മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്ക് (MCU) ക്യാപ്റ്റൻ അമേരിക്കയായി തിരികെവരുന്ന വാർത്തകൾക്ക് പിന്നാലെ, ആരാധകർക്ക് മറ്റൊരു വമ്പൻ സർപ്രൈസ് കൂടി സമ്മാനിച്ച് നടൻ ക്രിസ് ഇവാൻസ്‍. 2026 ഡിസംബറിൽ റിലീസ് ചെയ്യുന്ന 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ'ക്ക് പുറമെ, 2027-ൽ പുറത്തിറങ്ങാനിരിക്കുന്ന 'അവഞ്ചേഴ്സ്: സീക്രട്ട് വാർസിലും' താൻ സ്റ്റീവ് റോഗേഴ്സായി ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചു.
'കോമിക് കോൺ മോം' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. രഹസ്യങ്ങൾ സൂക്ഷിക്കാൻ തനിക്ക് ഒട്ടും കഴിയില്ലെന്ന് തമാശയായി പറഞ്ഞ ഇവാൻസ്‍, ഏതാനും മാസങ്ങൾക്കുള്ളിൽ അടുത്ത അവഞ്ചേഴ്സ് ചിത്രത്തിന്റെ (സീക്രട്ട് വാർസ്) ഷൂട്ടിംഗിൽ പങ്കുചേരുമെന്ന് വ്യക്തമാക്കി.
ഈ വെളിപ്പെടുത്തലോടെ, 'അവഞ്ചേഴ്സ്: ഡൂംസ്‌ഡേ'യിൽ റോബർട്ട് ഡൗണി ജൂനിയറിന്റെ വില്ലൻ കഥാപാത്രമായ ഡോക്ടർ ഡൂമിന്റെ ആക്രമണങ്ങളെ അതിജീവിച്ച് സ്റ്റീവ് റോഗേഴ്സ് അടുത്ത ഭാഗത്തിലേക്കും എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 2019-ൽ പുറത്തിറങ്ങിയ 'അവഞ്ചേഴ്സ്: എൻഡ് ഗെയിം' എന്ന ചിത്രത്തിന് ശേഷം ക്രിസ് ഇവാൻസ്‍ മാർവൽ പ്രപഞ്ചത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് 'ഡൂംസ്‌ഡേ'.
ചിത്രത്തിന്റെ ആദ്യ ടീസർ പ്രകാരം സ്റ്റീവ് റോഗേഴ്സ് തന്റെ ക്യാപ്റ്റൻ അമേരിക്ക വേഷം അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കുന്നതായാണ് കാണിക്കുന്നത്. കൂടാതെ പെഗ്ഗി കാർട്ടറുമായുള്ള ബന്ധത്തിൽ സ്റ്റീവ് റോഗേഴ്സിന് ഒരു കുഞ്ഞുണ്ടായതായും ടീസർ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ സ്റ്റീവ് റോഗേഴ്സ് എന്ന പേരിൽ മാത്രമായിരിക്കും ഇവാൻസ്‍ എത്തുക.
അതിനാൽ ആന്റണി മാക്കി അവതരിപ്പിക്കുന്ന 'സാം വിൽസൺ' തന്നെയാകും ചിത്രത്തിലെ ഔദ്യോഗിക ക്യാപ്റ്റൻ അമേരിക്ക. എന്നാൽ 2027-ലെ 'സീക്രട്ട് വാർസ്' ചിത്രത്തോടെ മാർവൽ തങ്ങളുടെ സിനിമാ പ്രപഞ്ചം പുനഃക്രമീകരിക്കുന്നതിന് മുൻപ്, സ്റ്റീവ് റോഗേഴ്സിനെ അവസാനമായി ഒരിക്കൽ കൂടി ക്യാപ്റ്റൻ അമേരിക്കയുടെ പൂർണ്ണരൂപത്തിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
റോബർട്ട് ഡൗണി ജൂനിയർ ഐറൺ മാനായല്ല, മറിച്ച് സാങ്കേതികവിദ്യയിലും മന്ത്രവിദ്യയിലും അഗ്രഗണ്യനായ 'ഡോക്ടർ ഡൂം' എന്ന വില്ലൻ കഥാപാത്രമായാണ് ഈ ചിത്രങ്ങളിലൂടെ മടങ്ങിയെത്തുന്നത് എന്നത് ചിത്രത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു. നിർണ്ണായകമായ ഈ അവഞ്ചേഴ്സ് ചിത്രം 2026 ഡിസംബർ 18-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
