പ്രതാപമേറിയ പ്രതാപൻ

MARCH 13, 2024, 9:07 AM

തൃശ്ശൂരിലെ സിറ്റിംഗ് എംപിയായ ടി.എൻ. പ്രതാപൻ വീണ്ടും പാർലമെന്റിലേക്ക് മത്സരിക്കാൻ കച്ച മുറുക്കി കൊണ്ടിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. അതിനായി ആയിരക്കണക്കിന് പോസ്റ്ററുകൾ ശിവകാശിയിൽ നിന്ന് അച്ചടിപ്പിച്ചു കൊണ്ടുവന്ന് ഒട്ടിച്ചു തുടങ്ങിയതായിരുന്നു. 166 സ്ഥലങ്ങളിലാണ് പ്രതാപനുവേണ്ടി കോൺഗ്രസ് പ്രവർത്തകർ ചുവരിൽ എഴുതിയത്.

പൊടുന്നനെയാണ് ഒരു പ്രത്യേക സാഹചര്യത്തിൽ കെ. മുരളീധരന്റെ രംഗപ്രവേശം. തികച്ചും വിനീത വിധേയനായി പ്രതാപൻ  ഒട്ടേറെ പ്രതാപത്തോടുകൂടി തന്നെ കെ. മുരളീധരന്റെ വിജയത്തിന് ചുക്കാൻ പിടിക്കാൻ തെല്ലും പരിഭവമില്ലാതെ ഡ്രൈവിംഗ് സീറ്റിൽ ചാടിക്കയറി. എന്നിട്ട് ഉറക്കെ പ്രഖ്യാപിച്ചു തന്റെ ജീവാത്മാവും പരമാത്മാവും കോൺഗ്രസാണ്. സന്ദർഭത്തിന് അനുസരിച്ച് എടുക്കുന്ന ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തിൽ പ്രധാനം. തൃശൂരിൽ ഓപ്പറേഷൻ താമര വന്നാലും അതിജീവിക്കാനുള്ള ശക്തി കോൺഗ്രസിനുണ്ട്.

ഇത് വെറുതെ പറയുകയല്ല, പ്രവർത്തിയിലൂടെ കാണിക്കാനാണ് മുരളിക്ക് ആവുന്നത്ര മുത്തം കൊടുത്ത് പ്രചാരണത്തിന് തുടക്കമിട്ടത്.  ഭാര്യ യു.കെ. രമയും മക്കൾ ആക്ഷിക്കും ആൻസിയും മുരളിയെ വിജയിപ്പിക്കാൻ പിന്നാലെ തന്നെയുണ്ട് കെട്ടോ..! സ്വന്തം തിരഞ്ഞെടുപ്പിന് വിയർപ്പൊഴുക്കിയതിനേക്കാൾ കൂടുതൽ ടിയാൻ വിയർപ്പൊഴുക്കാൻ തുടങ്ങിയ വിവരം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഗെയുടെ ചെവിയിലുമെത്തി. പിന്നെ മടിച്ചില്ല ഇഷ്ടൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റിന്റെ കിരീടം പ്രതാപന് വച്ചുകൊടുത്ത് പ്രതാപനെ ഉഗ്രപ്രതാപിയാക്കി. ഒപ്പം പ്രസിഡന്റിന്റെ ചുമതല എം.എം. ഹസ്സനും കൊടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

ആവേശം വരുമ്പോൾ തൊണ്ടയിടറിപ്പോകുന്നതിനാൽ ഇരുവരും പറയുന്നതെന്തെന്നറിയാൻ മറ്റൊരാളെക്കൂടി തലപ്പത്തു വയ്ക്കുന്നത് നന്നായിരിക്കും.സംഗതി എന്തായാലും കൊടുത്താൽ കൊല്ലത്ത് മാത്രമല്ല തൃശ്ശൂരിലും തിരുവനന്തപുരത്തും കിട്ടും എന്നുറപ്പായി. ഇതൊക്കെ കരുണാകരന്റെ മകൾ പത്മജ ഇത്രയും കാലമായിട്ടും കണ്ടുപഠിക്കാത്തതാണ് കഷ്ടം. 2019 ൽ സുരേഷ് ഗോപി താരപ്രഭയോടെ കളം നിറഞ്ഞാടിയിട്ടും തൃശൂരിനെ എടുക്കാൻ പോയിട്ട് അമർത്തിയൊന്നു തൊടാൻ പോലും കഴിഞ്ഞില്ലെന്നതാണ് പച്ചപ്പരമാർത്ഥം. മാത്രമല്ല,   മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (93633) വോട്ടുകളാണ് പ്രതാപൻ കരഗതമാക്കിയത്.

നാലുവട്ടം എം.എൽ.എ ആയ പ്രതാപന്റെ വ്യക്തി ബന്ധവും മാതൃബന്ധവും ആ ഭൂരിപക്ഷത്തിന്റെ പിന്നിൽ ഉണ്ടെന്നു കൂട്ടിക്കോ..! കെ.എസ്.യു ജില്ലാ പ്രസിഡന്റായി ആണ് പ്രതാപന്റെ തുടക്കം. പിന്നെ യൂത്ത് കോൺഗ്രസിൽ കയറിപ്പറ്റി. അക്കാലത്ത് അലറിവിളിച്ച മുദ്യവാക്യത്തിന്റെ അലയൊലി നാട്ടികയിലും മറ്റും ഇപ്പോഴും മുഴങ്ങിക്കേൾക്കാമെങ്കിലും പ്രതാപന്റെ ശബ്ദത്തിന് വലിയ ഇടർച്ചയുണ്ടായി. അതിപ്പോഴും കൂടെയുണ്ട്. കോഴിക്കോട് സർവ്വകലാശാല സെനറ്റ് അംഗം, കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം... ഇങ്ങനെ എത്രയെത്ര പദവികൾ പ്രതാപന്റെ മാറ്റുകൂട്ടാൻ കൂടെയുണ്ടെന്നു കൂടി മാലോകർ അറിയണം.

പ്രതാപന് അമ്മമാരെ ജീവനാണ്. ഒരമ്മയുടെയും കണ്ണു നിറയുന്നത് പ്രതാപൻ ഇഷ്ടമല്ല. അതുകൊണ്ടുതന്നെയാണ് നാട്ടിക സ്‌നേഹതീരം ബീച്ചിൽ അമ്മ കിളിക്കൂട് എന്ന പരിപാടി അദ്ദേഹം നടത്തിയത്. പ്രതാപന്റെ അമ്മയുൾപ്പെടെ 1001 അമ്മമാരെ വന്ദിച്ചാദരിച്ചു.അമ്മയെക്കുറിച്ച് എഴുതിയവരും വരച്ചവരും വായിച്ചവരുമൊക്കെ എത്രയോ ഉണ്ട്. എന്നാൽ സ്വന്തം അമ്മയുടെ മുഖത്തു നോക്കിയിരുന്നു അമ്മയെക്കുറിച്ച് കവിതയെഴുതിയാലപിച്ചതും അതിനു സംഗീതം നൽകിയതും സാക്ഷാൽ ഉമ്പായിയായിരുന്നു. ആ ഗസൽ ആണ് പ്രതാപന്റെയും ഉറ്റ ചങ്ങാതിമാരുടേയും മൊബൈയിലിലെ റിങ്‌ടോൺ.

vachakam
vachakam
vachakam

എഴുതാനും വായിക്കാനും അറിയാത്ത കൂലിപ്പണി ചെയ്തത് ജീവിച്ച തന്റെ അമ്മയെക്കുറിച്ച് മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ പ്രതാപന്റെ പ്രതാപം ഇരട്ടിക്കും. ഇന്ന് ഇതൊക്കെ കാണാൻ ആ അമ്മ ഇല്ലെങ്കിലും സുഗതകുമാരി ടീച്ചർ ജീവിച്ചിരുന്ന കാലത്ത് എപ്പോൾ കണ്ടാലും പ്രതാപാ  സുഖമാണോ എന്ന് ചോദിക്കും മുമ്പ് അമ്മയ്ക്ക് എങ്ങനെയുണ്ട് എന്നാണ് ചോദിച്ചിരുന്നത്. അമ്മമാരെ സ്‌നേഹിക്കുന്ന പ്രതാപനെ സ്‌നേഹിക്കുന്നവരെല്ലാം ആ സ്‌നേഹത്തിൽ പാതി മുരളീധരന് നൽകണമെന്ന അഭ്യർത്ഥനയും പ്രാർത്ഥനയും മാത്രമാണിപ്പോൾ മൂപ്പർക്കുള്ളൂ.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam