തമിഴകത്തിന്റെ തലൈവരാകാൻ ദളപതി

FEBRUARY 3, 2024, 10:12 AM

കേട്ടില്ലേ, തമിഴകത്തേ ഇന്നേറ്റവും വിലയുള്ള താരം വിജയ് എന്ന ദളപതി പൂർണമായും സിനിമാഭിനയം നിർത്തുന്നു. എന്നിട്ടോ അതിലും വലിയ അഭിനയക്കാരുടെ മേച്ചിൽപ്പുറമായ രാഷ്ട്രീയത്തിൽ സജീവമാകുന്നത്രെ..! കാർത്തിക് സുബ്ബരാജുമായി വിജയ് ഒരുമിക്കുമെന്ന് കരുതപ്പെടുന്ന 'ദളപതി 69' ആയിരിക്കും? ടിയാന്റെ അവസാന ചിത്രം.  പല പ്രത്യേകതയുമുണ്ട് ഈ 69ന്. മറിച്ചിട്ടാലം അത് 69 ആയി നിലനിൽക്കും. ആരൊക്കെ തന്നെ മറിച്ചിട്ടാലും താൻ അതേ ഉശിരിൽ നിലനിൽക്കും എന്നൊരു സൂചനകൂടി ഈ 69നുണ്ട്.

തമിഴകത്ത് എംജിആറിനും ജയലളിതയ്ക്കുമല്ലാതെ മറ്റൊരു താരത്തിനും വഴങ്ങിക്കൊടുക്കാത്ത തമിഴ്മക്കളെ ദളപതി എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് മോദി മുതൽ സ്റ്റാലിൻ വരെ ഉറ്റുനോക്കുകയാണ്. ജയലളിത പോലും എംജിആറിന്റെ തണലിലാണ് പന്തലിച്ചത്. മലർപ്പൊടിക്കാരന്റെ സ്വപ്‌നം പോലെ ആയിപ്പോയി ഡി.എം.ഡി.കെ രൂപീകരിച്ച വിജയകാന്ത്. പാർട്ടിപോലും ഉണ്ടാക്കാനാകാതെ ആശയെ ഉള്ളിലൊതുക്കി വിതുമ്പിയിരുന്നു പോയി പാവം രജനികാന്ത്. കമൽഹാസൻ പിടിവിടാതെ നീതിമയ്യവുമായി ഇരുളിലൂടെ ടോർച്ചടിച്ച് നടപ്പാണ്.

ഡി.എം.കെയിൽ നിന്നും കോൺഗ്രസിലേക്ക് കാലുമാറിയ കുസ്ബു അവിടേയും ക്ലച്ചുപിടിക്കാതെ ബി.ജെ.പിയിലേക്ക് മലക്കം മറിഞ്ഞെങ്കിലും ജനം പിന്തുണച്ചില്ല ഉദയനിതി സ്റ്റാലിൻ പോലും അച്ഛന്റെ തണലിലാണ് പിച്ചവെയ്ക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് 'തമിഴക വെട്രി കഴകം' എന്ന സ്വന്തം പാർട്ടിയുണ്ടാക്കി പോർവിളിക്കിറങ്ങിയിരിക്കുന്നത്. 2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ പിടിച്ചടക്കലാണ് ലക്ഷ്യം. അതിനായി ഇപ്പോഴെ അരയും തലയും അണിവിരലും ഒരുപോലെ മുറുക്കി മുന്നേറാനാണ് പ്ലാനും പദ്ധതിയും. ഏപ്രിലിൽ പാർട്ടി ആദ്യ സമ്മേളനം നടക്കുമെന്നും പറഞ്ഞിരിക്കുന്നു.

vachakam
vachakam
vachakam

അത് ഏപ്രിൽ ഒന്നിന് ആയിരിക്കില്ലെന്നു കരുതാം. ഒരു കോടി അംഗങ്ങളെയാണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. അതിനു ശേഷം വരുന്ന ഒറ്റയൊരുത്തനേയും പാർട്ടികകത്ത് പ്രവേശിപ്പിക്കില്ല. വിജയിയുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം രക്തദാനം, ഭക്ഷണ വിതരണം തുടങ്ങി നിരവധി ചിന്ന ചിന്ന ചെപ്പടിവിദ്യകൾ കൊണ്ട് ആളുകളെ ഇതിനകം ആകർഷിച്ചിരുന്നുവെന്നത് സത്യമാണ്. തീർന്നില്ല, തമിഴ്‌നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിക്കുന്ന ചടങ്ങ് മക്കൾ ഇയക്കം സംഘടിപ്പിച്ചത് വെറുതെയാണെന്നാണൊ കരുതിയത്.

പാർട്ടിയുടെ അടിത്തറ എല്ലാ മണ്ഡലങ്ങളിലും നാട്ടാനുള്ള ചെപ്പടിവിദ്യയുടെ ആദ്യ പടി മാത്രമാണിത്. ഇനിയല്ലേ, കമ്പനിയുടെ അല്ല, പാർട്ടിയുടെ കളി കാണാനിരിക്കുന്നത്.
അന്ന് അവിടെ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വിജയ് നേരിട്ട് പൊന്നാട അണിയിച്ച് കിടത്തി ക്യാഷ് അവാർഡ് കയ്യിൽ തിരുകിവച്ചു. ഒപ്പം അച്ഛനമ്മമാരോട് മറ്റുള്ളവരിൽ നിന്നും കാശ് വാങ്ങി ഇനി വോട്ട് ചെയ്യരുതെന്ന് പറയണമെന്ന് കൂടി കുട്ടികളോട് വിജയ് പറഞ്ഞിരുന്നു. പെരിയാറിനെയും അംബേദ്കറെയും കാമരാജരെയും കുറിച്ച് കൂടുതൽ പഠിക്കണമെന്നും അതിനു ശേഷം ചിന്ന ദളപതിയെ പെരിയ ദളപതിയാക്കാൻ നിങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്നും പറയാതെ പറയാനും വിജയ് സമയം കണ്ടെത്തിയിരുന്നു.

ഇതിന് പുറമേ, സൗജന്യ നിയമസഹായ കേന്ദ്രം, ഗർഭിണികൾക്ക് സൗജന്യ യാത്രസൗകര്യം, വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള ദുരിതാശ്വാസ സഹായം തുടങ്ങിയ നിരവധി പദ്ധതികളിലൂടെ വോട്ടിനായുള്ള തന്ത്രങ്ങളും മുറപോലെ ഒരുക്കുന്നുമുണ്ട്.
അതെന്തായാലും ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ദളപദിയ്ക്ക് തമിഴകം വീശിപ്പിടിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

vachakam
vachakam
vachakam

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam