തിരുവനന്തപുരം: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ 2006 ല്‍ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേ ഉയര്‍ന്ന വിജിലന്‍സ് കേസ് സംസ്ഥാന സര്‍ക്കാര്‍ പുനരന്വേഷിക്കുന്നു. അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് വികസന കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എന്‍ജിനിയര്‍ ലീ സീ ബീന്‍ ക്വാലാലംപുരില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗ്യാനേഷ് കുമാറിന്റെ അവിഹിത ഇടപെടലുകളുണ്ടെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് നിലവില്‍ അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധന ആരംഭിച്ചിരിക്കുന്നത്.
റോഡ് നിര്‍മാണം വൈകിയെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും കമ്പനിയുടെ ബില്ലുകള്‍ തടഞ്ഞുവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ലീ സീ ബീന്‍ ആരോപിച്ചിരുന്നു. താന്‍ എഴുതിയ കത്തുകളിലും ആത്മഹത്യാക്കുറിപ്പിലും ഗ്യാനേഷ് കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ടെന്ന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസകും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുന്‍പ് സംഭവത്തില്‍ സ്ഥലംമാറ്റം മാത്രമാണ് ശിക്ഷാനടപടിയായി ഉണ്ടായിരുന്നതെന്നും, തുടര്‍ന്ന് ഗ്യാനേഷ് കുമാര്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോവുകയായിരുന്നുവെന്നും ഫയലുകളില്‍ നിന്ന് വ്യക്തമാകുന്നു.
ഭരണഘടനാ പദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് നടന്ന നടപടിയായതിനാലും അഴിമതിക്കൊപ്പം ഒരു മരണത്തിന്റെ വിഷയം കൂടിയുള്ളതിനാലും ഈ കേസ് അന്വേഷിക്കുന്നതിന് നിയമതടസ്സമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. മുന്‍കാല സംഭവങ്ങളില്‍ വര്‍ഷങ്ങള്‍ക്കുശേഷവും പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നിട്ടുണ്ടെന്നും, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയിലുള്ള സംരക്ഷണം ഈ മുന്‍ കേസിന് ലഭിക്കില്ലെന്നും നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
