ഫെഡറല്‍ സര്‍ക്കാരിനും മുന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ് നല്‍കി വെടിയേറ്റു മരിച്ച റീനി ഗുഡിന്റെ കുടുംബം

OCTOBER 1, 2026, 12:20 PM

ന്യൂയോര്‍ക്ക്: മിനിയാപോളിസില്‍ വെച്ച് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാരുടെ വെടിയേറ്റു കൊല്ലപ്പെട്ട അമേരിക്കന്‍ വനിത റീനി ഗുഡിന്റെ കുടുംബം യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാരിനും ട്രംപ് ഭരണകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ക്കും എതിരെ രണ്ട് ഫെഡറല്‍ സിവില്‍ ഹര്‍ജികള്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് ഫെഡറല്‍ സര്‍ക്കാരിനെയും, വിവാദപരമായ ഇമിഗ്രേഷന്‍ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതില്‍ ഉന്നത ഉദ്യോഗസ്ഥരെയുമാണ് കുടുംബം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നടപ്പിലാക്കിയ ഓപ്പറേഷന്‍ മെട്രോ സര്‍ജ്' എന്ന നടപടിയുടെ ഭാഗമായി ജനുവരി 7-നാണ് 10 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഐസിഇ ഏജന്റ് ജോനാഥന്‍ റോസിന്റെ വെടിയേറ്റ് റീനി ഗുഡ് കൊല്ലപ്പെടുന്നത്. രാവിലെ 9:30-ഓടെ, തന്റെ ആറുവയസ്സുകാരനായ മകനെ സ്‌കൂളില്‍ കൊണ്ടുവിട്ട് മടങ്ങുന്ന വഴിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ഈ സംഭവം മിനിയാപോളിസില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികളുടെ പ്രവര്‍ത്തനരീതികള്‍ക്കെതിരെ രാജ്യവ്യാപകമായ രോഷത്തിനും വഴിവെച്ചിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളെ മാത്രം പ്രതിയാക്കിക്കൊണ്ട് ഫെഡറല്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട് പ്രകാരമാണ് ആദ്യത്തെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വെടിവെയ്പ്പിന് സാക്ഷിയാകേണ്ടി വന്ന പങ്കാളിക്കും കുടുംബത്തിനും വേണ്ടി സമര്‍പ്പിച്ച ഈ ഹര്‍ജിയില്‍, റീനിയുടെ അവസാന നിമിഷങ്ങളിലെ കടുത്ത വേദനയ്ക്കും കുടുംബത്തിന് സംഭവിച്ച തീരാനഷ്ടത്തിനും തുക തിട്ടപ്പെടുത്താത്ത നഷ്ടപരിഹാരം ആവശ്യപ്പെടുന്നു. എഫ്ടിസിഎ നിയമപ്രകാരം ഫെഡറല്‍ ജഡ്ജിയായിരിക്കും കേസിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാര തുകയും തീരുമാനിക്കുന്നത്.

മിനസോട്ടയിലെ ഹിസ്പാനിക്, സോമാലിയന്‍ വംശജരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതിനായി മുതിര്‍ന്ന ഫെഡറല്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് നടപ്പിലാക്കിയ സൂക്ഷ്മമായ ഗൂഢാലോചനയായിരുന്നു 'ഓപ്പറേഷന്‍ മെട്രോ സര്‍ജ്' എന്ന് രണ്ടാമത്തെ ഹര്‍ജി ആരോപിക്കുന്നു. പ്രദേശവാസികള്‍ക്കും ഈ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സഖ്യകക്ഷികള്‍ക്കും എതിരെയുള്ള നിശബ്ദമാക്കല്‍ ശ്രമമായിരുന്നു ഇതെന്നും ഹര്‍ജി വ്യക്തമാക്കുന്നു.

ഏജന്റ് ജോനാഥന്‍ റോസ്, മുന്‍ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍, മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം, മുന്‍ ബോര്‍ഡര്‍ സാര്‍ ടോം ഹോമാന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരും തിരിച്ചറിയപ്പെടാത്ത പത്ത് ഏജന്റുമാരും ഈ കേസില്‍ പ്രതികളാണ്. റോസ് നടത്തിയ വെടിവെയ്പ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും, മറിച്ച് ഭരണകൂടം നല്‍കിയ ആക്രമണോത്സുകമായ നയങ്ങളുടെ സ്വാഭാവിക പ്രത്യാഘാതമാണെന്നും കുടുംബത്തിന്റെ അഭിഭാഷകര്‍ വാദിക്കുന്നു.

സംഭവ സ്ഥലത്തുണ്ടായിരുന്ന വഴിയാത്രക്കാരും ഏജന്റ് റോസും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ പുറത്തുെകാണ്ടുവരുന്നുണ്ട്. മഞ്ഞുമൂടിയ തെരുവില്‍ തടസ്സം സൃഷ്ടിച്ച നിലയിലായിരുന്ന ഗുഡിന്റെ റെഡ്-ബര്‍ഗണ്ടി എസ്യുവിക്ക് സമീപത്തേക്ക് റോസ് നടന്നുചെല്ലുന്നതാണ് വീഡിയോയിലുള്ളത്. ഡ്രൈവര്‍ സീറ്റിനടുത്തേക്ക് നടന്നെത്തിയ റോസിനോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്ന് ഗുഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും റോസ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് മറ്റൊരു ഏജന്റ് ഗുഡിനോട് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഗുഡ് വാഹനം റിവേഴ്സ് എടുത്ത് വലത്തോട്ട് തിരിച്ച് മുന്നോട്ട് നീക്കാന്‍ ശ്രമിക്കവേ റോസ് വെടിയുതിര്‍ക്കുകയായിരുന്നു. വഴിയാത്രക്കാര്‍ എടുത്ത വീഡിയോകളില്‍, കാറിന്റെ സഞ്ചാരപാതയ്ക്ക് വെളിയില്‍ നിന്നുകൊണ്ടാണ് റോസ് കാറിന്റെ വിന്‍ഡ്ഷീല്‍ഡിലേക്കും തുറന്ന ജനലിലൂടെയും അടുത്തുവെച്ച് വെടിവെച്ചതെന്ന് വ്യക്തമാണ്. സംഭവത്തിന് ശേഷം ഗുഡ് വാഹനം ആയുധമാക്കി മാറ്റാന്‍ ശ്രമിച്ചെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം വാദിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെങ്കിലും കേസില്‍ ഇതുവരെയും ആര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam