തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ ഗുരുതരമായ ധന മാനേജ്മെന്റ് പാളിച്ചകളും കണക്കുകളിലെ അപാകതകളും അക്കമിട്ടു നിരത്തി പുതിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ദോഷകരമായി ബാധിച്ച ഓഫ് ബജറ്റ് കടമെടുപ്പുകളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വകമാറ്റലും ഉള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് 2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ഉള്ളത്.
പൊതുജനങ്ങളില്‍ നിന്നും ദുരിതബാധിതരെ സഹായിക്കാനായി സ്വരൂപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി രൂപ ചട്ടങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് സിഎജിയുടെ പ്രധാന കണ്ടെത്തല്‍. സര്‍ക്കാരിന്റെ റവന്യൂ കമ്മിയും ധനക്കമ്മിയും കൃത്രിമമായി കുറച്ചുകാണിക്കാനാണ് ഈ വകമാറ്റല്‍ പ്രക്രിയയിലൂടെ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുജന പങ്കാളിത്തത്തോടെയുള്ള ഇത്തരം ഫണ്ടുകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് ഓഡിറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
ബജറ്റിന് പുറത്തുനിന്നുള്ള കടമെടുപ്പുകള്‍ സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കിഫ്ബിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും വഴി മാത്രം 39,230 കോടി രൂപയുടെ ഓഫ് ബജറ്റ് ബാധ്യതയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള കടമെടുപ്പുകള്‍ ഇപ്പോഴും തുടരുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ അധിക ചെലവുകള്‍ക്ക് പ്രധാന കാരണം ഇത്തരം ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവാണ്. കടം വീട്ടാന്‍ മാത്രം 2,684.44 കോടി രൂപയാണ് വിനിയോഗിക്കേണ്ടി വന്നത്.
സംസ്ഥാനത്തിന്റെ ആകെ റവന്യൂ ചെലവിന്റെ 64.40 ശതമാനവും, മൊത്തം റവന്യൂ വരവിന്റെ 80 ശതമാനവും ചിലവഴിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാനാണെന്ന് സിഎജി വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടിലുണ്ടെങ്കിലും സാമ്പത്തിക അച്ചടക്കമില്ലായ്മ തിരിച്ചടിയായി. കേന്ദ്ര വിഹിതത്തിലും സഹായധനത്തിലും 42 ശതമാനത്തിന്റെ വന്‍ കുറവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്തിന്റെ റവന്യൂ വരവില്‍ വെറും 0.30 ശതമാനത്തിന്റെ മാത്രം വളര്‍ച്ചയുണ്ടായപ്പോള്‍, മൊത്തം ചെലവുകള്‍ 8.97 ശതമാനം എന്ന ഉയര്‍ന്ന നിരക്കില്‍ വര്‍ധിക്കുകയും ചെയ്തു.
വരും വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നില്ലെങ്കില്‍ സംസ്ഥാനം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന സൂചനയാണ് സിഎജി റിപ്പോര്‍ട്ട് നല്‍കുന്നത്. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വരും ദിവസങ്ങളില്‍ നിയമസഭയ്ക്കുള്ളിലും പുറത്തും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
