സ്വകാര്യ ഡിറ്റക്ടീവുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം വേണം: കേന്ദ്ര നിയമ മന്ത്രാലയത്തോട് സുപ്രീം കോടതി

AUGUST 2, 2026, 9:35 PM

ന്യൂഡല്‍ഹി: രാജ്യത്ത് സ്വകാര്യ അന്വേഷണ ഏജന്‍സികളുടെയും ഡിറ്റക്ടീവുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാനും അവരുടെ ഉത്തരവാദിത്തം ഉറപ്പാക്കാനും കൃത്യമായ നിയമ സംവിധാനം അടിയന്തരമായി ആവശ്യമാണെന്ന് സുപ്രീം കോടതി. സ്വകാര്യ വിവര ശേഖരണത്തിനും തെളിവുകള്‍ സംഘടിപ്പിക്കുന്നതിനുമായി വ്യക്തികള്‍ സ്വകാര്യ അന്വേഷകരെ ആശ്രയിക്കുന്നത് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി കേന്ദ്ര നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് വിവാഹേതര ബന്ധമുള്ളതിനാല്‍ ജീവനാംശം നല്‍കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായകമായ ഈ നിരീക്ഷണം. ഭാര്യയുടെ അപരിചിതമായ ബന്ധം തെളിയിക്കുന്നതിനായി 92 വീഡിയോകളും 237 ചിത്രങ്ങളുമാണ് ഭര്‍ത്താവ് കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയത്. ഇത്രയധികം ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ അന്വേഷകരുടെ സഹായം തേടിയിട്ടുണ്ടാകാമെന്ന് സംശയിച്ച ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച്, ഇത്തരം തെളിവെടുപ്പുകള്‍ വ്യക്തി സ്വാതന്ത്ര്യത്തെയും നിയമ സാധുതയെയും കുറിച്ച് ഗുരുതരമായ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കി.

ആരുടെ അനുവാദത്തോടെയാണ് ഇത്രയും ദൃശ്യങ്ങള്‍ പകര്‍ത്തിയത്, ഇവയുടെ വിശ്വസനീയതയും ഉറവിടവും എന്താണ്, ശേഖരിച്ച തെളിവുകള്‍ വ്യാജമായി നിര്‍മിച്ചതാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിലുള്ള സ്വകാര്യ തെളിവുശേഖരണം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, സ്വകാര്യ ഡിറ്റക്ടീവുകളുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികള്‍ക്ക് പരാതി നല്‍കാനും നിയമപരിഹാരം കാണാനും പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം.

സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുക, കൃത്യമായ രേഖകള്‍ സൂക്ഷിക്കുക, ഏതെല്ലാം മേഖലകളില്‍ അന്വേഷണം നടത്താന്‍ പാടില്ല എന്ന് വ്യക്തമാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2007 ല്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെട്ട സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സീസ് നിയന്ത്രണ ബില്ലിന്റെ കാര്യവും സുപ്രീംകോടതി ഈ വേളയില്‍ ചൂണ്ടിക്കാട്ടി. വിധിന്യായത്തിന്റെ പകര്‍പ്പ് അടിയന്തര നടപടികള്‍ക്കായി കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും കോടതി നിര്‍ദേശിച്ചു.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണം അന്വേഷിച്ച് തീര്‍പ്പാക്കിയ ശേഷമേ ജീവനാംശം അനുവദിക്കാവൂയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam