എന്ന് നിന്റെ മൊയ്തീൻ, കൂടെ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഐ നോബഡി. സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് നിർമ്മിക്കുന്നത്. ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമെന്ന പ്രതേകതയും ഐ നോബഡിക്കുണ്ട്. സെൻസർ ക്ലിയറൻസിന് ശേഷം ഈ ആഴ്ചയോടെ തന്നെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങുന്നതായിരിക്കും.
ചിത്രത്തിൽ 8 ഗാനങ്ങളാണ് ജേക്‌സ് ബിജോയുടേതായി പുറത്തിറങ്ങാനുള്ളത്. ഗാനത്തിന്റെ ഓഡിയോ ലോഞ്ച് ഉടൻ തന്നെ ദുബായിൽ വെച്ച് നടക്കുന്നതായിരിക്കും. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയിൽ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ആഗോള വ്യാപകമായി ജൂലൈ മാസത്തിൽ പുറത്ത് വരുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജേക്‌സ് ബിജോയ് - പൃഥ്വിരാജ് കൂട്ടുക്കെട്ടുണ്ടാക്കുന്ന പ്രതീക്ഷയും നിസ്സാരമല്ല.
2018ൽ പുറത്തിറങ്ങിയ രണം എന്ന പ്രിഥ്വിരാജ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്‌സ് ബിജോയാണ്. കൾട്ട് സ്റ്റാറ്റസ് നേടിയ രണത്തിലെ ഗാനങ്ങൾ ഇപ്പോഴും സോഷ്യൽ മാധ്യമങ്ങൾ വൈറലാണ്. കൂടാതെ 2020ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയിലെയും സംഗീതത്തിന് 2021ലെ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ മികച്ച സംഗീത സംവിധായകൻ മലയാളം പുരസ്‌കാരം നേടിയ ജേക്ക്‌സ് ബിജോയ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംഗീത സംവിധായകരിൽ ഒരാൾ കൂടിയാണ്.
പ്രിഥ്വിരാജ് സിനിമകളായ കുരുതി, ജന ഗണ മന, കടുവ, കാപ്പ, വിലയത്ത് ബുദ്ധ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതവും, പശ്ചാത്തല സംഗീതവും നൽകിയ ജേക്ക്‌സ് ബിജോയ്, തന്റെ കഴിവ് കൊണ്ട് തികച്ചും വേറിട്ടു നിൽക്കുന്നൊരു സംഗീത സംവിധായകനാണ്. പശ്ചാത്തല സംഗീതം വഴി കഥാപാത്രങ്ങളുടെ വികാരങ്ങളെ ശക്തമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിവുള്ള ജേക്‌സ് ബിജോയിയുടെ സംഗീതത്തിന് പൃഥ്വിരാജിന്റെ സിനിമാ യാത്രയിൽ നിർണായകമായൊരു സ്ഥാനം തന്നെയുണ്ട്. നിലവാരത്തിന്റെയും സിനിമാറ്റിക് അനുഭവത്തിന്റെയും ഉറപ്പായി മാറിയിരിക്കുന്ന ജേക്ക്‌സ് ബിജോയ് പ്രിഥ്വിരാജ് കൂട്ടുക്കെട്ട് ഇത്തവണയും ട്രെൻഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം -ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ -ഹാരിസ് ദേശം, എഡിറ്റിംഗ് -റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ - അർഷാദ് നാക്കോത്ത്, മേക്കപ്പ് - റോണക്‌സ് സേവിയർ, കോസ്റ്റിയൂംസ് - ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ -റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ - കിരൺ നെട്ടയം, സംഘടന സംവിധാനം - വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ - നിക്‌സൺ ജോർജ്, വി.എഫ്.എക്‌സ് - ലവാ കുശ, മാർക്കറ്റിംഗ് - കാറ്റലിസ്റ്റ് & റ്റിംഗ്, പ്രൊമോഷൻസ് - പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് - വിപിൻ കുമാർ.വി, കളറിസ്റ്റ് - സുരേഷ് രവി, സ്റ്റീൽസ് - രോഹിത് കെ സുരേഷ്, ഡിസൈൻസ് - യെല്ലോ ടൂത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
