ബെംഗളൂരു: ഒന്നിലധികം സംസ്ഥാനങ്ങളിലായി വ്യാജ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വച്ചെന്ന കേസില്‍ തനിക്കെതിരെ ബംഗളൂരു കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്.
മൂന്ന് സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉണ്ടെന്ന് കാണിച്ച് ദിലീപ് കുമാര്‍ എന്നയാള്‍ നല്കിയ പരാതിയിലാണ് നടപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളില്‍ താരത്തിന് വോട്ടര്‍ ഐഡി ഉണ്ടെന്നും, കോടതി മൂന്ന് തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനാലാണ് ബെംഗളൂരു കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതെന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.
തനിക്കെതിരെ പ്രചരിച്ച വാര്‍ത്താ കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജ് ഈ പ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയത്.
'ചിലര്‍ വ്യാജ വാര്‍ത്തകളുണ്ടാക്കി അത് പ്രചരിപ്പിക്കുകയാണ്. അവരെ എപ്പോഴും എന്തെങ്കിലും ജോലി ഏല്‍പ്പിച്ച് തിരക്കുള്ളവരാക്കി നിര്‍ത്തുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്' - പ്രകാശ് രാജ് പരിഹാസത്തോടെ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
