മലപ്പുറം: പാണക്കാട്–മലപ്പുറം റോഡിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. സംഭവത്തിൽ ജില്ലാ കളക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമാനുസൃത അനുമതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയതെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"വലിയ മണ്ണിടിച്ചിലാണ് ഉണ്ടായത്. സംഭവസ്ഥലത്ത് നിർമ്മാണ പ്രവർത്തനം നടന്നുവരികയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അതിന് അനുമതി നൽകിയിരുന്നോയെന്ന് പരിശോധിക്കും. അനുമതിയില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകും. ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. മറ്റ് കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കും. ആദ്യം രക്ഷാപ്രവർത്തനമാണ് പ്രധാനം. ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. മണ്ണ് എത്രയും വേഗം നീക്കം ചെയ്യും," മന്ത്രി പറഞ്ഞു.
അതേസമയം, മണ്ണിടിച്ചിൽ നടന്ന ഭൂമി ഒരു സ്വകാര്യ കമ്പനി ഷോപ്പിങ് കോംപ്ലക്സിനായി വാങ്ങിയതാണെന്നാണ് വാർഡ് കൗൺസിലർ ഉമ്മർ വ്യക്തമാക്കിയത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശമാണെന്ന് നേരത്തേ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും കെട്ടിട നിർമാണത്തിന് നഗരസഭ അനുമതി നൽകിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി നൗഫൽ എന്നയാളുടെ പേരിലാണെന്ന് നഗരസഭാ ചെയർപേഴ്സൺ റിൻഷ അറിയിച്ചു. നിലവിലെ ഭരണസമിതി നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്നും, നഗരസഭ നേരത്തെ കെട്ടിട നിർമാണാനുമതി നൽകിയിട്ടുണ്ടെങ്കിലും ഇപ്പോൾ എന്തിനാണ് നിർമാണം നടത്തുന്നതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ സ്‌ട്രെയ്റ്റ് പാത്ത് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. നാല് വർഷം മുമ്പും ഇതേ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മണ്ണിടിഞ്ഞ സ്ഥലത്തിന് മുകളിലായാണ് സ്കൂളും ഹോസ്റ്റലും സ്ഥിതി ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
