ആങ്കറേജ്: പ്രമുഖ ഹോളിവുഡ് താരങ്ങളായ വെര്‍ജീനിയ മാഡ്സന്റെയും ആന്റോണിയോ സബാറ്റോ ജൂനിയറിന്റെയും മകന്‍ ജാക്ക് ആന്റോണിയോ സബാറ്റോ (32) അലാസ്‌കയില്‍ വാഹനാപകടക്കേസില്‍ അറസ്റ്റിലായി. നവംബര്‍ ഒന്‍പതിന് ആങ്കറേജില്‍ വെച്ച് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയതിനാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അപകടദിവസം പുലര്‍ച്ചെ 5:48-ഓടെ ആങ്കറേജിലെ ഒരു വഴിയരികില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ കാള്‍ സിമ്മണ്ട്‌സ് (42) എന്ന വ്യക്തി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇയാളെ അമിതവേഗതയിലെത്തിയ ഒരു വാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് കാരണമായ ചെവര്‍ലെ ടാഹോ എന്ന വാഹനം കണ്ടെത്തുകയും, വാഹനം ഓടിച്ചിരുന്ന ജാക്ക് സബാറ്റോയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അപകടത്തില്‍പ്പെട്ടയാള്‍ക്ക് അടിയന്തര സഹായം നല്‍കാതെ കടന്നുകളഞ്ഞതിന് ഫെലണി കുറ്റവും, ഗുരുതരമായ പരിക്കിനോ മരണത്തിനോ ഇടയാക്കിയ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് മിസ്‌ഡെമീനര്‍ കുറ്റവുമാണ് ജാക്കിനെതിരെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതിയെ അലാസ്‌ക കോടതിയില്‍ ഉടന്‍ ഹാജരാക്കും. എബിസി ന്യൂസ് പ്രതികരണത്തിനായി സമീപിച്ചെങ്കിലും അലാസ്‌ക പബ്ലിക് ഡിഫെന്‍ഡര്‍ ഏജന്‍സി സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
സൈഡ്വേസ് എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം നേടിയ വെര്‍ജീനിയ മാഡ്സന്റെയും, ജനറല്‍ ഹോസ്പിറ്റല്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ സബാറ്റോ ജൂനിയറിന്റെയും ഏക മകനാണ് അറസ്റ്റിലായ ജാക്ക്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സബാറ്റോ ജൂനിയര്‍, തന്റെ കുടുംബം വളരെ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മരിച്ച വ്യക്തിയുടെ കുടുംബത്തിനൊപ്പം പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. എന്നാല്‍ വെര്‍ജീനിയ മാഡ്സന്റെ പ്രതിനിധികള്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
