മിന്നല്‍ പ്രളയ ഭീതി: പത്തനംതിട്ടയില്‍ വീണ്ടും രാത്രികാല ജാഗ്രതാ മുന്നറിയിപ്പ്; പമ്പയുടെ തീരത്ത് വന്‍ ജാഗ്രത

AUGUST 2, 2026, 1:04 PM

പത്തനംതിട്ട: ജില്ലയില്‍ മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലും നദീതീരങ്ങളിലും ജാഗ്രതാ നിര്‍ദേശം ശക്തമാക്കി. പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാല അനൗണ്‍സ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു.

പെരുനാട് ഗ്രാമപഞ്ചായത്തില്‍ അടക്കം വാഹനങ്ങളിലെത്തിയാണ് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നത്. വനമേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ കക്കാട്ടാര്‍, പമ്പയാര്‍ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. അപകട സാധ്യത മുന്നില്‍കണ്ട് അധികൃതര്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ പൂര്‍ണമായി സഹകരിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ വൈമുഖ്യം കാണിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്തി രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള മന്ത്രി പി.സി വിഷ്ണുനാഥും കനത്ത ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്തു. പമ്പയാറ്റില്‍ അതിതീവ്ര മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രകൃതി ദുരന്തത്തെ നേരിടാന്‍ രാഷ്ട്രീയ വേര്‍തിരിവുകള്‍ മറന്ന് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ജില്ലയിലൊട്ടാകെ 95 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,568 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയബാധിതമായ ഓരോ വാര്‍ഡുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 25,000 രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചു. ഇതിനുപുറമേ ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിനായി ഒരു ലക്ഷം രൂപ വീതവും നല്‍കും.

വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കും കൃഷിക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. 2018 ലെ പ്രളയത്തിനു ശേഷം നദികളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും മാറ്റുന്ന നടപടികള്‍ വേഗത്തിലാക്കും. രണ്ടര വര്‍ഷമായി ഷട്ടറുകള്‍ തുറന്നുകിടക്കുന്ന മണിയാര്‍ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജനപ്രതിനിധികളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും യോഗങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചിത്രങ്ങള്‍ സഹിതം വിശദീകരിച്ച് മന്ത്രി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam