അയല്‍സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷം; കേരളം കടുത്ത അരിക്ഷാമത്തിലേക്ക്, മട്ടയ്ക്കും കൈമയ്ക്കും കടുത്ത ക്ഷാമം

NOVEMBER 16, 2026, 6:37 PM

പാലക്കാട്: തമിഴ്‌നാട്ടിലും കര്‍ണാടകയിലും മഴക്കുറവും വരള്‍ച്ചയും കാരണം നെല്ലുല്‍പാദനം ഗണ്യമായി ഇടിഞ്ഞതോടെ കേരളം കടുത്ത അരിക്ഷാമത്തിന്റെ വക്കില്‍. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലുവരവില്‍ ഇതിനോടകം നാലിലൊന്ന് കുറവുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ വിതരണം ഇനിയും വെട്ടിക്കുറയ്ക്കുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കിയതായി മില്ലുടമകള്‍ വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം 40 ലക്ഷം മെട്രിക് ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ കേവലം 5 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ആഭ്യന്തര ഉല്‍പാദനം. ബാക്കി ആവശ്യങ്ങള്‍ക്കായി അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് നിലവിലെ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിന്റെ പ്രിയപ്പെട്ട മട്ട അരിയുടെ പ്രധാന ഉറവിടമായ തമിഴ്‌നാട്ടില്‍ കൃഷിയിറക്കുന്നതില്‍ 28 ശതമാനത്തോളം കുറവുണ്ടായി. കതിരില്‍ പാലുറയ്ക്കുന്ന ഘട്ടത്തിലുണ്ടായ കടുത്ത ചൂട് വിളവിനെയും സാരമായി ബാധിച്ചു. ഇതിനുപുറമെ, പൊന്നി ഇനം നെല്ലിന് മികച്ച വില ലഭിക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ മട്ട നെല്‍കൃഷിയില്‍നിന്ന് പിന്മാറുന്നതും കേരളത്തിന് ഇരട്ട പ്രഹരമായി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സീസണില്‍ 200 കോടിയിലേറെ രൂപയുടെ നെല്ലാണ് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് എത്താറുള്ളത്. കര്‍ണാടകയിലെ കൃഷ്ണരാജസാഗര്‍, തുംഗഭദ്ര അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നത് അവിടെയുള്ള നെല്‍കൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സാധാരണ അരിക്ക് പുറമെ ബിരിയാണി അരിയുടെ ലഭ്യതയിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന കൈമ അരി പ്രധാനമായും എത്തുന്നത് പശ്ചിമ ബംഗാളില്‍ നിന്നാണ്. ഒന്നോ രണ്ടോ വര്‍ഷം പഴക്കമുള്ള നെല്ല് സംഭരിച്ച് കുത്തിയെടുക്കുമ്പോഴാണ് ബിരിയാണി അരിക്ക് തനതായ ഗുണവും മണവും ലഭിക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ബംഗാളില്‍ ഉല്‍പാദനം കുറഞ്ഞത് പഴയ നെല്ലിന്റെ ലഭ്യത ഇല്ലാതാക്കി. രാജ്യാന്തര വിപണിയില്‍ ബിരിയാണി അരിക്ക് ആവശ്യക്കാരേറിയതോടെ കയറ്റുമതി വര്‍ധിച്ചതും കേരളത്തിലേക്കുള്ള അരിവരവ് കുറയാന്‍ പ്രധാന കാരണമായിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam