ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ പ്രധാന പേരുകളിലൊന്നായി അറിയപ്പെടുന്ന കഥാപാത്രമാണ് ഹംഗേറിയൻ എഴുത്തുകാരനായ ലാസ്ലോ ക്രസ്‌നഹോർക്കൈ. സിനിമാക്കാർക്കും പ്രിയങ്കരനാണ്. കാരണം നല്ലൊന്നാന്തരം തിരക്കഥ മെനയാനും ഇദ്ദേഹത്തിനറിയാം.
മലയാളികൾക്കത്ര സുപരിചിതനല്ല ലാസ്ലോ ക്രസ്‌നഹോർക്കൈ. എന്നാൽ അദ്ദേഹം രചിച്ച അതിമനോഹരങ്ങളായ പല നോവലുകളും അത്യുഗ്രൻ ഹംഗേറിയൻ സിനിമകളായിട്ടുണ്ട്. ഇപ്പോഴിതാ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം അടിച്ചെടുക്കുക കൂടി ചെയ്തിരിക്കുന്നു.
തെക്കുകിഴക്കൻ ഹംഗറിയിലെ റൊമാനിയൻ അതിർത്തിക്കടുത്തുള്ള ഗ്യുല എന്ന ചെറിയ പട്ടണത്തിൽ 1954ലാണ് കസ്‌നഹോർക്കൈ ജനിച്ചത്. തികച്ചും നാണംകുണുങ്ങിയായൊരു പയ്യൻ.
ക്രാസ്‌നഹോർക്കൈയുടെ പിതാവ് അഭിഭാഷകനും അമ്മ അധ്യാപികയുമായിരുന്നു.
കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപ്പര്യമുണ്ടായിരുന്നു. സെഗെഡ് സർവകവലാശാലയിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം ബുഡാപെസ്റ്റിലെ ഒറ്‌വോഷ് ലൊറാൻഡ് സർവകലാശാലയിൽനിന്നു ഹംഗേറിയൻ ഭാഷയും സാഹിത്യവും പഠിച്ചു. കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളും അക്കാലത്ത് സോവിയറ്റ് മേൽക്കോയ്മയിലായിരുന്നു. അവിടത്തെ ചെമ്പടസോഷ്യലിസത്തെ സമഗ്രാധിപത്യത്തിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ കഥാനായകന് ഇതെല്ലാം കണ്ടതോടെ എഴുത്തിന്റെ അസ്‌ക്യത ഏറിയേറി വന്നു. കുത്തും കതോമയുമൊന്നുമില്ലാതെ നെടുനെടുങ്കൻ വാചകങ്ങളോടെ എഴുത്തോടെഴുത്തുതന്നെ.
സർവവിനാശത്തെ ദീർഘദർശനം ചെയ്യുന്ന രചനകളെന്നാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്.
ആദ്യനോവൽ 1985ൽ പ്രസിദ്ധീകരിച്ച 'സറ്റാൻടാങ്കോ' ശ്രദ്ധ നേടിയിരുന്നു. രാജ്യത്തിന്റെ സാമൂഹിക അസ്വസ്ഥതകൾ പറയുന്ന അദ്ദേഹത്തിന്റെ 'ഹെർഷ്റ്റ് 07769' ഒരു മികച്ച സമകാലിക ജർമൻ നോവലായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. 2018ലെ ബുക്കർ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയിൽ ഇതിയാന്റെ പേരും ഉണ്ടായിരുന്നെങ്കിലും ഒടുവിൽ അതു തെന്നിപ്പോയി. എങ്കിലെന്താ ഇന്നിപ്പോൾ പരമോന്നത പുരസ്‌ക്കാരമല്ലേ കിട്ടിയിരിക്കുന്നത്.
പ്രത്യാശയുടെയോ, പ്രതീക്ഷയുടേയൊ ഒരു ലാഞ്ചനപോലുമില്ലാത്ത എഴുത്താണ് എന്നും ഇദ്ദേഹത്തിന്റെ പതിവ് രീതി. കുഴഞ്ഞുമറിഞ്ഞ ലോകത്ത് എന്നും വള്ളിക്കെട്ടായി കിടക്കുന്ന മനുഷ്യരുടെ നെടുവീർപ്പുകളുടേയും കണ്ണീരിന്റേയും കഥകളാണേറെയും. അങ്ങിനെയുള്ള ഈ എഴുത്തുകാരന് എന്തിനാണ് ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം വെള്ളിത്താലത്തിൽ വച്ചുകൊടുക്കുന്നതെന്ന് ചില ദോഷം മാത്രം കണികണ്ടുണരുന്ന കുലംകുത്തികൾ സംശയിക്കുന്നുണ്ടാകാം. അതിനുള്ള ഉത്തരം ഇത്രമാത്രം.
ലോകം കൊടിയ പ്രതിസന്ധികളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോകുന്ന കാലഘട്ടത്തിൽ, ക്രാസ്‌നഹോർക്കൈയുടെ സൃഷ്ടികൾ തീക്കനലാണ്, താക്കീതാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ രാഷ്ട്രീയ ധ്രുവീകരണം വരെ, നാം അഭിമുഖീകരിക്കുന്ന തകർച്ചയുടെ സൂചനകളെല്ലാം അദ്ദേഹത്തിന്റെ നോവലുകളിലുണ്ട്. അദ്ദേഹത്തിന്റെ ലോകം ഇരുണ്ടതായിരിക്കാം, പക്ഷേ അത് അസത്യമല്ല.
ഈ നൊബേൽ സമ്മാനം ക്രാസ്‌നഹോർകൈയ്ക്കുള്ളതു മാത്രമല്ല, ആശ്വാസവാക്കുകൾക്ക് അപ്പുറം കയ്‌പേറിയ സത്യങ്ങളെ തിരയുന്ന, വെല്ലുവിളികൾ ഉയർത്തുന്ന ധീരമായ സാഹിത്യത്തിനും കൂടിയുള്ളതാണ്.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്