ക്രിക്കറ്റ് കളിനിയമങ്ങളിൽ നിർണായക മാറ്റങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമങ്ങളിൽ 73 പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 2022ന് ശേഷം ആദ്യമായാണ് എം.സി.സി നിയമങ്ങൾ ഇത്രയും സമഗ്രമായി പരിഷ്‌കരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും ബാറ്റിംഗും ബൗളിഗും തമ്മിലുള്ള സന്തുലനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ. പുതിയ നിയമങ്ങൾ തങ്ങളുടെ ആഭ്യന്തര ടൂർണമെന്റുകളിൽ എങ്ങനെ ഉൾപ്പെടുത്തണമെന്ന് അതത് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾക്ക് തീരുമാനിക്കാം.
ടെസ്റ്റ് ഉൾപ്പെടെയുള്ള മൾട്ടിഡേ മത്സരങ്ങളിൽ ദിവസത്തെ അവസാന ഓവറിൽ വിക്കറ്റ് വീണാൽ ഉടൻ കളി അവസാനിപ്പിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.
വെളിച്ചവും കാലാവസ്ഥയും അനുയോജ്യമാണെങ്കിൽ പുതിയ ബാറ്റർ ക്രീസിലെത്തി ആ ഓവറിലെ ബാക്കി പന്തുകൾ കൂടി നേരിടണം. വൈകുന്നേരങ്ങളിൽ വിക്കറ്റ് വീഴ്ത്തുന്ന ബോളിംഗ് ടീമിന് അർഹിച്ച ആനുകൂല്യം ഉറപ്പാക്കാനാണ് ഈ പരിഷ്‌കാരം. സ്റ്റംപിലേക്ക് പന്ത് എറിഞ്ഞ് റണ്ണൗട്ടിനോ റൺസ് തടയാനോ ശ്രമിക്കുന്നതിനെ മാത്രമേ ഇനി 'ഓവർത്രോ' ആയി കണക്കാക്കൂ എന്നും സാധാരണ മിസ്ഫീൽഡുകളെ ഇതിൽ നിന്ന് ഒഴിവാക്കിയെന്നും എം.സി.സി വ്യക്തമാക്കി.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്
1. അവസാന ഓവറിൽ വിക്കറ്റ് വീണാലും കളി തുടരും: ടെസ്റ്റ് ഉൾപ്പെടെയുള്ള മൾട്ടിഡേ മത്സരങ്ങളിൽ ദിവസത്തെ അവസാന ഓവറിൽ വിക്കറ്റ് വീണാൽ കളി ആ ഓവറോടെ അവസാനിപ്പിക്കുന്ന രീതി ഇനി ഉണ്ടാകില്ല. വെളിച്ചവും കാലാവസ്ഥയും അനുയോജ്യമാണെങ്കിൽ പുതിയ ബാറ്റർ ക്രീസിലെത്തി ആ ഓവറിലെ ബാക്കി പന്തുകൾ കൂടി നേരിടണം. ബോളിംഗ് ടീമിന് അർഹിച്ച ആനുകൂല്യം നൽകാനാണ് ഈ മാറ്റം.
2. ബൗണ്ടറി ക്യാച്ചുകളിലെ 'ബണ്ണി ഹോപ്പ് ' ലൂപ്പ്‌ഹോൾ അടച്ചു: ബൗണ്ടറി ലൈനിന് പുറത്തുനിന്ന് ചാടി ഉയരുന്ന ഫീൽഡർക്ക് പന്തിൽ അന്തരീക്ഷത്തിൽ വച്ച് ഒരു തവണ മാത്രമേ പന്തിൽ തൊടാനാകൂ. അതിനുശേഷം ലാൻഡ് ചെയ്യുന്ന ഓരോ തവണയും ഫീൽഡർ ഗ്രൗണ്ടിന് അകത്തായിരിക്കണം.
3. ഓവർത്രോയും മിസ്ഫീൽഡും വേർതിരിച്ചു: സ്റ്റംപിലേക്ക് പന്ത് എറിഞ്ഞ് റണ്ണൗട്ടിനോ റൺസ് തടയാനോ ശ്രമിക്കുന്നതിനെ മാത്രമേ ഇനി 'ഓവർത്രോ' ആയി കണക്കാക്കൂ. സാധാരണ മിസ്ഫീൽഡുകളെ ഇതിൽ നിന്ന് ഒഴിവാക്കി വ്യക്തത വരുത്തി.
4. ഡെഡ് ബോൾ നിബന്ധനയിൽ ഇളവ്: പന്ത് 'ഡെഡ് ' ആയി പ്രഖ്യാപിക്കാൻ അത് ബൗളറുടെയോ വിക്കറ്റ് കീപ്പറുടെയോ കയ്യിൽത്തന്നെ എത്തണമെന്നില്ല. ഏതൊരു ഫീൽഡറുടെ കയ്യിലിരുന്നാലും പന്തിന്റെ ചലനം നിലച്ചാൽ അമ്പയർക്ക് ഡെഡ് ബോൾ പ്രഖ്യാപിക്കാം.
5. വിക്കറ്റ് കീപ്പറുടെ സ്ഥാനം: ബൗളർ പന്തെറിയുന്ന നിമിഷത്തിൽ (റിലീസ് പോയിന്റ്) വിക്കറ്റ് കീപ്പർ പൂർണ്ണമായും സ്റ്റംപിന് പിന്നിലായിരിക്കണം. ബൗളറുടെ റൺഅപ്പിനിടെ ഗ്ലൗസുകൾ സ്റ്റംപിന് മുന്നിലേക്ക് വരാമെങ്കിലും പന്ത് എറിയുമ്പോൾ കൈകൾ പിന്നിലായിരിക്കണം.
6. ഹിറ്റ് വിക്കറ്റ് നിയമത്തിലെ വ്യക്തത: ഷോട്ട് കളിച്ച ശേഷം ബാലൻസ് നഷ്ടപ്പെട്ട് സ്റ്റംപിൽ തട്ടിയാലും ബാറ്റർ ഔട്ടാകും. എന്നാൽ ഫീൽഡർ തട്ടി ബാറ്റർ സ്റ്റംപിലേക്ക് വീണാൽ ഔട്ട് അനുവദിക്കില്ല. ബാറ്റിന്റെയോ ഉപകരണങ്ങളുടെയോ കഷണങ്ങൾ മറ്റ് കളിക്കാരിൽ തട്ടിയ ശേഷം സ്റ്റംപിൽ വീണാലും ഹിറ്റ് വിക്കറ്റാവില്ല.
7. റണ്ണൗട്ടിന് പൂർണ്ണ നിയന്ത്രണം വേണം: വെറുതെ പന്ത് കൊണ്ട് സ്റ്റംപിൽ തട്ടിയാൽ റണ്ണൗട്ടോ സ്റ്റമ്പിംഗോ അനുവദിക്കില്ല. വിക്കറ്റ് വീഴ്ത്തുന്ന സമയത്ത് പന്തിന്മേൽ ഫീൽഡർക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം.
8. ലാമിനേറ്റഡ് ബാറ്റുകൾക്ക് അനുമതി: മുതിർന്നവരുടെ വിനോദ ക്രിക്കറ്റിൽ ഇനി മൂന്ന് കഷ്ണം മരങ്ങൾ ചേർത്തുണ്ടാക്കുന്ന ലാമിനേറ്റഡ് ബാറ്റുകൾ ഉപയോഗിക്കാം. ബാറ്റുകളുടെ വിലവർധനവ് തടയാനാണ് ഈ തീരുമാനം.
9. മറ്റ് മാറ്റങ്ങൾ: മന:പ്പൂർവ്വം ഷോർട്ട് റൺ എടുക്കുന്ന സന്ദർഭങ്ങളിൽ അടുത്ത പന്തിൽ ആര് സ്‌ട്രൈക്ക് നേരിടണമെന്ന് എതിർ ടീമിന് തീരുമാനിക്കാം. കൂടാതെ പുരുഷ, വനിതാ, ജൂനിയർ ക്രിക്കറ്റുകൾക്കായി പന്തുകളുടെ വലിപ്പത്തിൽ ഏകീകൃത അളവുകൾ നിശ്ചയിച്ചിട്ടുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
