പാലക്കാട് : അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണങ്ങളുടെ കാരണങ്ങൾ വിദഗ്ദ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ദ്ധ സംഘങ്ങളെ നിയോഗിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. നവജാത ശിശുക്കളുടെ മരണകാരണങ്ങൾ സമഗ്രവും സുതാര്യവുമായി പരിശോധിക്കണം. ഡി.എച്ച്.എസും ഡി.എം.ഇ യും അഞ്ചാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. വിദഗ്ദ്ധ സംഘം ബന്ധപ്പെട്ട മേധാവികൾക്ക് സമർപ്പിക്കുന്ന രേഖകൾ അന്വേഷണ റിപ്പോർട്ടിനൊപ്പം കമ്മീഷന്റെ പരിശോധനകൾക്കായി ഹാജരാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
നവജാതശിശു മരണം അവസാനിപ്പിക്കാൻ അട്ടപ്പാടി, അഗളി മേഖലയിലെ സർക്കാർ ആശുപത്രികൾ സ്വീകരിക്കേണ്ട നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
അട്ടപ്പാടി മേഖലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർ വിലയിരുത്തണം. ആദിവാസി മേഖലയിലുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള മികവുറ്റ പ്രവർത്തനങ്ങൾ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കുന്ന നടപടികളെകുറിച്ചുള്ള റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ജനുവരി 5 ന് രാവിലെ 10 ന് മനുഷ്യാവകാശ കമ്മീഷന്റെ തിരുവനന്തപുരത്തുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡപ്യൂട്ടി ഡി.എച്ച്.എസും ഡപ്യൂട്ടി ഡി.എം.ഒ യും ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പത്രവാർത്താടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
