തര്‍ക്കം: ജമ്മു കാശ്മീരില്‍ സി.ഐ.എസ്.എഫ് ജവാന്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു

SEPTEMBER 29, 2026, 11:11 AM

കത്വ: ജമ്മു കാശ്മീരിലെ കത്വയില്‍ സി.ഐ.എസ്.എഫ് ക്യാമ്പിലുണ്ടായ ദാരുണമായ വെടിവെപ്പില്‍ ഓഫീസര്‍ ഉള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബസോളി മഷ്‌ക ഗ്രാമത്തിലെ സേവ ജലവൈദ്യുത പദ്ധതി പ്രദേശത്ത് വിന്യസിച്ചിരുന്ന സി.ഐ.എസ്.എഫ് യൂണിറ്റിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 6.40-ഓടെയാണ് സംഭവം നടന്നത്. സേവനത്തിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അവധേഷ് കുമാര്‍ സിംഗ്, തനിക്ക് അനുവദിച്ച എ.കെ-47 റൈഫിള്‍ ഉപയോഗിച്ച് ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറി സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ 150 റൗണ്ട് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി സി.ഐ.എസ്.എഫ് അധികൃതര്‍ വ്യക്തമാക്കി.

അസിസ്റ്റന്റ് കമാന്‍ഡന്റ് അങ്കിത് കുമാര്‍ പാണ്ഡെ, സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാര്‍ എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നാല് പേരെയും തൊട്ടടുത്ത ഹിമാചല്‍ പ്രദേശിലെ എന്‍.എച്ച്.പി.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമാക്കി. അക്രമിയായ ഹെഡ് കോണ്‍സ്റ്റബിള്‍ അവധേഷ് കുമാര്‍ സിംഗിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. സംഭവത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്കിടയിലെ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സി.ഐ.എസ്.എഫിന്റെയും നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam