തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹം ആദരവോടെ ചേർത്തുപിടിക്കുന്ന പുതിയൊരു സംസ്കാരത്തിന് കേരളം തുടക്കം കുറിക്കുകയാണെന്നും ഇതിന്റെ ഭാഗമായി രാജ്യത്ത് തന്നെ ആദ്യമായി 'നോ ബാരിയേഴ്സ്' (No Barriers) എന്ന വിപുലമായ പദ്ധതി ഈ മാസം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
വികസിത രാജ്യങ്ങളിലെ അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്രമായ ഭിന്നശേഷി നയവും പദ്ധതികളും സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിപി വേൾഡ് (DP World), റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം സെൻട്രൽ, ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (BMVSS) - ജയ്പൂർ ഫൂട്ട് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ സൗജന്യ കൃത്രിമ അവയവ വിതരണ ക്യാമ്പ് വഴുതക്കാട് ഫ്രീമേസൺസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും ഒറ്റയ്ക്കല്ല, ഞങ്ങൾ ഒപ്പമുണ്ട് എന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. സീനിയർ സിറ്റിസൺസിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. 2018-ലെ പ്രളയകാലം മുതൽ റോട്ടറി ക്ലബ്ബുകളും ഡിപി വേൾഡും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. സാധാരണക്കാർക്ക് താങ്ങാനാവാത്ത ചെലവുള്ള കൃത്രിമ അവയവങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയോടെ സൗജന്യമായി ലഭ്യമാക്കുന്നത് വഴി നാനൂറോളം പേരെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്," മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വെച്ച് 2026 ജൂണിൽ സംഭവിച്ച റോഡപകടത്തിൽ കാൽ നഷ്ടപ്പെട്ട കുശവരക്കൽ ഗവൺമെന്റ് യു.പി.എസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനുഗ്രഹ എൽ.വി. നായർക്ക് മുഖ്യമന്ത്രി കൃത്രിമ കാൽ കൈമാറി. റോട്ടറി ക്ലബ്ബിൽ 40 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെയും അദ്ദേഹം ആദരിച്ചു. റോട്ടറി ക്ലബ്ബിൽ 40 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെയും അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നുമായി ചലനശേഷി വെല്ലുവിളികൾ നേരിടുന്ന 400 പേർക്ക് ഈ ക്യാമ്പിലൂടെ സൗജന്യമായി കൃത്രിമ അവയവങ്ങളും കാലിപ്പറുകളും മറ്റ് സഹായ ഉപകരണങ്ങളും നൽകും. ക്യാമ്പിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുടെയും ശാരീരിക ആവശ്യങ്ങൾ പ്രത്യേകമായി വിലയിരുത്തി ജയ്പൂർ ഫൂട്ടിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അവർക്ക് അനുയോജ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് ഘടിപ്പിച്ചു നൽകും. നവംബർ 12 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
