തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഴ് പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി മുൻകൂട്ടി ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തന സംവിധാനങ്ങൾ സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 165 ഹെക്ടർ കൃഷിയിടം നശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൃഷിനാശം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ബാധിതർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളിൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
