കോമൺവെൽത്ത് ഗെയിംസ്: ബോക്‌സിംഗിൽ 5 സ്വർണ്ണവുമായി ഇന്ത്യൻ വനിതാ താരങ്ങൾ

AUGUST 2, 2026, 4:31 AM

ഗ്‌ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്നലെയും ഇന്ത്യയുടെ മെഡൽക്കുതിപ്പ്. ബോക്‌സിംഗിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 57കിലോഗ്രാം വിഭാഗത്തിൽ ജയ്‌സ്മിൻ ലംബോറിയയും പാരാഅത്‌ലറ്റിക്‌സ് ഷോട്ട്പുട്ട് എഫ് 57 വിഭാഗത്തിൽ സോമൺ റാണയും ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ സ്വർണം നേടിയിട്ടുണ്ട്.

വനിതകളുടെ 54 കിലോഗ്രാം വിഭഗം ഫൈനലിൽ കാനഡയുടെ സ്‌കാർലറ്റ് ഡൽഗഡോയെ 5-0ത്തിന് തരിപ്പണമാക്കിയാണ് പ്രീതി സ്വർണമണിഞ്ഞത്. മൂന്ന് റൗണ്ടുകളിലും പ്രീതി കൃത്യമായ പഞ്ചുകളിലൂടെ സ്‌കാർലറ്റിന് മേൽ പൂർണ ആധിപത്യം പുലർത്തി. മികച്ച ഡിഫൻസും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളുമാണ് പ്രീതിയെ റിംഗിൽ തുണച്ചത്. അഞ്ച് ജഡ്ജുമാരും പ്രീതിക്ക് അനുകൂലമായാണ് വിധി എഴുതിയത്. ഇത്തവണത്തെ ഗെയിംസിൽ ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് പ്രീതി സ്വന്തമാക്കിയത്. ഹരിയാനയിലെ ഭിവാനി സ്വദേശിയായ ഈ 22കാരി ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥയാണ്.

വനിതകളുടെ 57കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ വടക്കൻ അയർലാൻഡിന്റെ മിക്കേൽ വാഷിനെ ഇന്ത്യയുടെ ജയ്സ്മിൻ ലംബോറിയ കീഴടക്കിയതും 5-0ത്തിനാണ്.

vachakam
vachakam
vachakam

ലോകചാമ്പ്യനായ ജയ്‌സ്മിന് ആദ്യ റൗണ്ടിൽ 3-2ന്റെ നേരിയ മുൻതൂക്കമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം റൗണ്ടിൽ ശക്തമായ കോമ്പിനേഷൻ പഞ്ചുകളിലൂടെ തിരിച്ചടിച്ച ജയ്‌സ്മിൻ അഞ്ച് ജഡ്ജുമാരുടെയും വോട്ട് ഒരുപോലെ സ്വന്തമാക്കി മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

അവസാന റൗണ്ടിൽ വാഷിന്റെ ആക്രമണങ്ങളെ സമചിത്തതയോടെ പ്രതിരോധിച്ച ജയ്‌സ്മിൻ സ്വർണം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ വെങ്കലം ഇത്തവണ പൊന്നാക്കി മാറ്റാനായതിന്റെ സന്തോഷത്തിലാണ് ജയ്‌സ്മിന്റെ മടക്കം. കോമൺവെൽത്ത് ഗെയിംസിന് തൊട്ടുമുൻപ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ആയിരുന്ന ജയ്‌സ്മിൻ പക്ഷേ ഗ്ലാസ്‌ഗോയിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഹരിയാനയിലെ ഭിവാനി സ്വദേശി തന്നെയായ ജയ്‌സ്മിനും ആർമി ഉദ്യോഗസ്ഥയാണ്.

