വർഷങ്ങളായുള്ള നൃത്തം കാലുകൾക്ക് പ്രശ്‌നം ഉണ്ടാക്കി; ആരോഗ്യസ്ഥിതി വെളിപ്പെടുത്തി നടി ശോഭന

OCTOBER 20, 2026, 10:41 PM

മോഹൻലാലിനെയും മ്മൂട്ടിയെയും പോലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി  ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിനു വേണ്ടിയാണ് ശോഭന ഇപ്പോൾ തന്റെ സമയം മാറ്റിവെയ്ക്കുന്നത്. വർഷങ്ങളായുള്ള നൃത്തം കാൽക്കുഴകൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ചും വാം-അപ്പ് വ്യായാമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ശോഭന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

"ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ചെന്നൈയിൽ പടരുന്ന ഒരു വൈറൽ പനി എനിക്കുമുണ്ട്. അതോടൊപ്പം എന്റെ രണ്ട് കാലുകൾക്കും ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്റെ രണ്ട് പാദങ്ങളുടെയും ആർച്ചുകളെ താങ്ങിനിർത്തുന്ന ടെൻഡനുകൾ (ഞരമ്പുകൾ) ദുർബലമാണ്... അതുകൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. എനിക്ക് അത് നിരന്തരം ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ കുഴപ്പമില്ല... വർഷങ്ങളായുള്ള നൃത്ത പ്രകടനങ്ങൾ കാരണമാണ് ഇത്... ഇതൊക്കെ പ്രതീക്ഷിക്കേണ്ടതു തന്നെയാണ്. ഞങ്ങളുടെ തലമുറയിലുള്ളവർ ഇന്നത്തെ കലാകാരന്മാർ മുൻകരുതലായി ചെയ്യുന്നതുപോലെ വാം-അപ്പുകളോ ഇത്തരം വ്യായാമങ്ങളോ ഒന്നും ചെയ്യാറില്ലായിരുന്നു... എങ്കിലും ഇതിനെല്ലാം അതിന്റേതായ മൂല്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്," ശോഭന തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി.

സിനിമാ നൃത്ത കുടുംബത്തില്‍ നിന്നാണ് ശോഭനയും വരുന്നത്. തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലും പിന്നീട് നൃത്തത്തിലും ശോഭന എത്തിയത്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്ന് തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.

vachakam
vachakam
vachakam

1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ, ശോഭന എന്ന പേര് പ്രേക്ഷകരുടെ മനസ്സുകളിൽ പച്ചകുത്തിയതുപോലെ പതിയുകയായിരുന്നു.

അഴകും പ്രതിഭയും ഒത്തിണങ്ങിയ നായിക എന്ന രീതിയിൽ മാത്രമല്ല ശോഭന ശ്രദ്ധേയയാവുന്നത്, അപൂർവ്വസുന്ദരമായൊരു വ്യക്തിത്വം കൂടി അവർക്ക് അവകാശപ്പെടാനുണ്ട്. അഭിമുഖങ്ങളിലും മറ്റും വളരെ ഇന്റലിജന്റായും സുവ്യക്തതയോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്ന ഒരാൾ കൂടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ വിളിച്ചില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് നേരെ ചൊവ്വെയിൽ ജോണി ലൂക്കോസ് ചോദിച്ചപ്പോൾ, ചിലപ്പോൾ രാജ് കപൂർ വിളിച്ചേനെയെന്നാണ് ശോഭന ഉത്തരമേകിയത്.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത് രണ്ട് തവണയാണ്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം, കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം, പത്മശ്രീ പുരസ്കാരം, ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ (Kalarpana) എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് മകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam