിരുന്ന പരമാവധി റീഫണ്ട് തുകയായ 51 ഡോളര്‍ എന്നത് പുതിയ ഉത്തരവ് പ്രകാരം 200 ഡോളര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഈ പദ്ധതിയിലൂടെ ആകെ 1.5 ബില്യണ്‍ ഡോളറാണ് ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ റീഫണ്ട് നല്‍കുന്നത്. ഇതിന് പുറമേ ഒരു ബില്യണ്‍ ഡോളര്‍ സിവില്‍ പിഴയായും കമ്പനി അടയ്ക്കും. നിലവില്‍ 845 മില്യണിലധികം തുക ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു.

ആരാണ് പുതിയ റീഫണ്ടിന് അര്‍ഹര്‍?

2025 സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ആദ്യ ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തില്‍ 10 ല്‍ താഴെ പ്രൈം ആനുകൂല്യങ്ങള്‍ (സൗജന്യ ഡെലിവറി മുതലായവ) മാത്രം ഉപയോഗിച്ചവര്‍ക്ക് മാത്രമായിരുന്നു റീഫണ്ട് ലഭിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ വ്യവസ്ഥ അനുസരിച്ച് ഒരു വര്‍ഷത്തിനിടെ 20 ആനുകൂല്യങ്ങള്‍ വരെ ഉപയോഗിച്ച ഉപഭോക്താക്കള്‍ക്കും തുക ലഭിക്കും. 2019 ജൂണ്‍ 23 നും 2025 ജൂണ്‍ 23 നും ഇടയില്‍ പ്രൈം അംഗത്വമെടുത്ത വരിക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

പണം എന്ന്, എങ്ങനെ ലഭിക്കും?

അര്‍ഹരായ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ വ്യാഴാഴ്ച മുതല്‍ തുക തഅയച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി ഉപഭോക്താക്കള്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ ഫോമുകള്‍ പൂരിപ്പിക്കുകയോ ചെയ്യേണ്ടതില്ല. PayPal, Venmo അല്ലെങ്കില്‍ ചെക്കുകള്‍ നേരിട്ട് അയച്ചാണ് ആമസോണ്‍ തുക വിതരണം ചെയ്യുന്നത്.

2027 ഫെബ്രുവരിയോടെ നിര്‍ദ്ദിഷ്ട വിതരണ തുക പൂര്‍ത്തിയായിട്ടില്ലെങ്കില്‍, മുന്‍പ് റീഫണ്ട് ലഭിച്ച ഉപഭോക്താക്കള്‍ക്ക് അധികമായി 149 ഡോളര്‍ കൂടി ആമസോണ്‍ നല്‍കും. 2027 ഏപ്രിലോടു കൂടി മുഴുവന്‍ വിതരണ നടപടികളും പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.

തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത

റീഫണ്ട് നടപടികളുടെ മുഴുവന്‍ ചുമതലയും ആമസോണിന് മാത്രമാണെന്നും എഫ്ടിസി നേരിട്ട് ഉപഭോക്താക്കളെ ബന്ധപ്പെടില്ലെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. എഫ്ടിസിയില്‍ നിന്നാണെന്ന് പറഞ്ഞ് റീഫണ്ടിനായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിശദാംശങ്ങളോ ചോദിച്ച് എത്തുന്ന സന്ദേശങ്ങളോ കോളുകളോ തട്ടിപ്പാണെന്ന് ഔദ്യോഗിക മുന്നറിയിപ്പും ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam