കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജോലിക്കായി വിദേശത്ത് പോകാന്‍ അനുമതി വേണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തച്ചങ്കരിയുടെ അസുഖങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് തീരുമാനമെടുക്കാം. ശ്വാസം മുട്ടലാണെന്ന് പറഞ്ഞ തച്ചങ്കരിയോട്, ശ്വാസം മുട്ടലുള്ള ആള് വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണെന്ന് കോടതി ചോദിച്ചു.
ജാമ്യാപേക്ഷയിലും ജാമ്യത്തില്‍ ഇളവ് തേടിയുള്ള അപേക്ഷകളിലും തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുധ്യങ്ങളുണ്ട്. തച്ചങ്കരിക്ക് വലിയ അസുഖമുണ്ടെന്ന് പറയുന്നു. എന്താണ് അസുഖമെന്ന് കോടതി ചോദിച്ചു. ശിക്ഷിക്കപ്പെട്ട ശേഷം തച്ചങ്കരി ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ജയിലിലെ സെല്‍ കണ്ടോയെന്ന് കോടതി ചോദിച്ചു.
അപേക്ഷ പിന്‍വലിച്ചാലും തച്ചങ്കരിയുടെ അസുഖം കണ്ടെത്താന്‍ സ്വമേധയാ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ജയിലിലെത്തിയതു മുതല്‍ ജാമ്യത്തിലിറങ്ങുന്നതു വരെ തച്ചങ്കരി ജയില്‍ ആശുപത്രിയിലായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥരുമായി എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കും. ഇത്രയധികം അസുഖമുള്ള ആള് എങ്ങനെ വിദേശത്തേക്ക് പോകുമെന്നും ഹൈക്കോടതി ചോദിച്ചു.
തനിക്ക് ശ്വാസ തടസ്സം ഉണ്ടെന്നും, ഇതിന് പ്രത്യേക മെഷീന് ഉപയോഗിക്കുന്നുണ്ട്. ഇതിന് പ്ലഗ് പോയിന്റ് വേണം. അതിനാലാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്ന് ടോമിന് തച്ചങ്കരി കോടതിയെ അറിയിച്ചു. ഇത്രയധികം ബുദ്ധിമുട്ടുള്ള ആളാണോ വിമാനത്തില്‍ കയറി വിദേശത്ത് ജോലിക്കു പോകുന്നതെന്ന് കോടതി ചോദിച്ചു. അസുഖമുണ്ടെന്ന് പറഞ്ഞാണ് തച്ചങ്കരി ജാമ്യം നേടിയത്. കളവായ കാര്യം പറഞ്ഞാണ് ജാമ്യം നേടിയതെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസ് വിധി പറയാനായി ഹൈക്കോടതി മാറ്റി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന് തച്ചങ്കരിയെ നാലു വര്‍ഷം തടവിനാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ഇതിനുശേഷം ഒരുമാസത്തിന് ശേഷമാണ് തച്ചങ്കരിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവില്‍ ഇന്ത്യയ്ക്ക് പുറത്ത് പോകരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതില്‍ ഇളവ് തേടിയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ദുബായില്‍ ജോലിയുണ്ടെന്നും, പോയില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നുമാണ് തച്ചങ്കരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
