താമരനാഥനും താമരക്കുളത്തിൽ?

FEBRUARY 12, 2024, 9:03 AM

താനൊരു അധികാരക്കൊതിയനല്ലെന്നും രാഷ്ട്രീയ സന്യാസം സ്വീകരിക്കേണ്ട സമയമാണിതെന്നും  പലവട്ടം പറഞ്ഞുനോക്കി മധ്യപ്രദേശിലെ കമൽനാഥ് എന്ന കോൺഗ്രസ് നേതാവ്. എന്നാൽ അദ്ദേഹം ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന അനുയായികളുണ്ടോ വിടുന്നു. മധ്യപ്രദേശിൽ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കം പിഴച്ചതോടെ കമൽനാഥ് ദേശീയ രാഷ്ട്രീയത്തിലേക്ക് ഏറുകണ്ണിട്ടു നോക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ചില കുശുമ്പന്മാർ സോണിയാമാഡത്തോടു നേരത്തെതന്നെ പറഞ്ഞിരുന്നതാണ്.

മോത്തിലാൽ വോറയ്ക്ക് ശേഷം പാർട്ടിയുടെ അടുത്ത ട്രഷറർ കമൽനാഥ് ആയിരിക്കുമെന്ന് ഏറാൻമൂളികൾ ഏറ്റുപാടി നടന്നപ്പോഴെങ്കിലും കോൺഗ്രസ് നേതൃത്വം അതറിഞ്ഞു പ്രവർത്തിക്കേണ്ടെ..? അതുപോരാഞ്ഞ് പവൻ ബൻസാലിന് ആ സ്ഥാനം കൊടുത്തത് കമൽനാഥ് എങ്ങിനെ സഹിക്കും. അതും പോട്ടെ, അഹമ്മദ് പട്ടേലിന്റെ മരണശേഷം, മറ്റ് പ്രതിപക്ഷ നേതാക്കളുമായി നല്ല ബന്ധം നിലനിർത്താൻ പാർട്ടിക്ക് പാർലമെന്റിൽ കമൽനാഥിനെ ആവശ്യമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും അനുയായികളെക്കൊണ്ട് പറയിപ്പിച്ചുനോക്കി ടിയാൻ..! ഒന്നും നടന്നില്ല.

അതോടെ പുള്ളിക്കാരന് മനസ്സിലായി തന്റെ ജന്മം ബി.ജെ.പിക്കുള്ളതാണെന്ന്. അതുകൊണ്ടല്ലെ, മാതാപിതാക്കൾ തനിക്ക് 'കമൽ' നാഥ് എന്നു പേരിട്ടതുപോലും..! അതുമനസിലാക്കാനുള്ള വിവരം തനിക്കില്ലാതായല്ലോ എന്നോർത്തപ്പോൾ തണ്ടൊടിഞ്ഞ താമരകണക്കെ തളർന്നിരുന്നുപോയി കക്ഷി. സഞ്ജയ്ഗാന്ധിയുടെ ക്ലാസ് മേറ്റ് എന്ന പേരിൽ കോൺഗ്രസിൽ കടന്നു കൂടിയവനാണ് കമൽനാഥ്. അതിനു പകരം കാക്കി നിക്കറിട്ട് ആർ.എസ്.എസ് കാര്യാലയത്തിൽ കയറിക്കൂടിയിരുന്നുവെങ്കിൽ താമരയുടെ നാഥനും  പ്രധാനമന്ത്രിയുമൊക്കെ ആയിപ്പോയേനെ.

