പുനെ: കടബാധ്യതയെത്തുടര്‍ന്ന് മലയാളി കുടുംബം ജീവനൊടുക്കി. പുനെ പിംപ്രി മോര്‍വാഡിയിലെ കരിഷ്മ ഗ്ലോറി ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി പി.എസ് വിനോദ് (47), ഭാര്യ വട്ടിയൂര്‍കാവ് സ്വദേശി സില്‍ജ പിള്ള (44), മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. ഓണ്‍ലൈനിലൂടെ വരുത്തിയ വിഷരാസവസ്തു കത്തിച്ച് പുക ശ്വസിച്ചാണ് മൂവരും ജീവനൊടുക്കിയത്.
പുനെയിലെ പ്രമുഖ സ്കൂളില്‍ അധ്യാപികയായ സില്‍ജ തുടര്‍ച്ചയായി ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഫോണ്‍ കോളുകള്‍ക്ക് മറുപടി ലഭിക്കാതായതോടെ സുഹൃത്തുക്കള്‍ നേരിട്ട് ഫ്ളാറ്റിലെത്തുകയായിരുന്നു. വാതില്‍ തുറന്ന് അകത്തുകയറിയ സംഘം മൂവരെയും അവശ നിലയില്‍ കണ്ടെത്തുകയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ വിനോദ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സില്‍ജയും ബിരുദ വിദ്യാര്‍ഥിനിയായ പൂര്‍ണിമയും കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവസ്ഥലത്തുനിന്ന് സോഡിയം നൈട്രേറ്റ് അടങ്ങിയ കുപ്പിയും ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വരുത്തിയ ഈ രാസവസ്തു അടച്ചിട്ട മുറിയില്‍വെച്ച് കത്തിച്ച് പുക ശ്വസിച്ചാണ് കുടുംബം ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വലിയ രീതിയിലുള്ള കടബാധ്യതകളെ തുടര്‍ന്ന് സ്വന്തം വീട് വിറ്റ ശേഷമാണ് കുടുംബം വാടകവീട്ടിലേക്ക് മാറിയതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പിംപ്രി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
