ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങിയതാണ് ഒബാമ. ക്ലീവ്‌ലാന്‍ഡ്, ഡെട്രോയിറ്റ് എന്നിവിടങ്ങളില്‍ നടന്ന റാലികളിലാണ് ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെയും അഴിമതി ആരോപണങ്ങളെയും ഒബാമ കടന്നാക്രമിച്ചത്. കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഡെമോക്രാറ്റുകള്‍ക്കിടയിലെ ഏറ്റവും ജനപ്രിയ നേതാവായ ഒബാമയുടെ സാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് പകരുന്നത്.
ട്രംപിന്റെ ഭരണകാലത്തെ തെറ്റായ നയങ്ങള്‍ക്കും നടപടികള്‍ക്കും തടയിടാന്‍ നവംബര്‍ 3-ലെ വോട്ടെടുപ്പ് ഒരു സര്‍ക്യൂട്ട് ബ്രേക്കര്‍ ആയി മാറണമെന്ന് ഒബാമ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു. ട്രംപും കുടുംബവും അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം ക്രിപ്റ്റോ കറന്‍സിയിലൂടെ വന്‍ ലാഭം ഉണ്ടാക്കിയെന്നും, ഭരണകൂടം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്രംപിന്റെ നയപരമായ തീരുമാനങ്ങളെ സ്വകാര്യ ബിസിനസ്സ് ഇടപാടുകള്‍ സ്വാധീനിക്കുന്നുണ്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും കരുതുന്നതായി റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത ഭീഷണിയുടെ പശ്ചാത്തലത്തില്‍, ഇറാന് ഇപ്പോള്‍ എണ്ണ കയറ്റുമതിയില്‍ കൂടുതല്‍ സാമ്പത്തിക സ്വാധീനവും വീറ്റോ പവറും ലഭിച്ചിട്ടുണ്ടെന്ന് ഒബാമ വാദിച്ചു. കൂടാതെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെറ്റിന്റെ മുന്‍ഗണനകളെയും വൈറ്റ് ഹൗസ് നവീകരണ ശൈലിയെയയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. സദ്ദാം ഹുസൈന്‍ ഒരു ചീസ്‌കേക്ക് ഫാക്ടറി തുറന്നതുപോലെയാണ് അദ്ദേഹം വൈറ്റ് ഹൗസിനെ മാറ്റിയിരിക്കുന്നത് എന്ന് ഒബാമ പരിഹസിച്ചു.
മിഷിഗണിലെ യു.എസ് സെനറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സെയ്ദിനും, ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ജോസ്ലിന്‍ ബെന്‍സനും വേണ്ടിയാണ് ഒബാമ പ്രധാനമായും പ്രചാരണം നയിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്‌സിനെതിരെ നടക്കുന്ന കനത്ത പോരാട്ടത്തില്‍ എല്‍-സെയ്ദിന് ഒബാമയുടെ പിന്തുണ വലിയ മുതല്‍ക്കൂട്ടാകും. തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് വിജയം ഉറപ്പാക്കാനും വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ഒബാമയുടെ ഈ ശക്തമായ പ്രചാരണ പരിപാടികള്‍. അതേസമയം വൈറ്റ് ഹൗസ് ഇതുവരെ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