vachakam
vachakam
vachakam

പിന്നെ ഒന്നും നോക്കിയില്ല കമൽനാഥിന്റെ വിശ്വസ്തനായ തൻഖയുമായി അടുപ്പമുള്ള ഏതാനും കോൺഗ്രസ് നേതാക്കളെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ കൊണ്ടുപോയി ചേർത്തു. 'രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കൊപ്പം നിൽക്കണമെന്ന് ആരെങ്കിലും വിചാരിച്ചാൽ അതിൽ എന്താണ് തെറ്റ്' എന്നൊരശരീരി എവിടെനിന്നോ ഉയർന്നു കേട്ടതോടെ കമൽനാഥിന് എന്തെന്നില്ലാത്തൊരു ധൈര്യം കൈവന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ തഴയപ്പെട്ട തനിക്കു പാർലമെന്റിലെത്താൻ അർഹതയുണ്ടെന്ന് അതുവരെ ഒളിഞ്ഞുനിന്നു പറഞ്ഞിരുന്ന കമൽ നേരെ പോയി സോണിയാ മാഡത്തിന്റെ മുന്നിൽ നീണ്ടുനിവർന്നുനിന്ന് പറഞ്ഞു.

തീർന്നില്ല, മുൻ മുഖ്യമന്ത്രിയായിരുന്ന താൻ കേവലമൊരു എം.എൽ.എ ആയി മാത്രം സംസ്ഥാനത്ത് തുടരാൻ അനുയായികൾ സമ്മതിക്കുന്നില്ലത്രെ..! അതുകൊണ്ട് തൽക്കാലം രാജ്യസഭാ സീറ്റ് കൊണ്ട് അടങ്ങിടിരുന്നോളാം എന്നും പറഞ്ഞു നോക്കി. നോ ഫലം..!
അതോടെ കമൽനാഥിനും മകനും ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി പിറകെ കൂടിയിരിക്കുകയാണ്. മാർച്ച്  മൂന്നിന് രാഹുലിന്റെ ഭാരത് ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോൾ കമൽനാഥിനെയും അനുയായികളെയും മറുകണ്ടം ചാടിക്കാനാണ് ബി.ജെ.പി നീക്കം. 1980 മുതൽ 2019 വരെ ഒമ്പത് തവണ ലോക സഭാംഗമായിരുന്നു കമൽനാഥ്. അതും ചിന്ദ്വാര എന്ന ഒറ്റ മണ്ഡലത്തിൽ നിന്ന്.

ആറു തവണ കേന്ദ്ര കാബിനറ്റ് മന്ത്രി, 2018 മുതൽ 2020 വരെ മധ്യപ്രദേശ് മുഖ്യമന്ത്രി. ഇങ്ങനെയൊക്കെ ഇത്രയും കാലം അധികാരക്കസേരയിൽ ഇരുന്നൊരു വന്ദ്യ വയോധികന് എങ്ങിനെ കേവലമൊരു എം.എൽ.എ ആയി അടങ്ങിയൊതുങ്ങിയിരിക്കാൻ കഴിയും. കോൺഗ്രസ് നേതൃത്വം ആലോചിക്കേണ്ട വിഷയമായിരുന്നു. എത്രയോ ചുറുചുറുക്കുള്ള ചെറുപ്പക്കാർക്ക് കിട്ടേണ്ട അവസരമാണ് ഇത്തരം കടൽകിഴവന്മാരാൽ നശിപ്പിച്ചുകളയുന്നത്.

vachakam
vachakam
vachakam

അത്തരക്കാർ വീണ്ടും കോൺഗ്രസിലുണ്ടാകും. ഇത്തരം ഇത്തിക്കണ്ണികൾ എല്ലാം ഊറ്റിയെടുത്തശേഷം മറുകണ്ടം ചാടും. അതാണ് അധികാര രാഷ്ട്രീയം എന്നു പറയുന്നത്. രണ്ട് ടേമിൽ കൂടുതൽ ഒരാൾക്കും ഒരു സ്ഥാനവും കൊടുക്കില്ലെന്നു തീരുമാനിക്കാൻ കോൺഗ്രസിലൊരു നേതാവിനി എന്നു വരും എന്ന് നോക്കിപ്പാർത്തിരിക്കുന്നൊരു കൂട്ടം ഇപ്പോഴും കോൺഗ്രസിലുണ്ട്. അതാണ് ആ പാർട്ടിയുടെ സുകൃതം.

ജോഷി ജോർജ്‌

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam