പ്രശ്‌നപരിഹാരത്തിന് സണ്ണിക്കുട്ടൻ..!

MAY 9, 2025, 4:21 AM

  അതേ, ചങ്ങാതിമാരെ, ശത്രുക്കളുടെ കൊലവിളിയും വിദ്വേഷവും അനുഭവിക്കാത്തവർ എങ്ങിനെ സുഹൃത്തുക്കളുടെ അഭിനന്ദനത്തിന്റേയും ആത്മാർപ്പണത്തിന്റെയും മാധുര്യം അറിയും.? ഇരുട്ട് കണ്ടിട്ടില്ലാത്തവന് വെളിച്ചത്തിന്റെ മേന്മ പറഞ്ഞാൽ മനസിലാകുമോ..? ഇതൊക്കെ വേണ്ടതിലേറെ അനുഭവിച്ചിട്ടുള്ളവനാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. അതുകൊണ്ടാണ് ആജന്മ ശത്രുവായ പിണറായി വിജയനെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും ഇറക്കിയിട്ടേ സുധാകരൻ പോകു എന്നൊക്കെ പ്രഖ്യാപിച്ചത്. അതിന്റെ ഗുണം കോൺഗ്രസിനാണ്.
എന്നാൽ പിന്നാലെ വരുന്നവൻ തന്റെ എക്കാലത്തേയും പിൻഗാമിയായ സണ്ണിക്കുട്ടനാകുമെന്നു കണ്ടപ്പോൾ, മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം തന്നോടൊപ്പം നിന്നു കണ്ടനുഭവിച്ചവനാണല്ലോ..! അതറിഞ്ഞതോടെ സുധാകരൻ ആനന്ദത്താലാറാടിപ്പോയെന്നാണ് അനുയായികൾ ആരാധനയോടെ പറയുന്നത്.

പണ്ട് കണ്ണൂരിൽ ഡി.സി.സി പ്രസിഡന്റായിരുന്ന സുധാകരനു പിൻഗാമിയായി 2001ൽ അതേ കസേരയിൽ സണ്ണി ഇരുപ്പുറപ്പിച്ചവനാണ്. ഇപ്പോഴിതാ തനിയാവർത്തനം പോലെ ഇതും സംഭവിച്ചു.
ഇതെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് ഒരു പഴുതും അവശേഷിപ്പിക്കാതെ, കൃത്യമായ ലക്ഷ്യത്തോടെ എ.ഐ.സി.സി തയ്യാറാക്കിയ ആക്ഷൻ പ്ലാൻ ഗംഭീരം എന്നല്ലാതെന്തുപറയാൻ..!

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് സണ്ണി ജോസഫും യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് അടൂർ പ്രകാശിനേയും പരിഗണിച്ചതിന് കാരണങ്ങൾ മൂന്നാണെന്നാണിപ്പോൾ വിവരമുള്ളവർ പറയുന്നത്. പുന:സംഘടനയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രാഷ്ട്രീയ കണിയാന്മാരും അച്ചടി ദൃശ്യമാധ്യമങ്ങളും അലമുറയിട്ടു പറഞ്ഞും പാടിയും പകർത്തിയും നടന്നിരുന്നു. അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് എ.ഐ.സി.സി നേതൃതത്വം കരുക്കൾ നീക്കി. ഈ ചടുലത ഇനിയങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടായാൽ..! ഉണ്ടായാൽ എന്തും സംഭവിച്ചേക്കാം.

vachakam
vachakam
vachakam

ഹൈക്കമാന്റിനെയും അതിലുപരി കെ.സി. വേണുഗോപാലിനേയും വെട്ടിലാക്കിയ കെ.സുധാകരനെ തണുപ്പിക്കുക എന്ന ലക്ഷ്യമാണ് അധ്യക്ഷസ്ഥാനത്തേക്ക് സണ്ണിക്കുട്ടനെ പരിഗണിക്കാനുള്ള ഒരു കാരണം. കെ. സുധാകരന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ സണ്ണിക്കുട്ടന് 10 തലയാണ്, രാവണനാണ് എന്നൊക്കെ സുധാകരൻ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. കൂട്ടത്തിൽ ക്രിസ്ത്യൻ സഭാനേതൃത്വത്തെ സുഖിപ്പിക്കുകയും ചെയ്യാമെന്ന കണ്ടെത്തലാണ് വിജയകരമായി നടപ്പാക്കിയത്.

സുധാകരനെ എ.ഐ.സി.സി പ്രത്യേകം ക്ഷണിതാവാക്കി നിമിഷനേരം കൊണ്ട് തളച്ചിടാനും കഴിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാണ് കെ.സുധാകരനെ മാറ്റാനുള്ള കാരണമായി പറയുന്നതെങ്കിലും  സതീശനുമായുള്ള മൂപ്പിളക്കത്തർക്കമാണ് പ്രശ്‌നം..! സാത്വികനായ സണ്ണി ജോസഫ്  ഒരുകാരണവശാലും സതീശനുമായി ഉടക്കാൻ വഴിയില്ല.  

കഴിഞ്ഞ ആറുമാസത്തിലേറെയായി സുധാകരനെ വെട്ടാൻ പറ്റിയ ഉറുമിക്ക് മൂർച്ചകൂട്ടൂകയായിരുന്നു ചില അരിങ്ങോടന്മാർ. എ.ഐ.സി.സി ജന.സെക്രട്ടറി ദീപാദാസ് മുൻഷിയെ ഉണ്ണിയാർച്ചയാക്കി മുന്നിൽ നിറുത്തി. അതിലൊന്നും  സുധാകരച്ചേകവർ കുലുങ്ങിയില്ല. 

vachakam
vachakam
vachakam

സുധാകരനെ അനുനയിപ്പിക്കാതെയുള്ളൊരു നേതൃമാറ്റം കനത്ത തിരിച്ചടിക്ക് കാരണമായേക്കാം എന്നു ചില കാരണവന്മാർ ഭയന്നു. അതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ വഴി അവർ കണ്ടെത്തിയത് സണ്ണിക്കുട്ടനിലൂടെയായിരുന്നു. 

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ക്രിസ്ത്യൻ പ്രാധിനിത്യം ഇല്ലെന്ന കുറവും പരിഹരിക്കാൻ കഴിഞ്ഞു. ഒപ്പം യു.ഡി.എഫ് ചെയർമാനാക്കിയതുവഴി വെള്ളാപ്പള്ളിയുടെ വായടപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. എല്ലാം ശുഭമയമായെന്നു ചുരുക്കം..!

ജോഷി ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam