ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി 'ആട് 3'; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19ന്

MARCH 17, 2026, 10:45 AM

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ' ബോക്‌സ് ഓഫീസിൽ വമ്പൻ ഓപ്പണിങ് നേടാനൊരുങ്ങുന്നു. കേരളത്തിലും കേരളത്തിന് പുറത്തും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തുന്ന ആട് 3യുടെ പ്രീസെയിൽസ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ കോടികളുടെ അഡ്വാൻസ് ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

അടുത്തിടെ പുറത്തു വന്ന, ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറിയതോടെ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ വരവേൽക്കാനൊരുങ്ങുന്നത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്ത ചുവടുകളുമായി എത്തിയ 'സുൽത്താൻ' എന്ന ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സെൻസറിങ് പൂർത്തിയാക്കി ക്ലീൻ 'U' സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 47 മിനിറ്റ് ആണ്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതും പ്രേക്ഷകരുടെ ആവേശവും കൗതുകവും വർധിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഓപ്പണിങ് ആണ് ചിത്രം സ്വന്തമാക്കാനൊരുങ്ങുന്നത്.

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെ വെള്ളിത്തിരയിൽ എത്തുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശമാണ് ഇപ്പോൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിംഗ് കാണിച്ചു തരുന്നത്. 'ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ' എന്ന ടൈറ്റിൽ ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന ഉറപ്പും അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് 'ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് '. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 -ാമത്തെ ചിത്രമാണ് ആട് 3.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക് - ഒറിജിനൽ തീം ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം - ന്യൂ തീം ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി സുശീലൻ,  പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, മേക്കപ്പ് -റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - സ്‌റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ -വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ -മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡിറക്ടർസ് - പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ -ഹ്യൂസ് & ടോൺസ് കളർ ഹബ,് കളറിസ്റ്റ് -ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, പിആർഒ ആൻഡ് മാർക്കറ്റിങ് -വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ - എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam