കാർട്ടൺ കമ്പനി കരാർ വിവാദം: വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.പി. ദിവ്യ

OCTOBER 23, 2026, 5:35 AM

കണ്ണൂർ: കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം നേതാവ് പി.പി. ദിവ്യ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാൽ അത് പരാതിക്കാരനായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറാണെന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും തന്റെ ഭാഗത്ത് ഒന്നും മറച്ചുവെക്കാനില്ലെന്നും അവർ വ്യക്തമാക്കി.

ഷമ്മാസിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ താൽപ്പര്യങ്ങളെക്കുറിച്ച് അറിയാമെന്ന് സൂചിപ്പിച്ച ദിവ്യ, രാഷ്ട്രീയ എതിരാളികൾക്ക് പിന്തുണ നൽകുന്നവരെയും വിമർശിച്ചു. “ആ യൂദാസുമാരുടെ മുഖംമൂടികൾ പുറത്തുവരേണ്ട സമയത്ത് ജനങ്ങൾക്ക് മുന്നിലെത്തും” എന്നായിരുന്നു അവരുടെ കുറിപ്പ്.

മുഹമ്മദ് ഷമ്മാസ് തനിക്കെതിരെ നിരന്തരമായി അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ദിവ്യ പറഞ്ഞു. വാർത്ത നൽകിയ മാധ്യമങ്ങൾക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്. ആ കേസിലെ നിയമനടപടികൾ തുടരട്ടെയെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

തന്റെ സ്വത്തുവിവരങ്ങളും ദിവ്യ കുറിപ്പിൽ വിശദീകരിച്ചു. ഭർത്താവിന്റെ പേരിൽ അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണുള്ളതെന്ന് അവർ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നുമില്ലെന്നാണ് ദിവ്യയുടെ വിശദീകരണം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. അനധികൃത സ്വത്ത് സമ്പാദ്യവും അന്വേഷിക്കണമെന്ന് കെഎസ്‌യു നേതാവ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നിരുന്നുവെന്നും ഇപ്പോൾ വീണ്ടും വിജിലൻസ് എത്തുകയാണെന്നും ദിവ്യ പറഞ്ഞു.

ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ ദിവ്യ, കുറ്റം ചെയ്തവർ നിയമനടപടി നേരിടുമെന്നും തെറ്റ് ചെയ്യാത്തവരെ നിയമം സംരക്ഷിക്കുമെന്നും കുറിപ്പിൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam