പഴുക്കുന്നതിനു മുമ്പു പുഴുക്കുത്തു വന്നു കെട്ടുപോയ പഴം പോലെയാണ് നമ്മുടെ കൺകണ്ട കനകതാരമായ കങ്കണ അമർദീപ് റണാവത് എന്നു പറയുന്നവരുണ്ട്. കാര്യഗൗരവമുള്ളൊരു സ്‌കൂൾ ടീച്ചറായിരുന്ന ആശയുടേയും ബിസിനസ്സിൽ അഗ്രഗണ്യനായ അമർദീപാന്റേയും പുന്നാരമകളായിട്ടും ഒരുമാതിര കങ്കണാങ്കണയായിപ്പോയല്ലോ ഈ മഹതിയെന്നു വിലപിക്കുന്നവരുണ്ട്. അതവരുടെ വിവരക്കേട് എന്നല്ലാതെന്തുപറയാൻ..!
ബി.ജെ.പിയിലൊരു കൂട്ടർക്ക് കൺകണ്ട കനകദേവതയാണിവർ. പാർട്ടിയെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുകവിഞ്ഞുനിൽക്കാൻ ഇവർ ചെയ്യുന്ന പെടാപ്പാട് ചില്ലറയൊന്നുമല്ല. അങ്ങ് ഹിമാചൽപ്രദേശിലെ മണ്ടി ജില്ല കങ്കണയുടെ ജനനം കൊണ്ട് ധന്യമായിതീർന്നെന്നു പറഞ്ഞാൽ മതിയല്ലോ..! അങ്ങ് സിംലയിലായിരുന്നു പഠനമത്രയും.
ഡെൽഹിയിലുള്ള അസ്മിത നാടക സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം ബോളിവുഡ് സംവിധായകനായ മഹേഷ് ബട്ടിന്റെ ഗാംഗ്സ്റ്റർ എന്ന സിനിമയിലൂടെയായിരുന്നു. കങ്കണയുടെ കന്നിപ്രകടനം കണ്ടവരാരും മോശം പറഞ്ഞില്ല. പിന്നീടങ്ങോട്ട് അഭിനയത്തിന്റെ കൊടുമുടി കയറാനുള്ള ശ്രമമായിരുന്നു. തമിഴിലും പയറ്റിക്കയറി. ജീവയുടെ ധാം ധൂം എന്ന ചിത്രമാണ് കങ്കണയുടെ ആദ്യ തമിഴ് ചത്രം. ഇതിനിടെ പുരസ്‌ക്കാരങ്ങളും നമസ്‌ക്കാരങ്ങളും ഏറ്റുവാങ്ങി.
അതുൾക്കൊള്ളാൻ കഴിയാത്ത പമ്പര വിഡ്ഡികൾ കഥയറിയാതെയും ആട്ടം കാണാതേയും കലപിലകൂട്ടി ക്രൗര്യം കാണിക്കുന്നു. എവിടെച്ചെന്നാലും കങ്കണയ്ക്കവിടെ തമാസിക്കണമെന്നും താമസിക്കാൻ സിഎം സ്വീറ്റ് റൂം തന്നെ വേണം എന്നൊക്കെപ്പറയുന്നത് അവരെ സംബന്ധിച്ച് ചിന്നകാര്യം. എന്നാൽ താമസമില്ലാത്ത ഇവരുടെ മണാലിയിലെ സ്വന്തം വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബില്ലിട്ടുകൊടുത്ത കശ്മലന്മാരെക്കുറിച്ച് എന്തുപറയാൻ. കങ്കണയുണ്ടോ വിടുന്നു. അവർ നിന്ന നിൽപ്പിൽ ഈറ്റപ്പുലിയോ അതോ ചീറ്റപ്പുലിയോ ആയിമാറി.
ഹിമാചൽ പ്രദേശ് വൈദ്യുതി ബോർഡിനെ ഒന്നല്ല ഒമ്പതു പാഠം ഒറ്റയടിക്കു പഠിപ്പിക്കാനായി പിന്നെയവരുടെ പെടാപ്പാട്. അതിനിടെ വൈദ്യുതി ബോർഡ് മറ്റൊരു സത്യം കണ്ടെത്തി. സാധാരണ വീടുകളേക്കാൾ 1500% അധികമാണ് കങ്കണയുടെ വീട്ടിലെ വൈദ്യുതി ഉപയോഗം..! പിന്നീടൊരിക്കൽ വെളിപാടുപോലെ മറ്റൊരു കാര്യം കണ്ടെത്തി. നമ്മുടെ രാജ്യത്തിന് പിതാക്കന്മാരില്ല; മക്കൾ മാത്രമേ ഉള്ളൂ. ഭാരത മാതാവിന്റെ മക്കൾ. കണ്ടെത്തിയതോ, ഒരു ഗാന്ധി ജയന്തി ദിനത്തിൽ. അപ്പോൾ ഗാന്ധിജി ആരാണെന്നൊന്നും ചോദിച്ചുവരരുത്.
ഇനി ഭാവിയിൽ വേണമെങ്കിൽ ഭാരതമാതാവാകാനും കക്ഷി തയ്യാർ..! രാജ്യത്ത് ശുചിത്വം പരിപാലിക്കുന്നതിൽ ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത് ഒരേയൊരാൾമാത്രം. അത് നരേന്ദ്ര മോദിയാണ്. അതിന് ചൊരിഞ്ഞ പ്രശംസക്ക് കയ്യും കണക്കുമില്ല. അടുത്തത് ഇന്ത്യയിലെ കർഷക കീടങ്ങളോടായിരുന്നു കങ്കണയുടെ കലി. 2021ൽ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്നായിരുന്നു ഈ മഹിളാമണിയുടെ ആവശ്യം. കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നെന്നായിരുന്നു കങ്കണയുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
വിവരം കെട്ടവർ അതിനെ വിമർശിച്ചു. അതേറ്റുപിടിക്കാൻ കുറെ അസൂയപൂണ്ട ബി.ജെ.പിക്കാരും. എന്തുപറയാനാ, ഇടക്കിടെ കങ്കണ രൂക്ഷവിമർശനങ്ങൾ വിഷമമില്ലാതെ തന്നെ ഏറ്റുവാങ്ങുന്നു. ഇടയ്ക്കും തലയ്ക്കും ബി.ജെ.പി നേതൃത്വത്തിനു തന്നെ കങ്കണയെ തള്ളിപ്പറയേണ്ടി വരുന്നുണ്ട്. കോൺഗ്രസാണെങ്കിൽ കങ്കണയ്‌ക്കെതിരെ വലിയവായിൽ ഒച്ചവയ്ക്കാനും അജണ്ട ഉണ്ടാക്കിയിരിപ്പാണ്. സ്വന്തം ആർത്തവരക്തം കലർത്തി പലഹാരമുണ്ടാക്കി വിതരണം ചെയ്യുമെന്ന മറ്റൊരു കായിക വിനോദം കൂടി കക്ഷിക്കുണ്ട്. തീർന്നില്ല, ദുർമന്ത്രവാദം ലഹരിയാണ്. ഇതെല്ലാം കങ്കണയുടെ കാമുകൻ അധ്യായൻ സുമൻ പറഞ്ഞുപരത്തിയതാണ്.
ഒരു പ്രമുഖ പത്രത്തിൽ അതിന്റെ പത്രാധിപർതന്നെ ഈ വിഷയും എഴുതിയതുമാണ്. എനിക്ക് സൂപ്പർ പവറുണ്ട്. അതിനാൽ മന്ത്രവാദിയാണ്. മഹാമന്ത്രവാദി. കങ്കണതന്നെ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. വീണ്ടും കങ്കണയുടെ കരുത്തറിയാത്ത ബി.ജെ.പി അതിന്റെ പേരിലും പരസ്യശാസന നടത്തി.
ഏറ്റവും ഒടുവിൽ ഐഫോൺ ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റരുതെന്ന് ട്രംപ് ആപ്പിൾ സിഇഒ കുക്കിനോട് അഭ്യർത്ഥിച്ചവിവരം മന്ത്രതന്ത്രശക്തികൊണ്ട് മണത്തറിഞ്ഞ കങ്കണ അത് മോദിയോടുള്ള അസൂയയാണോ നയതന്ത്രപരമായ അരക്ഷിതാവസ്ഥയാണോ ട്രംപിന്റെ പരാമർശനത്തിനു പിന്നിലെന്ന യുക്തിഭദ്രമായ ചോദ്യത്തെപ്പോലും മനസിലാക്കാൻ പാർട്ടി അധ്യക്ഷൻ നഡ്ഡയ്ക്ക് കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴാണ് കനച്ച ദുഃഖം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്