അമ്പമ്പോ.. വലിയൊരു സത്യം ശശി തരൂർ കണ്ടെത്തിയിരിക്കുന്നു. കേരളക്കരയിലാകെ ഒരേയൊരാൾ മാത്രമാണ് യു.ഡി.എഫിൽ മുഖ്യമന്ത്രിയാകാൻ പരമ യോഗ്യൻ? അതിന് തെളിവായി ഒരു സ്വകാര്യ സർവേ ഫലം സമൂഹമാധ്യമത്തിൽ പങ്കുവച്ച് ശശിയാശാൻ വീരയോദ്ധാവിനെപ്പോലെ വിലസുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട്ടുനിന്ന് ഏതാണ്ടിതുപോലൊരു വീമ്പിളക്കി തട്ടുംപുറത്തുകയറിയ ഒരു മഹാനുണ്ടായിരുന്നു. മെട്രോമാൻ പി. ശ്രീധരൻ. ബി.ജെ.പിയിലെ സുരേന്ദ്രന്റെ സാക്ഷിപത്രവുമായി കേരള മുഖ്യനാകാൻ പുറപ്പെട്ട വീരകഥ, ധീരകഥ, അത്ഭുതകഥ ഇപ്പോഴും പാണന്മാർ പാടിനടക്കാറുണ്ട്.
ഇത്തവണയും പാലക്കാട്ടുനിന്നുതന്നെ കുപ്പായം തുന്നിയിറങ്ങിയത് ചരിത്രത്തിന്റെ വിരോധാഭാസമായിരിക്കാം. വന്ന വഴി മറന്നുകൊണ്ട് തിന്ന ചോറിന് നന്ദിയില്ലാതെ വലിയ കണ്ടുപിടുത്തമെന്ന രീതിയിൽ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരയും മകൻ സഞ്ജയനും നടത്തിയ തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ലെന്നും അതിപ്പോൾ താനങ്ങ് വിളിച്ചുപറയുകയാണെന്നും മറ്റുമുള്ള രീതിയിൽ എന്തൊക്കെയോ തട്ടിവിടുന്നു.
2009ൽ തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചെന്നു കയറിയത് ഈ കഥകളൊന്നും അറിയാതെയായിരുന്നുവോ..? ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറലായി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് ഒളിച്ചോടി. അന്ന് അഭയം കൊടുത്ത കൈക്ക് തന്നെ കൊത്തണം..!
ചുവരെഴുതിനടക്കുന്ന സാദാ കോൺഗ്രസ് പ്രവർത്തകർ മുതൽ അങ്ങ് ഹൈക്കമാൻഡിലുള്ളവർ വരെ കഠിനമായി പണിയെടുത്തതിനാലാണ് കക്ഷി ഇപ്പോഴും എംപി കുപ്പായം ഇട്ടുകൊണ്ട് നടക്കുന്നത്. അവരുടെയൊക്കെ വിയർപ്പിന്റെ വില പണയംവച്ചുള്ള ശശിയുടെ ഞാണിന്മേൽ കണിയുടെ അവസാനം എം.ജെ. അക്ബറിന്റേയും ഗുലാംനമ്പി ആസാദിന്റേയും ഗതിയാകും ഫലം..!
കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി എന്ന നിലയിൽ നമായി. ഒടുവിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു ശശിയാശാന് തുടർന്നും പാർട്ടി തിരുവനന്തപുരത്തുനിന്ന് വീണ്ടും വീണ്ടും ജയിപ്പിച്ചുവിട്ടപ്പോഴും കോൺഗ്രസ് കുഴപ്പക്കാരയിരുന്നില്ല.
രണ്ടാം ഭാര്യ സുനന്ദാ പുഷ്‌ക്കരന്റെ ദുരൂഹമരണത്തിനു ശേഷം ബി.ജെ.പിയും മോദിയും വേട്ടയാടിപ്പോഴും അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങളൊന്നും മൂപ്പർ അറിഞ്ഞില്ല, പറഞ്ഞില്ല.
ഇക്കണ്ടകാലമത്രയും 'മോദിയുടെ ഗൃഹപാഠം ചെയ്യാത്ത വിദേശ നയം' എന്നു പരിഹസിച്ചിരുന്ന വ്യക്തിക്കിപ്പോൾ മോദി കൺകണ്ട ദൈവമായി. എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് തോറ്റപ്പോഴും എ.ഐ.സി.സിയിൽ അംഗത്വവും അംശാദായവും കൊടുത്തിരുത്തിപ്പോഴും അറിയില്ലായിരുന്നു കോൺഗ്രസ് ഇത്രക്ക് മെനകെട്ട പാർട്ടിയാണെന്ന് പാവം..പാവം...രാജകുമാരൻ എന്നല്ലാതെന്തുപറയാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്