ഇതുതാൻടാ... അണ്ണാ ഹസാരെ

MARCH 24, 2024, 3:58 PM

കണ്ടുകിട്ടിയേ...ഹോയ്...കിട്ടിപ്പോയേ..! ബാബുറാവു അണ്ണാ ഹസാരെ എന്ന വിപ്ലവത്തിന്റെ അവതാര പുങ്കവനെ. ടിയാൻ അല്പം ഉറക്കച്ചടവോടെയാണെങ്കിലും ആരോ പറഞ്ഞുകൊടുത്തത് ഏറ്റുപറയും പോലെയാണെങ്കിലും, പറഞ്ഞൊപ്പിച്ചതിങ്ങനെ: ആംആദ്മി അമ്പേ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ താല്പര്യങ്ങൾ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ തകർത്തിരിക്കുന്നു. കെജ്‌രിവാൾ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചിരിക്കുന്നു..!

ഈ അപ്പാവിയുടെ കൈകളിലാണല്ലോ ജനവിശ്വാസത്തിന്റെ അളവുകോൽ ഇരിക്കുന്നത് എന്നുപറയുന്നവരുമുണ്ട്. 21-ാം നൂറ്റാണ്ടിലെ ഗാന്ധി, ജനാധിപത്യത്തിന്റെ കാവൽ പിതാവ്, എന്തോക്കെ വിശേഷണമാണ്  ഈ പുരാണപുണ്യാത്മാവിനെക്കുറിച്ച് പറഞ്ഞും പാടിയും ആടിയും പ്രകീർത്തിച്ചുകൊണ്ടിരുന്നത്. എഴുത്തുകാരി സുധ മേനോൻ മണിപ്പൂരും ഹരിയാനയും വംശവെറിയുടെ പേരിൽ ആളിക്കത്തിയ കാലത്ത് പറഞ്ഞത് മറക്കാറായിട്ടില്ല. പുള്ളിക്കാരി  പറഞ്ഞതെന്താണന്നല്ലേ, പ്രിയപ്പെട്ട ബാപ്പൂജി, അണ്ണാഹസാരെ എന്ന കള്ളനാണയത്തെ അങ്ങയുടെ പേരിനോട് കൂട്ടിച്ചേർത്ത് പറഞ്ഞതിന് മാപ്പ് എന്ന്.

നമ്മുടെ രാജ്യത്ത് അഗ്‌നിപഥിനെതിരായ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ പല കോണുകളിൽനിന്നും ഉയരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ഒളിമ്പിക് മെഡൽ ജേതാവായ ബോക്‌സിങ് താരം വിജേന്ദർ സിങ്  'അണ്ണാ ഹസാരെ എവിടെയാണ്...?' ആ ചോദ്യം ഇന്നത്തെ എക്‌സിന്റെ പഴയരൂപമായ  ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഓർക്കുന്നില്ലെ, അതിനു പിന്നാലെ പതിനായിരക്കണക്കിനാളുകളാണ് അത് ലൈക് ചെയ്തത്. യുപിഎ ഭരണ കാലത്ത് പൊതുജന പ്രശ്‌നങ്ങളിലും സമരങ്ങളിലുമൊക്കെ  മുന്നിൽ വടിപിടിച്ചുനിന്ന അണ്ണാ ഹസാരെ ബി.ജെ.പി ഭരണ കാലത്ത് സമരരംഗത്തൊന്നും കണ്ടതേയില്ല.

vachakam
vachakam
vachakam

ഇതിനെ ട്രോളിയാണ് വിജേന്ദറിന്റെ ട്വീറ്റ്. അദ്ദേഹം ഗാഢനിദ്രയിലാണെന്നും കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ മാത്രമേ അദ്ദേഹം ഉണർന്നിരിക്കാറുള്ളൂവെന്നും പലരും പരിഹസിച്ചു.   ആ സത്യം മാലോകർ ഒരിക്കൽക്കൂടി മനസിലാക്കിയിരിക്കുന്നു. കെജ്രിവാളിനെ കുറ്റംപറയുന്ന വിദ്വാൻ ഇലക്്ടറൽ ബോണ്ടിനെക്കുറിച്ച് മിണ്ടുന്നേയില്ല. ബി.ജെ.പി അനുകൂല ഗവർണർമാരുടെ പക്ഷപാതങ്ങളോന്നും കാണുന്നതേയില്ല. 

ബാബുറാവു ഹസാരെയുടെയും ലക്ഷ്മി ബായിയുടെയും മൂത്ത മകനായി പിറന്ന ഈ വിദ്വാൻ റെയിൽവേ സ്റ്റേഷനിൽ പൂക്കൾ വിറ്റാണ് തുടക്കം.  ഒടുവിൽ നഗരത്തിൽ രണ്ട് പൂക്കട കക്ഷി സ്വന്തമാക്കി. പിന്നെ ആർമി ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയും പിന്നീട് സൈനികനായി പിരിയുകയും ചെയ്തു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലെ 'റാലിഗാൻസിദ്ദി ' എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചു.

2011ൽ അഴിമതി വിരുദ്ധ നിയമം നടപ്പിലാക്കാൻ കോൺഗ്രസ് സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഹസാരെ നിരാഹാര സമരം ആരംഭിച്ചു. പൊതു ഇടങ്ങളിലെ അഴിമതി. ഉപവാസ സമരം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കി. ഹസാരെയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ നിരാഹാരം അവസാനിപ്പിച്ചു. നിയമനിർമ്മാണത്തിന് സർക്കാർ പ്രതിനിധികളും പൗരസമൂഹ പ്രതിനിധികളും അടങ്ങുന്ന സംയുക്ത സമിതി രൂപീകരിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇതൊക്കെ ആ മനുഷ്യനെക്കൊണ്ട് ചെയ്യിപ്പിച്ച കരങ്ങളാണ് പിന്നീട് ഭരണചക്രം തിരിക്കുന്നതെന്നും കിവ്വദന്തികളുണ്ട്. ആണ്ണാഹസാരെയുടെ ഇപ്പോഴത്തെ ഉണർത്തുപാട്ട് കേൾക്കുമ്പോൾ ആർക്കെങ്കിലും അങ്ങിനെയൊരു സംശയം തോന്നിയാൽ..? തോന്നിയവരുടെ മടിക്കുത്തിൽ അതിരിക്കുകയേയുള്ളൂ.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam