ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) സുപ്രീം കോടതി ജഡ്ജിമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉപേക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെടെയുള്ള നീതിപീഠത്തിലെ പ്രമുഖരുമായി ഒക്ടോബര്‍ ആറിന് കൂടിക്കാഴ്ച നടത്താനായിരുന്നു ജെ.പി.സിയുടെ പ്രാഥമിക തീരുമാനം. എന്നാല്‍ സമിതിയംഗങ്ങളുടെ അസൗകര്യം മൂലം സന്ദര്‍ശനം വേണ്ടെന്നുവെക്കുകയാണെന്ന് സമിതി അധ്യക്ഷനും ബി.ജെ.പി എം.പിയുമായ പി.പി ചൗധരി അറിയിച്ചു.
സമിതിയുടെ ഈ നീക്കം ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുന്‍നിര അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ വ്യാഴാഴ്ച നടത്തുന്ന പത്രസമ്മേളനത്തിലാണ് പാര്‍ലമെന്ററി സമിതിയുടെ കോടതി സന്ദര്‍ശന നീക്കം പുറത്തുവിട്ടത്. നിയമനിര്‍മ്മാണം നടത്തുന്നത് പാര്‍ലമെന്റിന്റെ ചുമതലയാണെന്നും, അതിന് ഭരണഘടനാ സാധുതയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് നീതിപീഠമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒറ്റത്തിരഞ്ഞെടുപ്പ്' ബില്‍ നിയമമായി മാറിയാല്‍ അതിനെതിരെയുണ്ടാകുന്ന ഹര്‍ജികള്‍ പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണ്. ഈ സാഹചര്യത്തില്‍ ബില്‍ പാസാക്കുന്നതിന് മുന്‍പ് ജഡ്ജിമാരുമായി സമിതി ചര്‍ച്ച നടത്തുന്നത് ഭരണഘടന അനുശാസിക്കുന്ന അധികാര വിഭജന തത്ത്വങ്ങളുടെ ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വിഷയത്തില്‍ പ്രതിപക്ഷ എം.പിമാര്‍ ശക്തമായ പ്രതിഷേധവുമായി സമിതിയധ്യക്ഷന് കത്ത് നല്‍കിയതോടെയാണ് ജെ.പി.സി നീക്കത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
