'കേട്ടിലെയോ കിഞ്ചന വർത്തമാനം
നാട്ടിൽ പൊറുപ്പാൻ എളുതല്ല മേൽ...'
സത്യം..!, ഇന്ന് മൊത്തം കിഞ്ചന വർത്തമാനമല്ലേ കേൾക്കുന്നത്.
പണ്ട് ആ പാട്ടെഴുതിയ വൺ മിസറ്റ കുഞ്ചൻ നന്യാർ ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ കാണാമായിരുന്നു പൂരം..!
കേരളത്തിലെ ക്ഷേത്ര കലയോട് ബന്ധപെട്ടു കിടക്കുന്ന ഒരു ഭക്തി ഗാന രൂപം ആയാണ് വിവരമില്ലാത്തവർ കുഞ്ചൻ നമ്പ്യാരുടെ തുള്ളലിനെയും തള്ളലിനേയും വിശേഷിപ്പിച്ചത്. അതും പവിത്രമായ ക്ഷേത്രാങ്കണത്തിൽ ഇത്തരം പേക്കുത്തുകൾ നടത്താൻ അവസരം കൊടുത്തവരെ മുക്കാലിയിൽ കെട്ടിയിട്ട് മുപ്പതിനായിരും അടി കൊടുത്താലും ഇന്നുള്ള ഭക്തസംരക്ഷണ സമതികൾക്കൊന്നും തൃപ്തിയാകില്ല. ഇപ്പോഴിതൊക്കെപ്പറയാൻ കാരണമെന്തെന്നല്ലേ..? പറയാം..!
ശബരിമലയിലെ സ്വർണക്കൊള്ള പശ്ചാത്തലമാക്കിയുള്ള 'പോറ്റിയേ കേറ്റിയേ എന്ന ഭക്തിഗാനം, അല്ല ഭക്തിഗാനത്തിന്റെ പാരഡി എന്തു ധൈര്യത്തിലാണ് മലപ്പുറത്തെ മേത്തൻ എഴുതിയത്. അതിനും ന്യാം കണ്ടെത്തിയിരിക്കുന്നു എന്നതാണ് തമാശ. നാഗൂർ ദർഗ്ഗയിൽ മുസ്ലീം സൂഫി ഗായകൻ പരമ്പരാഗതമായി പാടിവരുന്ന 'ഏകനേ യാ അല്ലാഹ്' എന്ന പാട്ടിന്റെ ഈണത്തിലും താളത്തിലും 'പള്ളിക്കെട്ട് ശബരിമലയ്ക്ക് ' എന്നെഴുതിയത്രെ..! എന്താ കഥ.
ഇത് പോറ്റിമാരെ അവഹേളിക്കലല്ലേ..? പണ്ട് ശ്രീനിവാസൻ എന്നൊരു പഹയൻ ഒരു സിനിമയ്ക്ക് പൊൻമുട്ടയിടുന്ന തട്ടാൻ എന്നൊരു പേരിട്ട് കേമനാകാൻ നോക്കിയില്ലേ..? പ്രബൂദ്ധ തട്ടാൻ സമൂഹം കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞപോലല്ലേ പാഞ്ഞടുത്തത്. (വെറുതെയല്ലാ കനകം മൂലം കാമിനിമൂലം കലഹം...എന്നു പറയുന്നത്.) അതുപോലെ എന്തേ പോറ്റിക്കൂട്ടം ഇളകിയിറങ്ങാത്തത് എന്നാണ് ചില കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന കുഴിക്കാലക്കൂട്ടം തട്ടിവിടുന്നത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് അവരുടെ നേതാവ്. ആ നേതൃശിരോമണി നീണാൾ വാഴട്ടെ..!
മൂപ്പരേപ്പോലുള്ള അഭിനവ ഭക്തശിരോമണികൾ നാട്ടിൽ പെരുക്കുന്നതു കൊണ്ടു മാത്രമാണ് നാട്ടിലെ ദൈവങ്ങൾ അഭിമാനത്തോടെ ഇവിടെ കഴിഞ്ഞു കൂടുന്നത് എന്നോർമ്മ വേണം! എന്നാൽ പാരഡിപ്പാട്ടിനെതിരായ നിയമനടപടിക്കിറങ്ങിത്തിരിച്ച മാന്യ ഭക്തശിരോമണികളെ അപമാനിക്കാൻ എൽ.ഡി.എഫിലെ സി.പി.ഐ സാംസ്‌കാരിക സംഘടയ്‌ക്കെങ്ങനെ ധൈര്യം വന്നു..?
അവരൊക്കെ ധീര സഖാവ് രാജു എബ്രാഹാമിനെ കണ്ടു പഠിക്കട്ടെ. എന്തുവീറോടെയാണദ്ദേഹം ശബരിമലയിലെ പോറ്റിക്കും കൂട്ടർക്കുമായി നിലകൊള്ളുന്നത്. ഇദ്ദേഹത്തെപോലുള്ളവരെയാണ് ശബരിമലയിൽ മേൽശാന്തിയോ, അതുക്കുമേൽ വരുന്ന മറ്റു വല്ല ശാന്തിഭൂഷണനോ, വിഭൂഷണനോ ഒക്ക ആക്കിയിരുത്തേണ്ടത്.
യുവകലാസാഹിതി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ജാതിയോ, മതമോ, കക്ഷിരാഷ്ട്രീയ ഭേദമോ ഇല്ലെന്നും തിരഞ്ഞെടുപ്പ് പാട്ടിന്റെ പേരിൽ രചയിതാക്കൾക്കെതിരെ കേസെടുക്കാനൊരുങ്ങുമ്പോൾ, അത് ജനാധിപത്യപരമല്ലെന്ന് യുവകലാസാഹിതി അഭിപ്രായപ്പെട്ടപ്പോൾ കരണം അടിച്ചുപൊട്ടിക്കാൻ ക്യാപ്ടൻ പിണറായ്ക്കറിയാത്തതുകൊണ്ടല്ല.
പഴയ പിണറായി ആണെങ്കിൽ അതല്ല, അതിലപ്പുറവും ചെയ്‌തേനെ. പക്ഷേ, ഇന്നദ്ദേഹത്തിന്റെ നിലയും വിലയും തൂക്കവും നോക്കെണ്ടെ. ഇനിയും ഇവിടെ സൽഭരണം നടത്തണമല്ലോ എന്നോർത്തുമാത്രം അദ്ദേഹം ഒതുങ്ങുന്നതാണ്. അല്ലെങ്കിൽ ഗോവാക്കാരൻ ഗവർണറുടെ പൊറോട്ടു നാടകത്തിനൊപ്പം ക്യാപ്ടൻ തുള്ളുമെന്നു തോന്നുന്നുണ്ടോ..? സിസാ തോമസിന്റെ ശുക്രദശ എന്നല്ലാതെ എന്തു പറയാൻ..!
ശുദ്ധ മലയാളത്തിൽ ഉള്ള, കണക്കിന് കൊള്ളുന്ന കളിയാക്കൽ വീരൻ എന്നു ഒരു വിഭാഗം പോക്കിരികൾ പറയുന്ന ആ കുഞ്ചൻ നമ്പ്യാരേയും തുള്ളൽ എന്ന കൊല്ലാക്കൊലാപരിപാടികളേയും കാണുമ്പോഴും ഓർക്കുമ്പോഴും കലി തുള്ളാൻ തോന്നുന്ന കുഴിക്കാലമാരും കാട്ടാക്കട കവികളും ഇവിടെണ്ടെന്നോർത്താൽ കൊള്ളാം. ഇവരുള്ളതുകൊണ്ടു മാത്രമാണ് ഈ ഭക്ത കേരളം ഇതുപോലെ നിലകൊള്ളുന്നതെന്നോർക്കണം.
കുഞ്ചൻ നമ്പ്യാരെ മുൻകാല പ്രാബല്യത്തോടെ ശിക്ഷിക്കാൻ വല്ല പഴുതുമുണ്ടോ എന്ന അന്വേഷണത്തിലാണ് കാട്ടാക്കട കവികളും കുഴിക്കാലമാരും ഇപ്പോൾ..! ഒരുപക്ഷേ, ഇവരില്ലായിരുന്നുവെങ്കിൽ കേരളത്തിന്റ ദേശീയഗാനമായി ഈ ഗാനം മാറിപ്പോകുമായിരുന്നില്ലെ എന്ന സംശയത്തിലാണ് ശ്രീകുമാരൻ തമ്പി പോലും..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