കസിൻസായ സാക്ഷി ചൗധരി 51 കിലോഗ്രാം വിഭാഗത്തിലും പ്രിയ ഘൻഘാസ് 60 കിലോഗ്രാം വിഭാഗത്തിലും പൊന്നണിഞ്ഞു. ഇംഗ്ലണ്ടിന്റെ റൂബി വൈറ്റ്‌സിനെ ഫൈനലിൽ 5-0ത്തിന് വീഴ്ത്തിയാണ് സാക്ഷി പൊന്നായത്. പ്രിയ സ്പിലിറ്റ് ഡിസിഷനിലൂടെ 4-1ന് കാനഡയുടെ മേരി ബത്തൂൽ അൽ അഹമ്മദിയെയാണ് കീഴടക്കിയത്.

vachakam
vachakam
vachakam

വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഒളിമ്പ്യൻ ചാൻറ്റെല്ലെ റീഡിനെ 5-0ത്തിന് തോൽപ്പിച്ചാണ് അരുന്ധതി ചൗധരി പൊന്നായത്. പുരുഷന്മാരുടെ 60 കിലോഗ്രാമിൽ നമീബിയയുടെ ട്രൈഎഗൈൻ മോണിംഗ് എൻഡെവ്‌ലോയെ സ്പിലിറ്റ് ഡിസഷനിലൂടെ 3-2ന് പരാജയപ്പെടുത്തിയാണ് സച്ചിൻ സിവാചിന്റെ സ്വർണ നേട്ടം. അവസാന റൗണ്ടിലെ മിന്നും പ്രകടനമാണ് മത്സരം സച്ചിന് അനുകൂലമാക്കിയത്. 80 കിലോഗ്രാം ഫൈനലിൽ ഇംഗ്ലണ്ടിന്റെ ദിമേജി ഷിട്ടുവിനെതിരെ 4-1നാണ് അൻകുഷിന്റെ വിജയം.

പത്ത് ഫൈനലുകളാണ് ബോക്‌സിംഗിൽ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. ഇതിൽ 7 എണ്ണത്തിൽ സ്വർണ്ണവും 3 എണ്ണത്തിൽ വെള്ളിമെഡലുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ബോക്‌സിംഗിൽ പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജാഡുമണി സിംഗും ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ ശുഭം ജുയലും പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ പ്രവീൺ ചിത്രവേലും വെള്ളി നേടി.

vachakam
vachakam
vachakam

ട്രിപ്പിൾ ജമ്പിൽ മറ്റൊരിന്ത്യൻ താരം സെൽവപ്രഭു തിരുമാരനാണ് വെങ്കലം.

പുരുഷന്മാരുടെ പാരാ ഷോട്ട് പുട്ടിൽ എഫ് 57വിഭാഗത്തിൽ ചരിത്ര സ്വർണ നേട്ടത്തോടെ സോമണ റാണ ഇന്ത്യയുടെ അഭിമാനമായി. 13.40 മീറ്റർ ദൂരത്തേയ്ക്ക് ഷോട്ട് പുട്ട് എറിഞ്ഞാണ് റാണയുടെ സ്വർണ നേട്ടം. കോമൺവെൽത്ത് ഗെയിംസിൽ പാരാഷോട്ട്പുട്ടിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. 2006ൽ ജമ്മു കശ്മീരിലെ ലാൻഡ്‌മൈൻ സ്‌ഫോടനത്തിൽ വലതുകാൽ നഷ്ടപ്പെട്ട മുൻ ആർമി ബോക്‌സറായ സോമൻ റാണയുടെ അതിജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് 43ാം വയസിലെ സുവർണ നേട്ടം.

പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 16.58 മീറ്റർ ചാടി ഇന്ത്യയുടെ പ്രവീൺ ചിത്രവേൽ വെള്ളിയും 16.52മീറ്റർ ചാടി സെൽവ പ്രഭു വെങ്കലവും നേടി. 16.72 മീറ്റർ ചാടിയ ജമൈക്കയുടെ ജോർദാൻ സ്‌കോട്ടിനാണ് സ്വർണം. കഴിഞ്ഞതവണയും ട്രിപ്പിളിൽ ഇന്ത്യയ്ക്ക് ഡബിൾ മെഡൽ നേട്ടം ഉണ്ടായിരുന്നു. 2022ൽ വെറും 3 സെന്റിമീറ്റർ വ്യത്യാസത്തിൽ നഷ്ടമായ വെങ്കലം ഇത്തവണ വെള്ളിയാക്കി മാറ്റുകയായിരുന്നു പ്രവീൺ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam