കൊല്‍ക്കത്ത: ഒരു പ്രാദേശിക ഹണിട്രാപ്പ് തട്ടിപ്പ് കേസ് അന്വേഷിച്ചെത്തിയ അന്വേഷണ സംഘം ചെന്നെത്തിയത് പശ്ചിമ ബംഗാളിനെയും രാജ്യ തലസ്ഥാനത്തെയും നടുക്കാന്‍ ശേഷിയുള്ള വന്‍ അന്താരാഷ്ട്ര ഭീകര ശൃംഖലയില്‍. ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ നിരീക്ഷിക്കാനും ഡല്‍ഹി ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പൊലീസ് യൂണിഫോമില്‍ നുഴഞ്ഞുകയറി ക്രമസമാധാനം തകര്‍ക്കാനും പദ്ധതിയിട്ട കേസില്‍ ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള ഹമീം മൊണ്ടല്‍, ഇയാളുടെ പങ്കാളി അര്‍പ്പിത സര്‍ക്കാര്‍ എന്നിവരാണ് പശ്ചിമ ബംഗാള്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്.
ഹൗറയിലെ ഒരു ജനപ്രതിനിധിയുടെ മകനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോകാനും പണം തട്ടിയെടുക്കാനും നടത്തിയ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഈ സാമ്പത്തിക തട്ടിപ്പിന്റെ ഉറവിടം തിരഞ്ഞുപോയ എസ്ടിഎഫ്, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായ അര്‍പ്പിത സര്‍ക്കാരിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍പ്പിതയുടെ ഡിജിറ്റല്‍ ഉപകരണങ്ങളും സന്ദേശങ്ങളും വിശദമായി പരിശോധിച്ചതോടെയാണ് പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ താമസിച്ചിരുന്ന ഹമീം മൊണ്ടലിലേക്കും ഇയാളുടെ പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകര ബന്ധങ്ങളിലേക്കും അന്വേഷണം നീണ്ടത്.
പ്രമുഖരെ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ശേഖരിക്കാന്‍ അര്‍പ്പിതയെ പ്രതികള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രണയം നടിച്ചും വ്യാജ ഐഡികളിലൂടെയും വിഐപികളുടെ വ്യക്തിഗത വിവരങ്ങളും സുരക്ഷാ വിവരങ്ങളും അര്‍പ്പിത ശേഖരിക്കുകയും ഇത് ഹമീം വഴി പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍മാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ബ്രിട്ടന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര സിം കാര്‍ഡുകളും ടെലിഗ്രാം, എലമെന്റ് എക്‌സ്, സെഷന്‍ തുടങ്ങിയ രഹസ്യ എന്‍ക്രിപ്റ്റഡ് ആപ്പുകളും ഉപയോഗിച്ചായിരുന്നു ഇവര്‍ പാക് കേന്ദ്രങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്.
പാകിസ്ഥാനിലെ ഷഹ്‌സാദ് ഭട്ടി സംഘവുമായി നേരിട്ട് ബന്ധമുള്ള നാലോളം പാക് ഹാന്‍ഡ്ലര്‍മാരാണ് പ്രതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ വധിക്കാന്‍ പദ്ധതിയിടുകയും അദ്ദേഹത്തിന്റെ സുരക്ഷയില്ലാത്ത സമയങ്ങളും സഞ്ചാരപാതകളും കൃത്യമായി രേഖപ്പെടുത്താനും ഭീകരസംഘടന ഇയാളോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ വ്യാജ പൊലീസ് യൂണിഫോം ധരിച്ച് നുഴഞ്ഞുകയറി കലാപമുണ്ടാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും ശൃംഖലയിലെ മറ്റു കണ്ണികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായും എസ്ടിഎഫ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
