പാണക്കാട് മണ്ണിടിച്ചിൽ; അനുമതി കാലാവധി കഴിഞ്ഞിട്ടും മണ്ണെടുപ്പ് തുടർന്നു; നിർണായക രേഖകൾ പുറത്ത്

AUGUST 3, 2026, 4:52 AM

മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് അനുമതി കാലാവധി അവസാനിച്ച ശേഷവും മണ്ണെടുപ്പും നിർമാണ പ്രവർത്തനങ്ങളും തുടർന്നിരുന്നുവെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതി അവസാനിച്ചിട്ടും പ്രവർത്തനങ്ങൾ തുടർന്നതായി വ്യക്തമാക്കുന്ന രേഖകളാണ് റിപ്പോർട്ടറിന് ലഭിച്ചത്. ഇതോടെ പ്രദേശത്ത് നടന്നത് പൂർണമായും അനധികൃത നിർമാണ പ്രവർത്തനങ്ങളാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ജിയോളജി വകുപ്പ് പാറപൊട്ടിക്കാനായി നൽകിയ അനുമതി ജൂൺ 19നും നഗരസഭ അനുവദിച്ച മണ്ണെടുപ്പ് അനുമതി ജൂൺ 20നും അവസാനിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. പിന്നീട് അനുമതി പുതുക്കിയിട്ടില്ലെന്നും മലപ്പുറം നഗരസഭ ചെയർപേഴ്സൺ റിൻഷ സ്ഥിരീകരിച്ചു.

അനുമതി പുതുക്കാതെ പ്രവർത്തനം നടത്തിയ കമ്പനിയുടെ ലൈസൻസ് റദ്ദാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനിടെയും ഏപ്രിൽ ഒന്നിന് പ്രദേശത്ത് മണ്ണെടുത്തിരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ അനാസ്ഥയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

പരിസ്ഥിതി ലോല മേഖലയായ പ്രദേശത്ത് എങ്ങനെയാണ് മണ്ണെടുപ്പിനും പാറപൊട്ടിക്കലിനും അനുമതി ലഭിച്ചതെന്ന ചോദ്യവും ശക്തമാകുകയാണ്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

അതേസമയം, മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ മഴ വീണ്ടും ലഭിച്ചാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്ക തുടരുകയാണ്. 2018-ലും സമാനമായ രീതിയിൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നെങ്കിലും അത് പരിഗണിച്ചില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

മണ്ണിടിച്ചിൽ നടന്ന സ്ഥലത്തെ നിർമാണാനുമതി നഗരസഭ നൽകിയതാണെന്ന് മലപ്പുറം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അൻവർ സാദത്ത് അറിയിച്ചു. പാറപൊട്ടിക്കാനുള്ള അനുമതി ജിയോളജി വകുപ്പാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സംഭവത്തെ തുടർന്ന് 200 മീറ്റർ പരിധിക്കുള്ളിലുള്ള ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും നിലവിൽ അപകട മേഖലയിൽ ആരുമില്ലെന്നും എഡിഎം അറിയിച്ചു. മുകളിലെ ഭാഗത്ത് നിന്ന് ഇപ്പോഴും മണ്ണ് ഒഴുകിവരുന്നതിനാൽ അടിഞ്ഞുകിടക്കുന്ന മണ്ണ് ഇപ്പോൾ നീക്കം ചെയ്യാനാകില്ല. മഴ പൂർണമായി ശമിച്ച ശേഷമേ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ മുന്നറിയിപ്പിലെ മാറ്റങ്ങൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും റോഡിൽ അടിഞ്ഞുകിടക്കുന്ന മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam