കൊച്ചി: ആർ. മാധവൻ നായകനാകുന്ന ‘ജി.ഡി.എൻ’ ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്താനിരിക്കെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പ്രത്യേക മത്സരം പ്രഖ്യാപിച്ചു. നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത് ട്രെയിലർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്ക് സ്വർണനാണയങ്ങൾ നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
മത്സരത്തിൽ ഏറ്റവും കൂടുതൽ കോയിൻസ് നേടുന്ന വിജയിക്ക് ഒന്നാം സമ്മാനമായി 10 ഗ്രാം സ്വർണം ലഭിക്കും. രണ്ടാം സ്ഥാനം മുതൽ പത്താം സ്ഥാനം വരെ എത്തുന്നവർക്ക് രണ്ട് ഗ്രാം സ്വർണം വീതവും സമ്മാനമായി നൽകും. നിർമാതാക്കളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്യൂആർ കോഡ് ലഭ്യമാകുക. ഓഗസ്റ്റ് 6 വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം.
ഇന്ത്യയുടെ പ്രമുഖ എഞ്ചിനീയറും കണ്ടുപിടിത്തകാരനുമായ ജി. ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കാണ് ‘ജി.ഡി.എൻ’. അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ രാജ്യത്തെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജി. ഡി. നായിഡു.
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ നിർമിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിനാണ്. അതുകൊണ്ടുതന്നെ ‘ഇന്ത്യയുടെ എഡിസൺ’ എന്ന വിശേഷണത്താലും അദ്ദേഹം അറിയപ്പെടുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശാസ്ത്രലോകത്തേക്കുള്ള ജി. ഡി. നായിഡുവിന്റെ യാത്രയും ഒരു വ്യവസായ സംരംഭകനെന്ന നിലയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും അവതരിപ്പിക്കുന്നു.
ആർ. മാധവനൊപ്പം സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൃഷ്ണകുമാർ രാമകുമാറും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനം നിർവഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാറാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
