യെഡിയൂരപ്പനും ചില ചില്ലറ വിക്രിയകളും..!

MARCH 16, 2024, 12:11 PM

യാരടൈ ഈ യഡിയൂരപ്പൻ...? എട്ട് വട്ടം നിയമസഭായിലമർന്നിരുന്നവൻ. നാല് വട്ടം മുഖ്യമന്ത്രിക്കസേരയിലും മൂന്ന് വട്ടം നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഇരിപ്പടത്തിലും ഇരുന്നിരുന്നു തഴമ്പിച്ചവൻ. ഒരു വട്ടം വീതം ലോക്‌സഭയിലും നിയമസഭ കൗൺസിലിലും ചാരിക്കിടന്നും ചാഞ്ചാടി നടന്നും ഭരിച്ചുതിമിർത്തവൻ. അതേ, കർണാടകയിൽനിന്നുള്ള മുതിർന്നുകുതിർന്ന ബി.ജെ.പി നേതാവാണ് യഡിയൂരപ്പനെന്ന പുമാൻ നരനാരായണൻ.

ഇപ്പോഴെന്താ പ്രശ്‌നം..? ജനസേവനത്തിനുള്ള സൗകര്യം പഴയതുപോലെ ഇല്ലാത്തതുകൊണ്ടുള്ള  ദഃഖം. ആ ദുഃഖത്തിൽ ആലസ്യം പൂണ്ടു ചുരണ്ടുകൂടി കിടന്നുകൊണ്ട് ചിന്തിക്കുകയായിരുന്നു. കൃതയുഗത്തിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ  അംശങ്ങളിലൊന്നാണ് താൻ എന്നു യഡിയൂരപ്പൻ ഉറപ്പിച്ചു. അതിലങ്ങ് ഉറച്ചു വിശ്വസിക്കുന്നു. വിശ്വാസം... അതല്ലേ എല്ലാം..! 

ഒരിക്കലൊരു കേസിന്റെ പേരിൽ കോടതികയറിയപ്പോൾ ഇവിടെ സത്യം മാത്രമേ പറയാവൂ എന്നൊരുത്തൻ പറഞ്ഞതിന്റെ പിന്നാലെയാണ് വക്കീലിന്റെ ചോദ്യം വന്നത്:  താങ്കൾ പലവട്ടം മുഖ്യമന്ത്രി ആയിട്ടെന്തുചെയ്തു..?  

vachakam
vachakam
vachakam

അറിയാതെ സത്യം പറഞ്ഞുപോയി. 'എന്റെ സേവനമൊന്നും കൂടാതെ ജനങ്ങൾ കഴിഞ്ഞുകൊള്ളുമെന്നെനിക്കറിയാം. പിന്നെ മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നത് തീരെ മോശം കാര്യമാണ്. അതുകൊണ്ട് എന്റെ പ്രധാന പരിപാടി എന്റെ ഭാര്യയെ സേവിക്കുക. എന്നതായിരുന്നു. ഭാര്യ ഇപ്പോഴില്ലാത്തതിനാൽ   ബ്രദറേ, ഞാൻ എന്റെ കുടുംബത്തേയും എന്നേത്തന്നെയും സ്‌നേഹിച്ചു കഴിയുന്നു.' 

കാലം ഏറെ കഴിഞ്ഞെങ്കിലും ആ ചിന്താഗതി മാറ്റാനാകുന്നില്ല യഡിയൂരപ്പന്. അതുകൊണ്ടു തന്നെ മറ്റാരോടും ചോദിക്കാതെ മകൻ ബി.വൈ. രാഘവേന്ദ്രയെ ഇപ്പോൾ ശിവമോഗ മണ്ഡലത്തിൽ രണ്ടാം വട്ടവും എംപിയാക്കാൻ യഡിയൂരപ്പൻ തീരുമാനിച്ചു കഴിഞ്ഞിട്ട് നാളുകളേറെയായിരിക്കുന്നു.

എന്നാലതിനിടയ്‌ക്കൊരു ശകുനി ദുശകുനവുമായെത്തി. അതേ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കേന്ദ്രനേതൃത്വം ടിക്കറ്റ് നിഷേധിച്ചെന്നുപറഞ്ഞ് മൂത്തുമുരടിച്ച ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പൻ തുടലുകുലുക്കിവന്നാലൊന്നും യഡിയൂരപ്പൻ കുലുങ്ങുമോ..!

vachakam
vachakam
vachakam

ഈശ്വരപ്പന്റെ മകൻ കാന്തേഷിനു ഹാവേരി മണ്ഡലത്തിൽ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണത്രെ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കാൻ ഈശ്വരപ്പൻ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കുപ്പായവുമിട്ട് ശിവമോഗയിൽ മത്സരിക്കുവാൻ വരുന്നത്. യെഡിയൂരപ്പനെ നിരന്തരമായി വിമർശിക്കുന്ന മറ്റൊരു കാർക്കോടകനേതാവായ ബസനഗൗഡ പാട്ടീലിനേയും പാട്ടിലാക്കിയാണ് ഈശ്വരപ്പന്റെ ഒടുക്കത്തെയൊരു വരവ്..!

കൂനിന്റെ പുറത്ത് കൂനാംങ്കുരക്ക് എന്നു പറഞ്ഞതുപോലെയായി കാര്യങ്ങൾ.  യഡിയൂരപ്പനെ പോക്‌സോ കേസിൽ പെടുത്തിയിരിക്കുന്നു. സംഗതി രാഷ്ടീയ പ്രേരിതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ..? 

ഏതോ ഒരു ദുർബല നിമിഷത്തിൽ മനുഷ്യരെ സഹായിക്കാൻ പുറപ്പെട്ട നരനാരായണനായി നടിച്ച യഡിയൂരപ്പന്റെ ദൃഷ്ടിയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരമ്മയും മധുരപ്പതിനേഴുകാരി മകളും നിൽക്കുന്നു. അതു കണ്ടപ്പോൾ പിന്നൊന്നും നോക്കിയില്ല... 

vachakam
vachakam

'എന്റെ തങ്കക്കുടമേ വാ..വാാ..!' എന്നു പറഞ്ഞുകൊണ്ട് സ്‌നേഹിച്ചാശ്ലേഷിച്ചാലിംഗനം ചെയ്തുകൊണ്ട് തന്റെ അരമനയിലേക്ക് ആ മാലാഖക്കൊച്ചിനെ കൊണ്ടുപോയി.  അതുമാത്രമേ യഡിയൂരപ്പന് ഓർമ്മയുള്ളു. 

തള്ളയുടേയും മകളുടേയും കഷ്ടപ്പാടുകണ്ട് മനസലിഞ്ഞ യഡിയൂരപ്പൻ ആയിരക്കണക്കിന് രുപ തള്ളയുടെ ഉള്ളംകൈയിൽവച്ചുകൊടുക്കുകയും ചെയ്തു.  അതുകഴിഞ്ഞപ്പോഴാണറിയുന്നത് ആ തള്ളയ്ക്കും മോൾക്കും വട്ടാണെന്ന്. 

എന്തായാലും കേസ് മുന്തിയ ഇനം പോക്‌സോ വകുപ്പ് ചുമത്തിത്തന്നെയാണ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്.  സംഗതി പോക്‌സോ ആയതിനാൽ യെഡിയൂരപ്പന് ഏതുനിമിഷവും അറസ്റ്റ് എന്ന വള്ളിക്കെട്ട്  പ്രതീക്ഷിക്കാം. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കർണാടകയിൽ പ്രചാരണപ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത് യെഡ്യൂരപ്പനാണ്. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതോടെ അത്  മോഡിയുടെ ഗ്യാരണ്ടിയുള്ള ബി.ജെ.പിയുടെ തലവേദനയാണെന്നാണ് യെഡ്യൂരപ്പന്റെ പക്ഷം. എന്തായാലും താമരപ്പാർട്ടി  പ്രതിരോധത്തിലായെന്നൊക്കെ പരദൂഷണക്കമ്മിറ്റിക്കാർ എട്ടുദിക്ക് പൊട്ടുമാറ് ഉച്ചത്തിൽ കോറസ്സ് പാടാൻ തുടങ്ങിയിട്ടുണ്ട്.

ജോഷി ജോർജ്‌


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam