തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ പൊളിച്ച് നീക്കിയ സർക്കാരിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമാധാനപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നേരിടുകയാണ് സർക്കാരെന്ന് പിണറായി വിജയൻ വിമർശിച്ചു. പിണറായി വിജയൻ പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ.
എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിൻ്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നത്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതി സർക്കാർ തുടരുകയാണ്.
വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നത്?
സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യം ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന ഭരണസംവിധാനമല്ല, ജനങ്ങളുടെ ശബ്ദം കേൾക്കാൻ തയ്യാറാകുന്ന സർക്കാരാണ് ജനാധിപത്യത്തിന് ആവശ്യം. ഡൽഹിയിൽ നരേന്ദ്രമോഡിയും സംഘപരിവാറും ചെയ്യുന്നത് കേരളത്തിലും ആവർത്തിക്കാമെന്ന വിഡി സതീശൻ്റേയും യുഡിഎഫിൻ്റേയും വ്യാമോഹം ഇവിടെ നടക്കില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഇതിനെതിരെ ഉയർന്നു വരണം.
എൽഡിഎഫ് സർക്കാരിൻറെ കാലത്ത് മാസങ്ങളോളം സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാരുടെ പേരിൽ നടത്തിയ സമരത്തെ തകർക്കുന്നതിന് വേണ്ടി പന്തൽ പൊളിക്കുന്നതിന് ആരും പോയിട്ടില്ല. അന്ന് ആ സമരത്തെ മണിക്കൂർ വച്ച് പോയി അഭിവാദ്യം ചെയ്തു സർക്കാരിനെതിരെ ഘോരഘോരം പ്രസംഗിച്ചവരാണ് ഇപ്പോൾ എൽപിഎസ് ടി സമരം തകർക്കാൻ പന്തൽ പൊളിക്കലും അറസ്റ്റുമായി എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
