ഇതുതാൻ ട്രംപ് മറിമായം

FEBRUARY 10, 2024, 11:10 AM

ഇതെന്തൊരു മറിമായം...! ഇടക്കാലത്ത് കുരുത്തക്കേടിന്റെയും കുന്നായ്മയുടേയും കുത്തകക്കച്ചവടക്കാരനായി നടന്നിരുന്നവനാണ് ഡൊണാൾഡ് ജോൺ ട്രംപ് എന്ന ഈ മനുഷ്യൻ.   അമേരിക്കയുടെ 45 -ാം പ്രസിഡന്റായിരുന്നപ്പോൾ കാട്ടിക്കൂട്ടിയ വിക്രിയകളുടെ പേരിൽ കോടതി കയറി മടുത്തവൻ...! അമേരിക്കൻ ചരിത്രത്തിൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ഏക മുൻ പ്രസിഡന്റ് എന്ന ബഹുമതിയും മുപ്പർക്കുണ്ട്. എന്നാൽ അന്ന് കണ്ണിലെ കരടായിരുന്നവൻ ഇരുട്ടിവെളുക്കുമ്പോഴേക്കും കണ്ണിലുണ്ണിയല്ല, ഉണ്ണിക്കുട്ടനായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ കൺകുളിർക്കെ കണ്ടുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ മുന്തിയ കച്ചവടക്കാരനും, ഒപ്പം രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനും ആയി വിലസിയവനാണ് റിപ്പബ്ലിക്കൻ പാർട്ടി വഴി അന്ന് തിരഞ്ഞെടുക്കപ്പെട്ടത്.  ടിയാൻ 538 അംഗ ഇലക്ടറൽ വോട്ടിൽ 306 എണ്ണം നേടി എതിർ സ്ഥാനാർത്ഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തുകയായിരുന്നു.    
ട്രംപിന് ഇന്ന് അറിയപ്പെടുന്ന ഏതൊരു സാമ്പത്തിക വിദഗ്ദ്ധരേപ്പോലും വെല്ലുന്ന 'കുബുദ്ധി' വൈഭവം വേണ്ടുവോളമുണ്ട്. അതെല്ലാം കക്ഷിയുടെ വ്യവസായ സാമ്രാജ്യത്തിലെ പുരോഗതികളിൽക്കൂടി കാണാൻ സാധിക്കും.

അപ്പന്റെ കുപ്പായക്കീശയിൽ നിന്നും ഒരു ലക്ഷം ഡോളർ കടമെന്ന വ്യാജേന അടിച്ചുമാറ്റിത്തുടങ്ങിയ   ബിസിനസാണ് പിന്നീട് ട്രംപിന്റെ വ്യാവസായിക സാമ്രാജ്യമായി വളർന്നത്. തിരഞ്ഞെടുപ്പു പ്രചരണങ്ങൾ കൂടുതലും സ്വന്തം ചെലവിലാണ് നടത്തിയിരുന്നത്. 

vachakam
vachakam
vachakam

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് 2022 സെപ്തംബറിൽ ട്രംപിനും അദ്ദേഹത്തിന്റെ ബിസിനസിനുമെതിരെ കേസെടുത്തു. ട്രംപ് ഓർഗനൈസേഷൻ അതിന്റെ ആസ്തികളുടെ മൂല്യത്തെക്കുറിച്ച് നുണ പറഞ്ഞ്, വർഷങ്ങളായി സാമ്പത്തിക തട്ടിപ്പുനടത്തിക്കൊണ്ടിരിക്കുന്നു എന്നിങ്ങനെ കുറ്റപത്രം നീണ്ടുവളഞ്ഞുപുളഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. ആ സമയത്ത് സത്യത്തിൽ, ട്രംപിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ന്യൂയോർക്ക് സിറ്റി റിയൽ എസ്റ്റേറ്റിൽ കെട്ടിക്കിടക്കുകയായിരുന്നെന്നാണ് ട്രംപ് പറയുന്നത്. പലിശ നിരക്ക് കുതിച്ചുയരുകയും ഷോപ്പർമാർ ഓൺലൈനിൽ പോകുകയും ഓഫീസ് ജീവനക്കാർ വീട്ടിലേക്ക് പോകുകയും ചെയ്തതിനാൽ സമീപ വർഷങ്ങളിൽ താൻ അനുഭവിച്ച ബുദ്ധിമുട്ട് ചില്ലറയൊന്നുമായിരുന്നില്ല എന്നാണ് ടിയാന്റെ വിലാപം. അതൊക്കെ അവിടെ നിൽക്കട്ടെ. താൻ ഭരിച്ചിരുന്നപ്പോൾ ചെയ്യാൻ കഴിയാതിരുന്ന ചില മർമ്മപ്രധാന കാര്യങ്ങൾ ചെയ്യാൻ തനിക്കുമാത്രമേ കഴിയു എന്ന് പറഞ്ഞുള്ള വെല്ലുവിളിയാണിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അമേരിക്കയുടെ വിദേശനയങ്ങളിൽ സമൂലമായ മാറ്റങ്ങൾക്കായും ട്രംപ് ആഗ്രഹിക്കുന്നു. വിദേശനയ രൂപീകരണങ്ങളിൽ രാജ്യത്തിന്റെ സുരക്ഷിതത്വവും താല്പര്യവുമായിരിക്കണം മുഖ്യമെന്നും അദ്ദേഹം പറയുന്നു. 1940കളിൽ നാസികളെയും ജപ്പാൻ സാമ്രാജ്യവാദികളെയും അമർച്ച ചെയ്ത് ലോകത്തെ രക്ഷിച്ചതിൽ അമേരിക്കയ്ക്കഭിമാനിക്കാം. കമ്യൂണിസത്തിന്റെ സർവ്വാധിപത്യം തകർത്ത് വീണ്ടും ലോകത്തെ രക്ഷിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ശീതസമരത്തിൽ അമേരിക്ക വിജയിച്ചു. ജർമ്മനിയിലെ മതിൽക്കെട്ടുകൾ ഇടിച്ചുതകർത്തത് മറ്റൊരു വിജയമായിരുന്നു. ഈ രാജ്യത്തിന്റെ യശസുയർത്തിയ നേട്ടങ്ങളെ ചരിത്രമൊരിക്കലും മറക്കില്ല. വിജയങ്ങൾ ഒരു പ്രകാശ വലയംപോലെ അമേരിക്കൻ മനസുകളെ അഭിമാനപുളകിതരാക്കുന്നു. ദൗർഭാഗ്യവശാൽ ശീതസമരത്തിനു ശേഷം അമേരിക്കയുടെ വിദേശനയം തെറ്റായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. യുക്തിരഹിതങ്ങളായ വിദേശനയങ്ങളാണ് പിന്നീടുള്ള ഭരണാധികാരികൾ സ്വീകരിച്ചത്. ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ ഈ മണ്ണിൽ വേരുറച്ചു. അതെല്ലാം അപ്പാടെ തുടച്ചുമാറ്റാമെന്നാണ് കക്ഷി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ ആകാത്ത മായാജാലമാണ്  മാന്ത്രികനായ ട്രംപ് കാണിച്ചുകൊണ്ടിരിക്കുന്നത്.

ജോഷി ജോർജ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam