നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ വാഹനാപകടവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ വ്യക്തത വരുത്തി നടി മഞ്ജു പിള്ള. അപകടത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ ചില പരാമർശങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ഹെൽമറ്റ് ധരിക്കാതെ ഒരു വാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്തത് തെറ്റാണെന്നാണ് താൻ പറഞ്ഞതെന്നും, രാത്രി യാത്ര ചെയ്തതിനെ വിമർശിച്ചെന്ന രീതിയിൽ തന്റെ വാക്കുകൾ പ്രചരിപ്പിച്ചത് തെറ്റാണെന്നും മഞ്ജു വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് താൻ സംസാരിക്കുന്ന ഭാഗം മാത്രം മഞ്ജു പിള്ളയും ദയ സുജിത്തും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മൂന്ന് കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് വ്യക്തത ലഭിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും പരാമർശങ്ങൾ വളച്ചൊടിക്കരുതെന്നും മഞ്ജു കുറിച്ചു.
വീഡിയോയിൽ, രണ്ട് പെൺകുട്ടികൾ ഒരു മുസ്ലിം യുവാവിനൊപ്പം യാത്ര ചെയ്തതിനെ മതത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് മഞ്ജു പറയുന്നു. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ് ഇവരെന്നും, യാത്രയിൽ മതം ചർച്ചയാക്കുന്നതിന് പകരം സുരക്ഷാ കാര്യങ്ങളാണ് പരിശോധിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു വാഹനത്തിൽ മൂന്നുപേർ ഒരുമിച്ച് യാത്ര ചെയ്തതും ഹെൽമറ്റ് ധരിക്കാത്തതും ന്യായീകരിക്കാനാവില്ലെന്നാണ് മഞ്ജുവിന്റെ നിലപാട്. എന്നാൽ പെൺകുട്ടികൾ അന്യമതസ്ഥനായ യുവാവിനൊപ്പം യാത്ര ചെയ്തതെന്തിനെന്നോ രാത്രിയിൽ യാത്ര ചെയ്തതെന്തിനെന്നോ ചോദിക്കുന്നത് പ്രസക്തമല്ലെന്നും അവർ വ്യക്തമാക്കി.
ഹൈവേയിൽ മൂന്നുപേർ ഒരുമിച്ച് യാത്ര ചെയ്തതിന്റെ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്നും, രാത്രിയാത്രയോ മതപരമായ പശ്ചാത്തലമോ അതിന് പകരം ചർച്ചയാകരുതെന്നും മഞ്ജു വീഡിയോയിൽ പറയുന്നു.
രാത്രിയിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ ഒരു ബൈക്കിൽ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കാര്യമാണ് താൻ ഉന്നയിച്ചതെന്നും താരം വിശദീകരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാനിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും മഞ്ജു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
