പ്രസവാനന്തര ചികിത്സയില്‍ ഗുരുതര വീഴ്ച: അയണ്‍ ഗുളികയ്ക്ക് പകരം പ്രമേഹ മരുന്ന് നല്‍കി, കോട്ടയം മെഡിക്കല്‍ കോളജിനെതിരെ പരാതി

JUNE 23, 2026, 3:44 AM

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായി പരാതി. പ്രസവ ശേഷം കഴിക്കേണ്ട അയണ്‍ ഗുളികയ്ക്ക് പകരം പ്രമേഹത്തിനുള്ള ഗുളികയാണ് ഫാര്‍മസിയില്‍ നിന്നും അധികൃതര്‍ മാറി നല്‍കിയത്. വൈക്കം സ്വദേശിനി ഷൈനിക്കാണ് മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞ മെയ് 10 നായിരുന്നു ഷൈനിയുടെ പ്രസവം. തുടര്‍ന്ന് മെയ് 22 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിയ ശേഷം ഡോക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഫാര്‍മസിയില്‍ നിന്ന് ലഭിച്ച ഗുളികകള്‍ കൃത്യമായി കഴിക്കാന്‍ തുടങ്ങി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ ഷൈനിക്ക് കടുത്ത ക്ഷീണവും കണ്ണിന് മങ്ങലും ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി. ഇതോടൊപ്പം കുഞ്ഞിനും ചില അസ്വസ്ഥതകള്‍ പ്രകടമായിരുന്നു.

അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 16 ന് തുറവൂരിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഷൈനി ചികിത്സ തേടി. ഇവിടെ വെച്ച് ഡോക്ടര്‍ നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ പരിശോധിച്ചപ്പോഴാണ് 24 ദിവസത്തോളമായി കഴിച്ചുകൊണ്ടിരുന്നത് അയണ്‍ ഗുളികയല്ല, മറിച്ച് പ്രമേഹത്തിനുള്ള ശക്തമായ മരുന്നാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.

സംഭവത്തെ തുടര്‍ന്ന് ഷൈനിയുടെ ഭര്‍ത്താവ് സനീഷ് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗര്‍ പൊലീസിലും പരാതി നല്‍കി. തങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവം ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. നീതി ലഭിക്കും വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് ദമ്പതികളുടെ തീരുമാനം. പരാതിയുടെ അടിസ്ഥാനത്തില്‍ ഫാര്‍മസിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam