ഹൂതി വിമതരെ സഹായിക്കാന്‍ ശ്രമം: യുഎസ് ഊര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥന്‍ എഫ്.ബി.ഐ കസ്റ്റഡിയില്‍

OCTOBER 2, 2026, 11:18 AM

വാഷിംഗ്ടണ്‍: യമനിലെ ഹൂതി വിമതര്‍ക്ക് സാങ്കേതികവും ഭൗതികവുമായ സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ യുഎസ് ഊര്‍ജ്ജ വകുപ്പിലെ മുതിര്‍ന്ന ഇലക്ട്രിക്കല്‍ എഞ്ചിനീയറെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു. വാഷിംഗ്ടണിലെ റിച്ച്ലാന്റ് സ്വദേശിയായ ആഷ്ടണ്‍ ഹമീദ് എലാബൗഡി (51) ആണ് പിടിയിലായത്.

ഹൂതികളുടെ വാര്‍ത്താവിനിമയ ശൃംഖലകള്‍ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ എലാബൗഡി കഴിഞ്ഞ സെപ്റ്റംബറില്‍ യമനിലേക്ക് യാത്ര ചെയ്തിരുന്നതായി എഫ്.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തി. യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍ ലഭിച്ച ഔദ്യോഗിക പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്താണ് ഇയാള്‍ യമന്‍ അതിര്‍ത്തി രാജ്യമായ ഒമാനിലെത്തിയത്. അവിടെനിന്ന് രഹസ്യമായി യമനിലേക്ക് കടക്കുകയായിരുന്നു.

യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനുള്ള യുഎസ് സര്‍ക്കാരിന്റെ ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര നടത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത്തരമൊരു യാത്രയെക്കുറിച്ചോ ഊര്‍ജ്ജ വകുപ്പിന് കീഴില്‍ മിസൈല്‍ പരിശോധനാ പദ്ധതിയെക്കുറിച്ചോ അറിവില്ലെന്ന് ഇയാളുടെ മേലധികാരി മൊഴി നല്‍കിയതോടെയാണ് നുണ പുറത്തായത്. യമന്‍ തലസ്ഥാനമായ സനായില്‍ എത്തി ഭരണതലത്തില്‍ സ്വാധീനമുണ്ടാക്കാനായിരുന്നു ഇയാളുടെ ലക്ഷ്യമെങ്കിലും അതിന് സാധിച്ചിരുന്നില്ല.

സ്‌ഫോടകവസ്തുക്കളും ഡ്രോണുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അസെറ്റോണ്‍, സോഡിയം ബിസള്‍ഫേറ്റ് തുടങ്ങിയ രാസവസ്തുക്കളും ഉപകരണങ്ങളും എലാബൗഡി വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് സംശയത്തിന് വഴിവെച്ചത്. തുടര്‍ന്ന് എഫ്.ബി.ഐ സംഘടിപ്പിച്ച രഹസ്യ അന്വേഷണത്തില്‍, ഹൂതി കമാന്‍ഡറെന്ന് വ്യാജേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള വിവരദാതാക്കള്‍ക്ക് ഇയാള്‍ ആശയവിനിമയ ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സഹായങ്ങളും കൈമാറുകയായിരുന്നു.

അമേരിക്ക വിലക്കേര്‍പ്പെടുത്തിയ വിദേശ ഭീകര സംഘടനയ്ക്ക് സഹായം നല്‍കിയെന്ന കുറ്റമാണ് എലാബൗഡിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam