തിരുവനന്തപുരം: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗായകൻ ജോബ് കുര്യൻ. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എസ്‌ഐആറിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും ഐക്യദാർഢ്യം അറിയിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നടപടികളിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നുമാണ് ജോബ് കുര്യന്റെ ആവശ്യം. ഓരോ പൗരനും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും ഓരോ വോട്ടും കൃത്യമായി എണ്ണപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണമെന്നും അദ്ദേഹം കുറിച്ചു.
ഈ അവകാശം ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച നേതാക്കളോടും സമരസേനാനികളോടും കാണിക്കുന്ന അനാദരവായിരിക്കുമതെന്നും ജോബ് അഭിപ്രായപ്പെട്ടു. ജാതിയും മതവും പരിഗണിക്കാതെ എല്ലാവരുടെയും വോട്ടവകാശം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിന്റെ നടപടികളെയും ഗായകൻ വിമർശിച്ചു. മതവിദ്വേഷം പ്രചരിപ്പിക്കൽ, മുൻകാല നേതാക്കളെ കുറ്റപ്പെടുത്തൽ, സ്ഥലങ്ങളുടെ പേരുകൾ മാറ്റൽ, ഭാഷ അടിച്ചേൽപ്പിക്കൽ, ഭക്ഷണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ, സമൂഹത്തിൽ ഭിന്നതയുണ്ടാക്കാവുന്ന ഗാനത്തിന്റെ അധിക വരികൾ പാടാൻ പൗരന്മാരെ നിർബന്ധിക്കൽ തുടങ്ങിയ നടപടികൾ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.
ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് ഇത്തരം നടപടികളെന്നാണ് ജോബിന്റെ വിമർശനം. കേന്ദ്രത്തിൽ ഭരണമാറ്റം ആവശ്യമാണെന്നും അതിനുള്ള സമയം അതിക്രമിച്ചെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
