'നിങ്ങള്‍ മുഖ്യമന്ത്രിയാവുമ്പോള്‍ ഞാന്‍ പ്രതിപക്ഷ നേതാവാകാം'; ഹൈബി ഈഡനെ വേദിയിലിരുത്തി ധ്യാനിന്റെ മറുപടി

AUGUST 2, 2026, 5:38 AM

കൊച്ചി: തന്റെ മുഖ്യമന്ത്രി പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ രസകരമായ വിശദീകരണവുമായി വീണ്ടും നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. താന്‍ മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞതില്‍ ഒരു കാര്യവുമില്ലെന്നും അത് വെറുമൊരു തമാശ മാത്രമായിരുന്നുവെന്നും ധ്യാന്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഒരു സ്വര്‍ണ്ണക്കട ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ഹൈബി ഈഡന്‍ എം.പിയെ വേദിയിലിരുത്തി ധ്യാന്‍ വീണ്ടും വേദിയില്‍ ചിരി പടര്‍ത്തിയത്.

നേരത്തെ വിസിറ്റര്‍ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കവെ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് ധ്യാന്‍ തമാശയായി പറഞ്ഞിരുന്നു. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തൃഷ സാന്നിധ്യമായത് ചൂണ്ടിക്കാട്ടി, താന്‍ ഭാവിയില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നവ്യ നായര്‍ സാരിയുടുത്ത് മുന്‍നിരയില്‍ ഉണ്ടാവണമെന്നായിരുന്നു അന്ന് ധ്യാന്‍ പറഞ്ഞത്. കുട്ടിക്കാലത്തെ അഭിമുഖ പരാമര്‍ശങ്ങള്‍ കൂടി ഓര്‍മിപ്പിച്ചുള്ള ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലായിരുന്നു.

സ്വര്‍ണ്ണക്കട ഉദ്ഘാടന വേദിയില്‍ തനിക്ക് മുമ്പ് സംസാരിച്ചയാള്‍ ഈ പ്രസംഗം ഓര്‍മിപ്പിച്ചതോടെയാണ് ധ്യാന്‍ വീണ്ടും മറുപടിയുമായി രംഗത്തെത്തിയത്. താന്‍ സി.എം ആവണമെന്ന് പറഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ എം.പി തന്നെ നോക്കി ചിരിച്ചുവെന്നും, ഇനി ഇവനും കൂടെ ഈ വഴിക്ക് വലിഞ്ഞു കയറി വരുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാമെന്നും ധ്യാന്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് 'നിങ്ങള്‍ മുഖ്യമന്ത്രിയാവുമ്പോള്‍ ഞാന്‍ പ്രതിപക്ഷ നേതാവായിക്കോളാം' എന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞതായി ധ്യാന്‍ വ്യക്തമാക്കിയത്.

വേദിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനെയും ധ്യാന്‍ പ്രശംസിച്ചു. മനസ്സിലുള്ളതെല്ലാം മുഖത്ത് കാണിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് വി.ഡി സതീശന്‍ എന്നായിരുന്നു നടന്റെ വാക്കുകള്‍. അതോടൊപ്പം, അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും താരം തന്റെ നിലപാട് വ്യക്തമാക്കി. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ തള്ളിയ ധ്യാന്‍, തനിക്ക് പ്രസിഡന്റാകാന്‍ ഉദ്ദേശമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam